''ഇന്ത്യയില്‍ ബ്രിട്ടീഷുകാരെ തോല്‍പിക്കാന്‍ നടന്ന സമരം പോലെയാണ് ഇന്ന് ഗുജറാത്തില്‍ നടക്കുന്ന സമരം''

''പക്ഷേ ഞങ്ങള്‍ക്ക് ഒരു ഭയമേയുള്ളൂ, വോട്ടിങ് മെഷീനില്‍ വോട്ട് അടയാളപ്പെടുമോ എന്ന കാര്യത്തില്‍. എല്ലാ വോട്ടുകളും ബിജെപിക്ക് പോകുന്ന മെഷീന്‍ ആണെങ്കില്‍ ഞങ്ങള്‍ എന്തിനാണ് വോട്ട് ചെയ്യുന്നത്?'' ബാബു ചോദിച്ചു.

ഇന്ത്യയില്‍ ബ്രിട്ടീഷുകാരെ തോല്‍പിക്കാന്‍ നടന്ന സമരം പോലെയാണ് ഇന്ന് ഗുജറാത്തില്‍ നടക്കുന്ന സമരം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേതൃത്വമാണ് ജിഗ്നേഷ് മേവാനി. 2015ല്‍ ഉനയിലെ ദളിത് അതിക്രമത്തിന് ശേഷം ദളിത് അവകാശ പ്രഖ്യാപനവുമായി പ്രതിരോധം തീര്‍ത്ത ജിഗ്നേഷ് അതിനുമുമ്പ് എവിടെയായിരുന്നു എന്നത് ഇപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ ചോദിക്കുന്ന കൗതുകം നിറഞ്ഞ ഒരു ചോദ്യം. 'ബോംബെയില്‍ പത്രക്കാരനായിരുന്നു എന്നു തോന്നുന്നു' എന്ന് ആ ചോദ്യം ചോദിച്ചയാള്‍ തന്നെ മറുപടിയും പറയുന്നു.പലപ്പോഴും സ്വന്തം ശ്വാസത്തിന്റെ ചൂടില്‍തന്നെ തണുപ്പകറ്റേണ്ടിവരുന്ന ഒരു ജനതയോട് അവര്‍ നേരിടുന്ന അവകാശ നിഷേധങ്ങളെപ്പറ്റി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഉണ്ടാകാറില്ല. വളരെ ഐഡിയലായ അത്രമേല്‍ ജനങ്ങളോട് അടുത്തുനില്‍ക്കുന്ന നേതാവിന്‍റെ ജനകീയ ഇടപെടല്‍ മുഖ്യധാരാ രാഷ്ട്രീയ ധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ജിഗ്നേഷ് മേവാനി.രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും ഡോക്യുമെന്ററി സംവിധായകരും വിവിധ രാഷ്ട്രീയ ധാരകളില്‍ നിലകൊള്ളുന്നവരും ജിഗ്നേഷിന് പിന്തുണയറിയിച്ച് വാദ്ഗാം മണ്ഡലത്തിലെ കനോദാര്‍ എന്ന ഗ്രാമത്തില്‍ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇവരെല്ലാം ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങുന്നു. ദളിതരും മുസ്ലീങ്ങളും തന്നെയാണ് പ്രചരണ വാഹനങ്ങളില്‍ ഭൂരിപക്ഷവും.മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളത്രയും ഫണ്ട് ജിഗ്നേഷിനില്ല. ജനങ്ങളില്‍ നിന്നും ക്രൗഡ് ഫണ്ടിങ് വഴി പണം ശേഖരിച്ചാണ് ജിഗ്നേഷ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. വാദ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ല.''ഇന്ത്യയില്‍ ബ്രിട്ടീഷുകാരെ തോല്‍പിക്കാന്‍ നടന്ന സമരം പോലെയാണ് ഇന്ന് ഗുജറാത്തില്‍ നടക്കുന്ന സമരം.''ഈ തെരഞ്ഞെടുപ്പ് മുന്നേറ്റത്തെ വാദ്ഗാമിലെ ഡപ്യൂട്ടി സര്‍പഞ്ച് ബാബുഭായ് ജഗാനിയ വിശേഷിപ്പിക്കുന്നത് ഇങ്ങനെ.

