അംബേദ്കറുടെയും പെരിയാറുടെയും ലെനിന്റെയും ഇന്ത്യയാണ് വേണ്ടത്; സംഘപരിവാറിനെതിരെ എല്ലാവരും ഒന്നിക്കാൻ ജി​ഗ്നേഷ് മേവാനിയുടെ ആഹ്വാനം

''തൃപുരയിൽ ബിജെപി പ്രവർത്തകർ ലെനിന്റെ പ്രതിമ തകർത്തു എന്നറിഞ്ഞപ്പോൾ ഭയം തോന്നി. ആശയാടിത്തറയില്ലാത്ത ഒരു സംഘടനയും ശിക്ഷാഭയമില്ലാത്ത അതിന്റെ പ്രവർത്തകരും അഴിച്ചു വിടുന്നത് ഭീകരമായ അക്രമമാണ്''.

അംബേദ്കറുടെയും പെരിയാറുടെയും ലെനിന്റെയും ഇന്ത്യയാണ് വേണ്ടത്; സംഘപരിവാറിനെതിരെ എല്ലാവരും ഒന്നിക്കാൻ ജി​ഗ്നേഷ് മേവാനിയുടെ ആഹ്വാനം

തൃപുരയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ സംഘപരിവാർ പ്രവർത്തകർ ലോക കമ്യൂണിസ്റ്റ് നേതാവ് വി ഐ ലെനിന്റെ പ്രതിമ തല്ലിത്തകർത്തതും പിന്നാലെ തമിഴ്നാട്ടിൽ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ആചാര്യനായ പെരിയാർ രാമസ്വാമി നായ്ക്കരുടെയും ഉത്തർപ്രദേശിൽ ബി ആർ അംബേദ്കറുടെയും പ്രതിമകൾ തകർക്കുന്നതിനെതിരെ ​ഗുജറാത്ത് എംഎംൽഎയും ദളിത് സമരനായകനുമായി ജി​ഗ്നേഷ് മേവാനി. ''തൃപുരയിൽ ബിജെപി പ്രവർത്തകർ ലെനിന്റെ പ്രതിമ തകർത്തു എന്നറിഞ്ഞപ്പോൾ ഭയം തോന്നി. ആശയാടിത്തറയില്ലാത്ത ഒരു സംഘടനയും ശിക്ഷാഭയമില്ലാത്ത അതിന്റെ പ്രവർത്തകരും അഴിച്ചു വിടുന്നത് ഭീകരമായ അക്രമമാണ്''. ജി​ഗ്നേഷ് പ്രസ്താവനയിൽ പറഞ്ഞു. തമിഴ്നാട്ടിൽ പ്രതിമ തകർക്കൽ ഇതിന് മുൻപും പലവട്ടം നടന്നിട്ടുണ്ടെന്ന് പെരിയാർ പ്രതിമ ബിജപി നേതാക്കളുടെ ആഹ്വാന പ്രകാരം തകർത്ത സംഭവത്തെ ഉദ്ദേശിച്ച് ജി​ഗ്നേഷ് പറഞ്ഞു. ''അംബേദ്കറുടെ പ്രതിമ സവർണ ​ഹിന്ദുക്കൾ തകർക്കുന്നത് തമിഴ്നാട്ടിൽ പതിവാണ്. രാഷ്ട്രീയാധികാരത്തിലും പൗരാവകാശങ്ങൾക്കുമേലും ഉണ്ടായ ദളിത് സ്വത്വപ്രഖ്യാപനത്തെ ഹിന്ദുത്വ ശക്തികൾ ഭയപ്പെടുന്നു. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾക്ക് പുതുമയുണ്ട്. ഒരു മനുഷ്യന്റെ ആശയങ്ങളോടുള്ള വെറുപ്പിലും വിദ്വേഷത്തിലും അടിയുറച്ചതാണത്.. വർ​ഗീയതയും ജാതീയതയും ഇണചേർന്നുണ്ടായ ഹിന്ദു-ഹിന്ദി ഭാരത രാഷ്ട്രമെന്ന സംഘപരിവാറിന്റെ അടിസ്ഥാന ആശയത്തെ വെല്ലുവിളിക്കുന്ന ആശയങ്ങളോടുള്ളത്'' ജി​ഗ്നേഷ് മേവാനി പറയുന്നു. ''പെരിയാറെ സംഘപരിവാർ ഭയക്കുന്നതിൽ ഒരു അത്ഭുതവുമില്ല. കാരണം അദ്ദേഹത്തെ അവർക്ക് വരുതിയിലാക്കാനോ കീഴടക്കാനോ കഴിയില്ല. ഇത്തരം പ്രാകൃതമായി രീതികളിലൂടെ അവർ അവരുടെ അമർഷം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ സംഘപരിവാർ മറക്കുന്ന ഒരു കാര്യമുണ്ട്, മതത്തിനും ജാതീയതയ്ക്കുമെതിരായ രൂക്ഷ വിമർശനങ്ങളുയർത്തിയ പെരിയാറിന് തമിഴ് ജനതയുടെ മനസിൽ പ്രത്യേകമായ ഒരു സ്ഥാനമുണ്ടെന്നത്. തമിഴർ ഒരു പക്ഷേ അദ്ദേഹത്തെ വിമർശിക്കുമായിരിക്കും അദ്ദേഹത്തോട് തർക്കിക്കുമായിരിക്കാം എന്നാലും അദ്ദേഹം പ്രതിനിധീകരിക്കുന്നത് അവരുടെ ജനാധിപത്യ മോഹങ്ങളെയും സ്വാഭിമാനത്തിനുള്ള അവകാശത്തെയും സാമത്തികമായും സാമൂഹ്യമായുമുള്ള അന്തസ്സിനുള്ള അവകാശത്തെയുമാണ്''.

