ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ക്രൈസ്തവ സഭയോട് നാടുവിടാന്‍ ബിജെപി; ബിജെപി ആദിവാസികളുടെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി സഭ

പുതിയ വാടക നിയമത്തിന്റെ പശ്ചാത്തലത്തില്‍ ആദിവാസികള്‍ക്ക് സ്വന്തം സ്ഥലം സ്വസമുദായത്തില്‍പ്പെട്ടവര്‍ക്ക് പോലും വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്

ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ക്രൈസ്തവ സഭയോട് നാടുവിടാന്‍ ബിജെപി; ബിജെപി ആദിവാസികളുടെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി സഭ

ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കുളളില്‍ ക്രൈസ്തവ സഭയോട് യുദ്ധപ്രഖ്യാപനം. സഭ ആദിവാസികളെ പാവപ്പെട്ടവരായും നിസ്സഹായരായും തുടരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ ബിജെപി സഭയോട് നാടുവിടാന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദിവാസികളെ പുറത്താക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സഭ ആരോപിച്ചു. സംസ്ഥാനത്തെ വാടക നിയമം ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശകളെത്തുടര്‍ന്നാണ് ഇരുകൂട്ടര്‍ക്കുമിടെ സംഘര്‍ഷം ഉടലെടുത്തത്.

ചോട്ടാനാഗ്പൂര്‍ വാടക നിയമം ശാന്തള്‍ പരാഗണ വാടക നിയമം എന്നിവയില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിനെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിഷേധം ഉടലെടുത്തിരുന്നു. ആദിവാസികളെ സംസ്ഥാനത്ത് നിന്ന് ഓടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സഭ ആരോപിക്കുമ്പോള്‍ മറഞ്ഞിരുന്ന രാഷ്ട്രീയം കളിക്കുന്ന സഭയ്ക്ക് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ എക്കാലവും ആദിവാസികളെ പാവങ്ങളും അജ്ഞരുമായി നിലനിര്‍ത്തുകയാണ് ആവശ്യമെന്ന് ബിജെപി പറയുന്നു. പുതിയ വാടക നിയമം ആദിവാസികള്‍ക്ക് സ്വന്തം ഭൂമി നഷ്ടമാക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടി കാണിച്ച് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള വൈദികരുടെ സംഘം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. പുതിയ വാടക നിയമം ഒരു കാരണവശാലും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ബിജെപി സഭയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തിറങ്ങി. വാടക നിയമത്തിനെതിരെയുള്ള സമരം സഭ ആളിക്കത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണന്‍ ഗിലുവ ആരോപിച്ചു.

തങ്ങളുടെ വ്യക്തിതാല്‍പര്യത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബിജെപി മതമേലധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ജനം സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തമാണെന്നും ഇക്കാര്യത്തില്‍ സഭയുടെ ഉപദേശം ആവശ്യമില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു. ആദിവാസികളുടെ സ്ഥലം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ജാര്‍ഖണ്ഡിലെ പുതിയ വാടക നിയമങ്ങള്‍. കഴിഞ്ഞ നവംബറില്‍ ഇവ നിയമസഭയില്‍ പാസായെങ്കിലും ഗവര്‍ണറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. പദ്ധതികള്‍ നടപ്പിലാക്കാനായി ആദിവാസികളുടെ സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും നിയമം പറയുന്നു.

നിലവില്‍ ആദിവാസികള്‍ക്ക് സ്വന്തം സ്ഥലം സ്വസമുദായത്തില്‍പ്പെട്ടവര്‍ക്ക് പോലും വില്‍ക്കാനാകാത്ത അവസ്ഥയാണുള്ളത്. വാടക നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ ആദിവാസികള്‍ സഭയോടൊപ്പമാണ്. പുതിയ നിയമം തങ്ങളെ സ്വന്തം സ്ഥലത്തുനിന്ന് പുറത്താക്കുമെന്നും തങ്ങളുടെ സ്ഥലം കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

Read More >>