ഐടി മേഖലയിൽ മൂന്ന് മുതൽ ആറ് ലക്ഷം വരെ തൊഴിൽ നഷ്ടം; അച്ഛേ ദിന്‍ എപ്പോ വരും?

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 'അച്ഛേ ദിന്‍' മുദ്രാവാക്രത്തോടൊപ്പം കേട്ട ഒന്നായിരുന്നു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്ന വാഗ്ദാനം. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ പരസ്യം ചെയ്യപ്പെട്ടു. എല്ലാം തൊഴില്‍ മേഖലയേയും വിപണിയും ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ലെന്നു 2016 ജൂണില്‍ നരേന്ദ്ര മോദിയ്ക്കു സമ്മതിക്കേണ്ടി വന്നു. തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

ഐടി മേഖലയിൽ മൂന്ന് മുതൽ ആറ് ലക്ഷം വരെ തൊഴിൽ നഷ്ടം; അച്ഛേ ദിന്‍ എപ്പോ വരും?

ഇന്ത്യയിലെ തൊഴില്‍ മേഖലയുടെ കുതിച്ചുചാട്ടം എന്നു പറയാവുന്ന കാലഘട്ടമായിരുന്നു 2004-2009. തൊണ്ണൂറുകളില്‍ ആരംഭിച്ച ഐടി മേഖല വളരെ പെട്ടെന്നു തന്നെ വളര്‍ച്ച പ്രാപിച്ചു. രാജ്യത്തിന്‌റെ തൊഴില്‍ മേഖലയില്‍ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ ഐടിയ്ക്കു കഴിഞ്ഞു. ആഗോളവത്ക്കരണവും സാമ്പത്തിക പരിഷ്‌കാരങ്ങളും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ചേര്‍ന്നപ്പോള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു ജോലി എന്നതു മുന്‍കാലത്തിനേക്കാള്‍ എളുപ്പത്തില്‍ പ്രാപ്തമാകാന്‍ തുടങ്ങി.

ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ഐടി ഹബ്ബുകളിലൊന്നാകാന്‍ അധികം സമയമെടുത്തില്ല. മികച്ച അടിസ്ഥാനസൗകര്യങ്ങളും മിടുക്കന്മാരായ എഞ്ചിനീയര്‍മാരും സര്‍ക്കാര്‍ പിന്തുണയും ചേര്‍ന്നപ്പോള്‍ ഔട്ട് സോഴ്‌സിംഗ് രംഗത്തെ അതികായരാകാന്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്കു കഴിഞ്ഞു. അമേരിക്കയുടെ മൊത്തം ഔട്ട് സോഴ്‌സിംഗിന്‌റെ 67 ശതമാനവും ഇന്ത്യയിലേയ്ക്കാണു ഒഴുകുന്നത്. വിദഗ്ധതൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ അയച്ചു ജോലി ചെയ്യിക്കാനും തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ ഖ്യാതി മാത്രമല്ല, ശക്തവും മികവുറ്റതുമായ മാനവികവിഭവശേഷിയും ലോകത്തിനു മുന്നില്‍ വെളിപ്പെടുകയായിരുന്നു. ഇതു ചെറുതും വലുതുമായ ഐടി കമ്പനികള്‍ക്കു വളമാകുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആഗോള ഐടി ഭീമന്മാര്‍ ഇന്ത്യയില്‍ ശാഖകള്‍ തുടങ്ങാനും തയ്യാറായി.

രണ്ടായിരത്തിന്‌റെ തുടക്കം മുതല്‍ ആരംഭിച്ച ഈ വളര്‍ച്ച 2017 എത്തുമ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു എന്നു നോക്കുമ്പോള്‍ സ്ഥിതിഗതികള്‍ അത്ര സുഖകരമല്ല എന്നു മനസ്സിലാക്കാവുന്നതാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ യുവജനങ്ങളെ രക്ഷിച്ചു നിര്‍ത്തിയ ഐടി മേഖല ഇപ്പോള്‍ കൂപ്പു കുത്തുകയാണ്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കു യാതൊരു പഞ്ഞവുമില്ല. അമേരിക്കന്‍ പ്രസിഡന്‌റ് ആയി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതോടെ ഔട്ട് സോഴ്‌സിംഗ് രംഗത്തും പ്രതിസന്ധി രൂപം കൊണ്ടു. ഐടി കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന വാര്‍ത്തകള്‍ ദിനംപ്രതി വരാന്‍ തുടങ്ങുന്നു. പുതിയ നിയമനങ്ങള്‍ വെട്ടിക്കുറച്ചതോടെ കൊളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്കു നില്‍ക്കാന്‍ ഇടമില്ലാത്ത അവസ്ഥയായി.

