ഷഹല റാഷിദിന്റെ നേതൃത്വത്തിൽ കത്വ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബത്തിനായി ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ; ഒരു ദിവസം കൊണ്ട് സമാഹരിച്ചത് 15 ലക്ഷം

ക്രൗഡ് ഫണ്ടിങ് സൈറ്റായ ക്രൗഡ്‌ന്യൂസിങ്ങിലൂടെയാണ് സമാഹരണം.

ഷഹല റാഷിദിന്റെ നേതൃത്വത്തിൽ കത്വ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബത്തിനായി ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ; ഒരു ദിവസം കൊണ്ട് സമാഹരിച്ചത് 15 ലക്ഷം

ജെഎൻയു സ്റ്റുഡന്റസ് യൂണിയന്റെ മുൻ വൈസ് പ്രസിഡന്റും ആക്ടിവിസ്റ്റുമായ ഷഹല റാഷിദിന്റെ നേതൃത്വത്തിൽ കത്വ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബത്തിനായി ക്രൗഡ് ഫണ്ടിങ് ക്യാംപയിൻ. 30 ദിവസം കൊണ്ട് പത്ത് ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം രൂപ കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ കഴിഞ്ഞു. പിരിഞ്ഞു കിട്ടുന്ന തുക രണ്ടു കുടുംബങ്ങൾക്കുമായി വീതിക്കുമെന്ന് ഷഹല റാഷിദ് അറിയിച്ചു.

700 പേരിൽ നിന്നാണ് ഇത്ര തുക അവർ സമാഹരിച്ചത്. "സംഭവത്തെപ്പറ്റി ഞങ്ങൾ മാധ്യമങ്ങളിലും സംവാദങ്ങളിലും പറയുന്നുണ്ടായിരുന്നു. പക്ഷേ, കുറ്റപത്രം സമർപ്പിക്കാനെത്തിയ പൊലീസുകാരെ വക്കീലന്മാർ തടയുന്നത് കണ്ടപ്പോൾ വിഷയ സംബന്ധിയായി ക്യാംപയിൻ നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു."- ഷഹല റാഷിദ് പറഞ്ഞു. ക്രൗഡ് ഫണ്ടിങ് സൈറ്റായ

ക്രൗഡ്‌ന്യൂസിങ്ങിലൂടെയാണ് സമാഹരണം.

രണ്ട് ഘട്ടമായാണ് കാമ്പയിൻ നടന്നത്. ആദ്യം കത്വ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടിയും ശേഷം ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടിയും പത്ത് ലക്ഷം രൂപ വീതം സമാഹരിക്കാനായിരുന്നു പദ്ധതി. കൂടാതെ ഇവർക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ സഹായിക്കാനും ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും. മൊത്തം 20 ലക്ഷം എന്ന തുക മറി കടന്ന് നിലവിൽ 35 ലക്ഷത്തോളം രൂപ സമാഹരിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

ജമ്മുവിലുള്ള ദീപിക സിങ് രാജാവാത് എന്ന അഭിഭാഷകയാണ് കത്വ പെൺകുട്ടിക്ക് വേണ്ടി ഹാജരാവുന്നത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഏതു നിമിഷവും ബലാത്സം​ഗം ചെയ്യപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്നും അവർ പറഞ്ഞിരുന്നു. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് നാലുകോണിൽ നിന്നും നടക്കുന്നത്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തനിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക മാധ്യമങ്ങളോടു പറഞ്ഞു.

Read More >>