ജെഎന്‍യു ഹോസ്റ്റലുകളിലേക്കുള്ള കരട് നിയമാവലി പ്രസിദ്ധീകരിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വ്വകലാശാലയായ ജെഎന്‍യു ഗവേഷണവിദ്യാര്‍ഥികളുടെ ക്യാമ്പസാണ്. രാപകലുള്ള പ്രവര്‍ത്തനശൈലിയാണ് ഇവിടെ പരിചിതം

ജെഎന്‍യു ഹോസ്റ്റലുകളിലേക്കുള്ള കരട് നിയമാവലി പ്രസിദ്ധീകരിച്ചു

ഹോസ്റ്റല്‍ അന്തേവാസികള്‍ക്കായി ജെഎന്‍യു പുതുക്കിയ കരട് നിയമാവലി പ്രസിദ്ധീകരിച്ചു.

രാത്രി 11.30 നു മുമ്പായി വിദ്യാര്‍ഥികള്‍ അവരവരുടെ ഹോസ്റ്റലുകളില്‍ പ്രവേശിക്കണം. ലൈബറ്രി ഉപയോഗിക്കുന്നവർ ലൈബ്രറി അടച്ചു കഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ഹോസ്റ്റലിൽ എത്തണം. പുലർച്ചെ 12 വരെയായിരിക്കും ലൈബ്രറി പ്രവർത്തിക്കുക. രാത്രി 10.30 ന് ശേഷം ഹോസ്റ്റലിൽ എതിർലിംഗക്കാരായ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല തുടങ്ങിയ നിയമങ്ങളാണ് പുതിയ പട്ടികയിലുള്ളത്. നിയമങ്ങള്‍ പാലിക്കാത്തവരെ കോളേജില്‍ നിന്നും പുറത്താക്കൽ, ഫെല്ലോഷിപ്പ് / ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികളും പുതുക്കിയ നിയമാവലിയില്‍ പറയുന്നു.

വൈസ് ചാന്‍സലര്‍ നിയോഗിച്ച സമിതിയാണ് കരട് നിയമാവലി തയ്യാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18 വരെ ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് അഭിപ്രായം അറിയിക്കാം. എന്നാല്‍ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കരട് നിയമാവലി എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടയിടാനും അവരെ നിരീക്ഷണത്തില്‍ നിര്‍ത്താനുമുള്ള കോളേജ് അധികാരികളുടെ തന്ത്രമായിട്ടാണ് ഇവര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്.

"ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സര്‍വ്വകലാശാലയാണ് ജെഎന്‍യു. ഇതൊരു സ്കൂള്‍ ക്യാമ്പസ് അല്ല, ഗവേഷണവിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. അതിനാൽ, രാപകലുള്ള പ്രവര്‍ത്തനശൈലിയാണ് ഇതുവരെ ക്യാമ്പസില്‍ ഉണ്ടായിരുന്നത്. ഹോസ്റ്റൽ നിയമങ്ങൾ അതനുസരിച്ചാണ് ക്രമീകരിക്കേണ്ടത്"

എന്ന് ഗവേഷണവിദ്യാര്‍ഥിയായ സായി ബാലാജി മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടാതെ, കുറച്ച് വർഷങ്ങളായി ഭരണകൂടം ജെഎൻയുവിന്റെ സ്വഭാവം മാറ്റാൻ ശ്രമിക്കുകയാണ്. കരട് നിയമാവലി ഈ പ്രവണതയ്ക്ക് ഊര്‍ജ്ജം പകരും. കര്‍ഫ്യൂവിന് സമാനമായ സ്ഥിതി ക്യാമ്പസില്‍ നടപ്പിലാക്കാനാണ് ഈ ശ്രമം. സർവകലാശാലയിലെ അന്തരീക്ഷം നിയന്ത്രിതമാക്കുന്നതിനുപകരം അധികൃതർ കൂടുതൽ സ്വാതന്ത്ര്യം നൽകണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ, നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കലും പരിഹാരമാകില്ല

എന്നും സായി ബാലാജി പറയുന്നു.

നിയന്ത്രണങ്ങളും കടുത്ത ശിക്ഷാനടപടികളുമുള്ള കരട് നിയമാവലി ഇതൊനോടകം തന്നെ ജെഎന്‍യുവില്‍ കടുത്ത അസ്വസ്ഥത ഉയര്‍ത്തിയിട്ടുണ്ട്.

Read More >>