'യൂ ബ്ലഡി ഇന്ത്യന്‍' എന്നു ആക്ഷേപിച്ച ജെറ്റ് എയര്‍വേയ്സ് പൈലറ്റിനെതിരെ ഹര്‍ബജന്‍ സിംഗ് മോദിക്ക് പരാതി നല്‍കി

ഇത്തരം ധിക്കാരപരമായ കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് അനുവദിക്കാന്‍ പാടില്ല. ഇവിടെ നിന്നും പണം സമ്പാദിക്കുന്ന ഒരുവനാണ് ഇങ്ങനെ നമ്മുടെ പൌരന്‍മാരെ ആക്ഷേപിച്ചത്- ഹര്‍ബജന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.

യൂ ബ്ലഡി ഇന്ത്യന്‍ എന്നു ആക്ഷേപിച്ച ജെറ്റ് എയര്‍വേയ്സ് പൈലറ്റിനെതിരെ ഹര്‍ബജന്‍ സിംഗ് മോദിക്ക് പരാതി നല്‍കി

ജെറ്റ് എയര്‍വേസിലെ ഒരു പൈലറ്റ് ഇന്ത്യന്‍ വംശജരായ യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചു അസഭ്യം പറഞ്ഞെന്നു ചൂണ്ടിക്കാണിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് പരാതി അയച്ചത്.

'യൂ ബ്ലഡി ഇന്ത്യന്‍, ഗെറ്റ് ഔട്ട് ഓഫ് ഫ്‌ളൈറ്റ്' എന്ന് ആക്രോശിച്ചു കൊണ്ടു ബേണ്‍സ് ഹോസ്ലിന്‍ എന്ന പൈലറ്റ് യാത്രക്കാരെ ആക്രമിച്ചെന്നാണു ട്വീറ്റില്‍ ഹര്‍ഭജന്‍ സൂചിപ്പിച്ചിരിക്കുന്നത്. തന്റെ ഭാര്യയുടെ സുഹൃത്തുകള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്നു താരം പറയുന്നു.

ഈ മാസം മൂന്നിന് ചണ്ഡിഗണ്ഡ്-മുംബൈ യാത്രയ്ക്കിടെയായിരുന്നു സംഭവം. വീല്‍ ചെയറില്‍ കഴിയുന്ന സുഹൃത്തുമൊത്തു വിമാനത്തില്‍ കയറാന്‍ എത്തിയപ്പോള്‍ ഉണ്ടായ തിക്താനുഭവം പൂജ ഗുജ്‌റാള്‍ എന്ന യുവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുംബൈയില്‍ എത്തിയപ്പോള്‍ സുഹൃത്തിനുള്ള വീല്‍ചെയര്‍ കാത്തു ഇവര്‍ക്ക് 25 മിനിറ്റോളം വിമാനത്തിനുള്ളില്‍ ഇരിക്കേണ്ടിവന്നു. ഇത് കമ്പനി അനുവദിച്ചതുമാണ്. ഈ സമയത്താണ് 'ഫ്ലൈറ്റ് വൈകുന്നത് എന്തിനാണ്?' എന്നു തിരക്കി പൈലറ്റ്‌ അവിടേക്ക് കടന്നു വരുന്നതും തുടര്‍ന്ന് ഇവരോട് 'യൂ ബ്ലഡി ഇന്ത്യന്‍' എന്ന സംബോധനയോടെ 'ഗെറ്റ് ഔട്ട് ഓഫ് ദി ഫ്‌ളൈറ്റ്' എന്ന് ആക്രോശിച്ചതും എന്ന് പൂജ പറയുന്നു. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.

ഇത്തരം ധിക്കാരപരമായ കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് അനുവദിക്കാന്‍ പാടില്ലായെന്നു ഹര്‍ബജന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇവിടെ നിന്നും പണം സമ്പാദിക്കുന്ന ഒരുവനാണ് ഇങ്ങനെ നമ്മുടെ പൌരന്‍മാരെ ആക്ഷേപിച്ചത്. വംശീയമായ അധിക്ഷേപം മാത്രമല്ല, ശാരീരിക വൈകല്യമുള്ള ഒരാളെ പൈലറ്റ്‌ അപമാനിക്കുകായും ചെയ്തു. താരം ചൂണ്ടിക്കാട്ടി.

വിദേശീയരായ പൈലറ്റുമാരില്‍ നിന്നും തങ്ങള്‍ക്കു പലപ്പോഴും വംശീയ വിദ്വേഷമനുഭവപ്പെട്ടിട്ടുണ്ട് എന്ന് ജെറ്റ് എയര്‍വേയ്സ് ഇന്ത്യന്‍ പൈലറ്റ്‌ അസോസിയേഷന്‍ കമ്പനിയോടു പരാതിപ്പെട്ടിരുന്നു. കോക്പിറ്റില്‍ നിന്നും മാറി നില്‍ക്കാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പരാതി. ഇതിനു പിന്നാലെയാണ് ഹര്‍ബജനും സമാനമായ ഒരു ദുരനുഭവം പൊതുസമൂഹമധ്യേ ഉയര്‍ത്തുന്നത്.