''അതുകൊണ്ട് ബിജെപിയുടെ ​ഗൂണ്ടായിസത്തിനെതിരെ ഒരുമിച്ച് പോരാടാൻ എല്ലാ അംബേദ്കറൈറ്റുകളോടും പെരിയാറിസ്റ്റുകളോടും പുരോ​ഗമന ശക്തികളോടും ഞാൻ ആഹ്വാനം ചെയ്യുകയാണ്. ബിജെപിയോട് ഞാൻ പറയാനാ​ഗ്രഹിക്കുന്നത് ഇതാണ് ലെനിന്റെയോ പെരിയാറുടെയോ അംബേദ്കറുടെയോ പ്രതിമ തകർത്തുകൊണ്ട് കാർഷിക മേഖലയിലെ പ്രതിസന്ധി, തൊഴിലാളികളോടുള്ള സാമ്പത്തിക ചൂഷണം, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് ഞങ്ങളുടെ ശ്രദ്ധ മാറുമെന്ന് കരുതരുത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏത് എല്ലാവർക്കും സാമൂഹിക നീതി എല്ലാവർക്കും തുല്യത എന്ന ആശയത്തിൻമേലായിരിക്കണം. കുറച്ച് ആൾക്കാർക്ക് വേണ്ടിയുള്ളതല്ല. അംബേദ്കറുടെയും പെരിയാറുടെയും സാവിത്രിബായിയുടെയും ലെനിന്റെയും ഇന്ത്യയായിരിക്കണം നിർമ്മിക്കപ്പെടേണ്ടത്. ​ഗോൾവാൾക്കറുടെയും മോദിയുടെയും സവർക്കറുടെയും ഇന്ത്യയല്ല വേണ്ടത്. നമ്മുടെ ഭൂതകാലത്തെ ചുട്ടെരിക്കാൻ ഫാഷിസത്തെ അനുവദിക്കാത്ത പുരോ​ഗമനപരമായ ഒരു ഭാവിയാണ് നാം നിർമ്മിക്കുക'' ജി​ഗ്നേഷ് പറയുന്നു.

Read More >>