ബജ്രംഗ് ദൾ പ്രവർത്തകരുടെ ആയുധപരിശീലനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

ഹനുമാന്‍നഗറില്‍ ആയുധപരിശീലനം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും പോലീസിന്റെ യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല. പ്രദേശത്ത് നടക്കുന്ന ആയുധപരിശീലനത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് അഷ്‌റഫ് പറയുന്നു.

ബജ്രംഗ് ദൾ പ്രവർത്തകരുടെ ആയുധപരിശീലനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

രാജസ്ഥാനിലെ ഹനുമാന്‍നഗറില്‍ ബംജ്‌രംഗ്ദള്‍ ആയുധപരിശീലന ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. ദ സ്‌റ്റേറ്റ്‌സ്മാനിലെ ആസാദ് അഷ്‌റഫ്, അനുപം പാണ്ഡെ, വിജയ് പാണ്ഡെ എന്നീ മാധ്യമ പ്രവർത്തകരെയായാണ് രാജസ്ഥാന്‍ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.

ഹനുമാന്‍നഗറില്‍ ആയുധപരിശീലനം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും പോലീസിന്റെ യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല. പ്രദേശത്ത് നടക്കുന്ന ആയുധപരിശീലനത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആസാദ് അഷ്‌റഫ് പറയുന്നു.

അഷ്‌റഫ് പറയുന്നതിങ്ങനെ:

ബംജ്രംഗ്ദള്‍ ആയുധപരിശീലനം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ താത്പര്യമുള്ളകാര്യം പ്രവര്‍ത്തകരിലൊരാളെ അറിയിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനായെത്തിയത്. പേരു വിവരങ്ങള്‍ ഇവർ വെളിപ്പെടുത്തിയിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിച്ചു. ഹോട്ടലിലെത്തിയ നേതാക്കള്‍ ഇവരുമായി സംസാരിച്ചു. ഐഎസ്‌ഐഎസിനെതിരെയും തീവ്രവാദികള്‍ക്കെതിരെയും പോരാടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബംജ്രംഗ്ദള്‍ നേതാക്കള്‍ അറിയിച്ചതായും അഷ്‌റഫ് പറയുന്നു.

ആര്‍എസ്എസുമായി ബന്ധമുള്ള സ്‌കൂളുകളിലാണ് സാധാരണയായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാറ്. സ്‌കൂളധികൃതരുമായി ധാരണയിലെത്തിയതിനു ശേഷമാണ് ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക. അവിടെവെച്ചാണ് സംഘടനയിലേക്ക് പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുക. പാക്കിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതായി ബംജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയതായും അഷ്‌റഫ് പറയുന്നു.

തങ്ങള്‍ ഗോസംരക്ഷകരാണെന്നും തങ്ങള്‍ ഗോസുരക്ഷയ്ക്കുള്ള നടപടികളൊരുക്കിയതായും ബംജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരോട് വെളിപ്പെടുത്തി. ഗോസുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ തങ്ങളൊറ്റയ്ക്കാണ് നടപടികളെടുക്കുന്നതെന്നും പോലീസിനെ ഇക്കാര്യത്തില്‍ ഇടപെടുത്താറില്ലെന്നും ബംജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരോടുപറഞ്ഞു. ഗോ ആശ്രമത്തില്‍ സംരക്ഷിക്കുന്ന പശുക്കള്‍ക്ക് ദിവസം അന്‍പതു രൂപ സംബ്‌സീഡി ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ഹനുമാന്‍ നഗറില്‍ തോക്കുകളേന്തിയ പെണ്‍കുട്ടികളെയും കാവിവസ്ത്രം ധരിച്ച് വാളുകളേന്തിയ യുവാക്കളെയും തനിക്ക് കാണാന്‍ കഴിഞ്ഞതായി അഷ്‌റഫ് വ്യക്തമാക്കി.

ഈ സമയം അവിടെയെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ബല്‍ജീത്ത് ഫോണില്‍ ബംജ്രംഗ്ദള്‍ പ്രവർത്തകന് എന്തോ വിവരം കാണിച്ചു. തുടര്‍ന്ന് പ്രശ്നമുണ്ടായി. പ്രശ്‌നം വഷളാകുന്നുവെന്നു മനസിലാക്കിയ താന്‍ കാറിലേയ്ക്ക് കയറിയിരിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കൂടെയുണ്ടായിരുന്നവരെ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് സ്ഥലത്തെത്തിയ പോലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയെതുടര്‍ന്നാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറഞ്ഞതെന്ന് അഷ്‌റഫ് പറഞ്ഞു. മൂന്നു കാറുകളിലായി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്ന വഴി അഷ്‌റഫ് പോലീസിനോട് താനാരാണെന്നു വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയതായി 'ദ വയര്‍'റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വഹിന്ദു പരിഷതിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ആയുധപരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരാണ് പോലീസ് കസ്റ്റഡിയിലായത്. 2016ല്‍ അയോധ്യയിലാണ് ബജ്രംഗ്ദളിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ആയുധപരിശീലന ക്യമ്പ് ആരംഭിച്ചത്. വിവിധ കമ്മ്യുണിറ്റികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിന്റെ പേരില്‍ ആയുധപരിശീലനം നല്‍കിയവര്‍ക്കെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നു.