വാദ്ഗാം മണ്ഡലത്തില്‍ ജിഗ്നേഷ് മേവാനിക്ക് നേരെ ബിജെപി ആക്രമണം

തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ മൂന്നിടങ്ങളില്‍ നിന്നാണ് ജിഗ്നേഷ് മേവാനി ബിജെപി പ്രവര്‍ത്തകരായ ചൗധരിമാരുടെ ആക്രമണത്തിന് ഇരയാകുന്നത്. വാദ്ഗാം മണ്ഡലത്തിലിറങ്ങി ബിജെപിക്കെതിരെ ശക്തമായ പ്രചരണമാണ് ജിഗ്നേഷ് നടത്തിവരുന്നത്.

വാദ്ഗാം മണ്ഡലത്തില്‍ ജിഗ്നേഷ് മേവാനിക്ക് നേരെ ബിജെപി ആക്രമണം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബനസ്‌കന്ത ജില്ലയിലെ വാദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജിഗ്നേഷ് മേവാനിയുടെ വാഹനവ്യൂഹത്തിനു നേരെ ചൗധരിമാരുടെ ആക്രമണം. തക്കര്‍വാഡ ഗ്രാമത്തിലാണ് ജിഗ്നേഷിനു നേരെ ആക്രമണമുണ്ടായത്. ജിഗ്നേഷിന് പരിക്കുകളില്ല. ഇന്നലെ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണ വാഹനവ്യൂഹത്തിനുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇന്നുണ്ടായത്. ആയിരങ്ങള്‍ ജിഗ്നേഷിന് പിന്തുണയറിയിക്കുന്ന മുസ്ലീം, ദളിത് വിഭാഗങ്ങളാണ് ഇവിടത്തെ ഭൂരിപക്ഷം. ഇവിടെ ന്യൂനപക്ഷമായ, ബിജെപിയെ പിന്തുണയ്ക്കുന്ന ചൗധരികളാണ് ജിഗ്നേഷിനെ ആക്രമിച്ചത്. മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം സെദ്രാസന്‍, സെമോദര ഗ്രാമങ്ങളില്‍ ജിഗ്നേഷിന്റെ റോഡ് ഷോയ്ക്ക് നേരെയും ചൗധരിമാരുടെ ആക്രമണമുണ്ടായി.ബദല്‍പുരയില്‍ വൈകുന്നേരം നാലുമണിയോടെ ജനങ്ങളുമായി സംസാരിച്ച ജിഗ്നേഷ് പിന്നീട് തൊട്ടടുത്ത ഗ്രാമമായ തക്കര്‍വാഡയിലേക്കാണ് പോയത്. ഇവിടെ പതിച്ച പ്രചരണ പോസ്റ്ററുകളും ചൗധരിമാര്‍ കീറിക്കളഞ്ഞു.
"വാദ്ഗാമില്‍ നേരിട്ട് ജനങ്ങളോട് തുറന്നുകാട്ടുന്നത് ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെയാണ്. കഴിഞ്ഞ 22 വര്‍ഷത്തെ ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെയാണ് ഞാന്‍ തുറന്നുകാട്ടുന്നത്. അതുകൊണ്ടാണ് ഇവിടത്തെ ജനങ്ങളോട് പോലും സംസാരിക്കാത്ത ബിജെപി പ്രവര്‍ത്തകര്‍ എന്നെ ആക്രമിക്കുന്നത്. പക്ഷേ, വാദ്ഗാമിലെ ജനങ്ങള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി ഞാന്‍ ഇനിയും സംസാരിക്കും. ബിജെപിയുടെ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശബ്ദിക്കുകയും ചെയ്യും." ജിഗ്നേഷ് മേവാനി പറഞ്ഞു."പട്ടോസന്‍ ഗ്രാമത്തില്‍ ജിഗ്നേഷ് സിന്ദാബാദ്, ഹാര്‍ദ്ദിക് സിന്ദാബാദ്, അല്‍പേഷ് സിന്ദാബാദ്, ഗുജറാത്ത് മോഡല്‍ മൂര്‍ദ്ദാബാദ് എന്ന് മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ അവിടെ ബിജെപി സിന്ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. നമ്മുടെ കൂടെയുണ്ടായിരുന്ന ഠാക്കൂര്‍ സേനയുടെ പരംമേലാജി ഠാക്കൂറിന് നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രചരണത്തിനെത്തിയവരോട് അസഭ്യം പറയുകയാണ് അവര്‍ ചെയ്തത്. ഠാക്കൂര്‍, പട്ടേല്‍ സമുദായക്കാര്‍ ഒരുമിച്ചുനിന്ന് തന്നെ ബിജെപിക്കെതിരെ നിലകൊള്ളണം." ജിഗ്നേഷ് മാധ്യമങ്ങളോട് പറഞ്ഞു.ഈ മണ്ഡലത്തില്‍ ഭൂരിപക്ഷം മുസ്ലീങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും വലിയ അളവില്‍ മുസ്ലീം പങ്കാളിത്തമുണ്ട്. ജിഗ്നേഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ല. എളുപ്പമുള്ള വിജയമാണ് ജിഗ്നേഷ് മേവാനി വാദ്ഗാം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയോടുള്ള വിയോജിപ്പും ജിഗ്നേഷിനോടുള്ള പൊതുജനന താല്‍പര്യത്തിന് തീവ്രത കൂട്ടുന്നു.
ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയാണ് ജിഗ്നേഷിന് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജിഗ്നേഷ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന് കേന്ദ്രസേനയുടെ സുരക്ഷയുണ്ട്.

Read More >>