''ഇത് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള സമരമാണ്. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അവര്‍ തല്ലിയില്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഉനയില്‍ ദളിത് യുവാക്കള്‍ ആക്രമിക്കപ്പെടുന്നതുവരെ ഞങ്ങള്‍ക്കാര്‍ക്കും ജിഗ്നേഷിനെ അറിയുമായിരുന്നില്ല. വണ്ടിയില്‍ കെട്ടിയിട്ട് തല്ലിയ ആ യുവാക്കളുടെ ശബ്ദം അസംബ്ലിയിലെത്തിക്കാന്‍ പോകുകയാണ് ജിഗ്നേഷ്. വളരെ പെട്ടെന്നാണ് ജിഗ്നേഷ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്." ബാബു പറയുന്നു. ''പക്ഷേ ഞങ്ങള്‍ക്ക് ഒരു ഭയമേയുള്ളൂ, വോട്ടിങ് മെഷീനില്‍ വോട്ട് അടയാളപ്പെടുമോ എന്ന കാര്യത്തില്‍. എല്ലാ വോട്ടുകളും ബിജെപിക്ക് പോകുന്ന മെഷീന്‍ ആണെങ്കില്‍ ഞങ്ങള്‍ എന്തിനാണ് വോട്ട് ചെയ്യുന്നത്?'' ബാബു ചോദിച്ചു.ചിത്രകലാ ബിരുദ വിദ്യാര്‍ത്ഥിയായ ഹര്‍ഷിതയ്ക്ക് ജിഗ്നേഷില്‍ തന്നെയാണ് പ്രതീക്ഷ. ജിഗ്നേഷിന്റെ ശബ്ദം വേറിട്ട് തിരിച്ചറിയുന്ന രീതിയില്‍ പരിചിതനും പ്രിയപ്പെട്ടവനുമാണ് ഈ ഗ്രാമത്തിലെ യുവാക്കള്‍ക്ക് ജിഗ്നേഷ് എന്നും ഹര്‍ഷിതയില്‍ നിന്നും മനസ്സിലായി. ആരും മുമ്പ് പറഞ്ഞുകേട്ട് പരിചയമില്ലാത്ത ഒരു പുതിയ രാഷ്ട്രീയമാണ് ജിഗ്നേഷിന്റേത് എന്നും ഹര്‍ഷിത പറയുന്നു.


ദളിത്, മുസ്ലീം, ആദിവാസി, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി തൊഴിലാളികള്‍, സഫായി കര്‍മചാരികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുന്നയിച്ചുകൊണ്ട് അതിനിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് ജിഗ്നേഷ് മേവാനിയാണ്.എന്തുകൊണ്ട് ജിഗ്നേഷിന് വോട്ടുചെയ്യുന്നു എന്ന ചോദ്യത്തിന് വദ്ഗാം ബദല്‍പുരയിലെ പ്രമീള പര്‍മാര്‍ എന്ന ദളിത് സ്ത്രീ പറയുന്നത് ജിഗ്നേഷ് ദരിദ്രര്‍ക്കുവേണ്ടി നിലകൊള്ളുന്നയാളാണ് എന്നാണ്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെക്കൊണ്ട് ഒരു സഹായവും കിട്ടിയിട്ടില്ലെന്നും പ്രമീള പറഞ്ഞു.മുസ്ലീം ദളിത് ഭൂരിപക്ഷമുള്ള ഒരു മണ്ഡലമാണ് വദ്ഗാം. എന്നാല്‍, ഇവിടെ ന്യൂനപക്ഷമായ ചൗധരി ജാതിക്കാരായ ബിജെപി പ്രവര്‍ത്തകര്‍ ജിഗ്നേഷിന്‌റെ പ്രചരണ പോസ്റ്ററുകള്‍ കീറിക്കളയുകയും ജിഗ്നേഷിന്റെ പ്രചരണ കാറുകള്‍ക്കുനേര്‍ക്ക് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
22 വര്‍ഷത്തെ ബിജെപി ഭരണം കൊണ്ട് എന്ത് വികസനമാണ് ഗുജറാത്തില്‍ ഉണ്ടായിട്ടുള്ളത് എന്ന ചോദ്യമാണ് വാദ്ഗാമിലെ ഗ്രാമങ്ങളില്‍ ജിഗ്നേഷ് ഉയര്‍ത്തുന്നത്. അതിനാല്‍ മുപ്പത്തിനാലുകാരനായ ഈ രാഷ്ട്രീയ നേതാവിനുനേരെ കരിങ്കൊടി കാട്ടുകയും വാഹനത്തിനുനേരെ കല്ലെറിയുകയും ചെയ്ത് രോഷം തീര്‍ക്കുകയാണ് ബിജെപി.


Read More >>