കശ്മീർ രാജാവിന്റെ പൂജാരി കുടുംബത്തിലെ ജമ്മു യുവതി ശബരിമലയ്ക്ക്; "വരുന്നത് കേരള മുഖ്യമന്ത്രി ഉണ്ടെന്ന ധൈര്യത്തിൽ"

"ഒരു ഹിന്ദു എന്ന നിലയില്‍ പറയാന്‍ കഴിയും, എന്റെ മതം ഒരിക്കലും സ്ത്രീകളെ തടയുകയോ അവരെ വിലക്കുകയോ അടിമത്തത്തില്‍ നിര്‍ത്തുകയോ ചെയ്യുന്ന സംസ്ക്കാരത്തെ പഠിപ്പിക്കുന്നില്ല. അവര്‍ അശുദ്ധരായല്ല ദേവതമാര്‍ക്ക് സമമായ മാനം നല്‍കിയാണ്‌ ഹിന്ദുമതം കണക്കാക്കുന്നത്."- ശിവാനി നാരദ ന്യൂസിനോട് പറഞ്ഞു

കശ്മീർ രാജാവിന്റെ പൂജാരി കുടുംബത്തിലെ ജമ്മു യുവതി ശബരിമലയ്ക്ക്; വരുന്നത് കേരള മുഖ്യമന്ത്രി ഉണ്ടെന്ന ധൈര്യത്തിൽ

കശ്മീർ രാജാവിന്റെ പൂജാരി കുടുംബത്തിലെ അംഗമായ പണ്ഡിറ്റ് യുവതി ശബരിമല കയറുന്നതിനുള്ള സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. ശബരിമലയിൽ കയറണമെന്നു ചിന്തിക്കാനായത്, സംരക്ഷണത്തിന് മുഖ്യമന്ത്രി ഉണ്ടെന്ന ധൈര്യത്തിലാണ്. ഒരു ഹിന്ദു എന്ന നിലയിൽ പറഞ്ഞാൽ എന്റെ മതം ഒരിക്കലും സ്ത്രീകളെ വിലക്കുന്നില്ലെന്നും അവരെ അശുദ്ധരായല്ല ഹിന്ദുമതം കരുതുന്നതെന്നും ശിവാനി നാരദ ന്യൂസിനോട് പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും പറയുന്ന ഈ 'ഭക്തര്‍' ഹിന്ദു മതം സംരക്ഷിക്കാനാണോ ഇങ്ങനെ പറയുന്നതെന്ന് ശിവാനി ചോദിക്കുന്നു. ഇങ്ങനെ ഒരു സംരക്ഷണം ആവശ്യപ്പെടുന്ന തകര്‍ച്ചയിലാണോ ഈ മതമുള്ളതെന്നു ചോദിക്കുന്ന ശിവാനി ഈശ്വരചൈതന്യ കേന്ദ്രങ്ങള്‍ മനുഷ്യന് സമാധാനം നല്‍കുന്ന ഇടങ്ങളാകണമെന്നും ഇവര്‍(സ്ത്രീപ്രവേശനത്തിനെതിരെ ഹിംസാത്മകമായി പ്രതികരിക്കുന്നവർ) സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും പ്രതികരിച്ചു.

ശിവാനി അമ്മയ്ക്കൊപ്പം


"ഒരു ഹിന്ദു എന്ന നിലയില്‍ പറയാന്‍ കഴിയും, എന്റെ മതം ഒരിക്കലും സ്ത്രീകളെ തടയുകയോ അവരെ വിലക്കുകയോ അടിമത്തത്തില്‍ നിര്‍ത്തുകയോ ചെയ്യുന്ന സംസ്ക്കാരത്തെ പഠിപ്പിക്കുന്നില്ല. അവര്‍ അശുദ്ധരായല്ല ദേവതമാര്‍ക്ക് സമമായ മാനം നല്‍കിയാണ്‌ ഹിന്ദുമതം കണക്കാക്കുന്നത്."- ശിവാനി പറയുന്നു.

ശബരിമലയിലും ഒരു കാലത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു എന്നും അന്ന് അതായിരുന്നു ആചാരമെന്നും ശിവാനി പറയുന്നു. പിന്നീട് ചിലര്‍ ചേര്‍ന്ന് സ്ത്രീകള്‍ക്ക് പ്രായവിലക്ക് എന്ന ആചാരം നടപ്പിലാക്കി. നമുക്ക് ആചാരങ്ങള്‍ സൃഷ്ടിക്കാമെങ്കില്‍ മാറ്റാനും കഴിയുമെന്നാണ് ശിവാനിയുടെ നിലപാട്.
ശബരിമലയിൽ കയറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ശിവാനി പിണറായി വിജയനെഴുതിയ തുറന്ന കത്തിൽ പറയുന്നു:

ഞാന്‍ ശിവാനി, ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ജമ്മു സ്വദേശിനിയാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സുപ്രീം കോടതി വിധി ഉയർത്തിപ്പിടിക്കുന്ന താങ്കളുടെ തീരുമാനത്തെയും പരിശ്രമങ്ങളെയും ആദ്യമായി, ഞാൻ അഭിനന്ദിക്കുന്നു. തീര്‍ച്ചയായും, 'ആചാരം' എന്ന പേരിൽ സ്ത്രീകൾക്കെതിരെ നിലനിന്ന വിവേചനത്തെ അവസാനിപ്പിക്കാന്‍ കഴിയുന്ന പുരോഗമനപരമായ തീരുമാനമാണ് ഇത്. ശബരിമല സ്ത്രീപ്രവേശന വിധിയും തുടര്‍ന്ന് കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെയും മാധ്യമങ്ങളിലൂടെ പിന്തുടരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ശബരിമല സന്ദര്‍ശിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സന്ദർശനത്തിലൂടെ ഈ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടികൾക്ക് ഞാൻ പിന്തുണ നൽകും. സമൂഹത്തിലെ ഏതാനും പേരെ ഭയന്നു ക്ഷേത്രം സന്ദർശിക്കാൻ ഇനിയും മടിക്കുന്ന മറ്റ് സ്ത്രീകൾക്ക് എന്റെ സന്ദര്‍ശനം ഒരു പ്രചോദനമാകും എന്നും ഞാന്‍ കരുതുന്നു.

പിസി ജോർജ്ജും അദ്ദേഹത്തെ പോലെ വികലമായി ചിന്തിക്കുന്ന ചിലരും ഈ സുപ്രീം കോടതി വിധിക്കെതിരെ പരസ്യമായി പ്രവൃത്തിക്കുന്നതായി വാർത്താ ചാനലുകളും മാധ്യമ വാർത്തകളും വ്യക്തമാക്കുന്നുണ്ട്. തന്റെ മണ്ഡലത്തിൽ കൂടി വനിതകളെ ശബരിമലയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പിസി ജോർജ് പറയുന്നു.

അതിനാൽ ശബരിമല ക്ഷേത്രം സന്ദർശിക്കുമ്പോൾ എനിക്ക് ഇവരില്‍ നിന്നും പൂർണമായ സംരക്ഷണം ഉറപ്പാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തില്‍ മല ചവിട്ടാന്‍ ആഗ്രഹിക്കുന്ന എല്ലാ വനിതകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്, സുരക്ഷിതമായ സാഹചര്യങ്ങള്‍ ക്രമീകരിച്ചു നല്‍കണമെന്ന് ഞാൻ താങ്കളോട് അഭ്യർത്ഥിക്കുകയാണ്.
Read More >>