2015 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സൃഷ്ടിച്ചെന്നു പറയുന്ന 1.35 ലക്ഷം തൊഴിലവസരങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2011 ലെ 9 ലക്ഷവും, 2013 ലെ 4.19 ലക്ഷവും തൊഴിലവസരങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ തൊഴില്‍ രംഗത്തിന്‌റെ അപചയത്തിന്‌റെ ഭീകരത മനസ്സിലാക്കാം.

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 'അച്ഛേ ദിന്‍' മുദ്രാവാക്രത്തോടൊപ്പം കേട്ട ഒന്നായിരുന്നു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്ന വാഗ്ദാനം. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ പരസ്യം ചെയ്യപ്പെട്ടു. എല്ലാം തൊഴില്‍ മേഖലയേയും വിപണിയും ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ലെന്നു 2016 ജൂണില്‍ നരേന്ദ്ര മോദിയ്ക്കു സമ്മതിക്കേണ്ടി വന്നു. തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതവിടെ നില്‍ക്കട്ടെ.

അച്ഛേ ദിന്‍ എന്ന മുദ്രാവാക്യം ആയിരുന്നല്ലോ മോദിയുടെ മോഹനവാഗ്ദാനം. രാജ്യസുരക്ഷയും അഭ്യന്തരസുരക്ഷയും പൗരന്മാരുടെ സുരക്ഷയും ഭക്ഷ്യസുരക്ഷയും തൊഴില്‍ സുരക്ഷയും എല്ലാം ചേര്‍ന്നതാണ് അച്ഛേ ദിന്‍. ഇതിലെല്ലാം അച്ഛേ ദിന്‍ വന്നില്ലെന്നു മാത്രമല്ല ഭക്ഷ്യ, തൊഴില്‍ സുരക്ഷയുടെ കാര്യം അവതാളത്തിലാകുകയും ചെയ്തു.

മോദിയുടെ ഭരണം മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ടുഡേ ഒരു സര്‍വേ നടത്തി. അതിലെ ഒരു ചോദ്യമായിരുന്നു തൊഴിലില്ലായ്മ കുറഞ്ഞതായി തോന്നുന്നുണ്ടോയെന്ന്. 63 ശതമാനം പേര്‍ പറഞ്ഞത് ഇല്ല എന്നായിരുന്നു. സര്‍ക്കാരിന്‌റെ ഏറ്റവും മികച്ച ദൗത്യം ഏതായിരുന്നെന്ന ചോദ്യത്തിനു മേയ്ക്ക് ഇന്‍ ഇന്ത്യ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. അതും വെറും എട്ടു ശതമാനം പേര്‍!


സാമ്പത്തിക രംഗത്തിന്‌റെ പ്രകടനം പരിശോധിക്കുന്ന സാമ്പത്തിക വിദഗ്ധര്‍മാരും ഏതാണ്ടിതേ പോലെയൊക്കെയേ പറയാനിടയുള്ളൂ. മൊത്ത മൂലധന സമാഹരണം ഇടിഞ്ഞു. വ്യാവസായിക മേഖലയില്‍ കടം പെരുകി, ഒട്ടേറെ പദ്ധതികള്‍ നിലച്ചു, കാര്‍ഷികരംഗത്തു തകര്‍ച്ച എന്നിങ്ങനെ എല്ലാ രീതിയിലും പിന്നോട്ടായിരുന്നു ഇന്ത്യയുടെ മുന്നേറ്റം എന്നു കാണാം.

ഇതിനിടയിലാണു സാമ്പത്തികവളര്‍ച്ചയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നത്. ഏഴു ശതമാനം വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യ എന്ന അവകാശവാദവുമായി മോദിയും കൂട്ടരും എത്തി. നോട്ട് നിരോധനം എന്ന ഇരുട്ടടി കഴിഞ്ഞു ജനം സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചെത്തുന്ന നേരത്തായിരുന്നു ഈ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇന്ത്യ കൈവരിച്ച വാര്‍ത്ത പുറത്താകുന്നത്.

നോട്ട് നിരോധനത്തിനെ വിമര്‍ശിച്ചു കൊണ്ടിറങ്ങിയ എല്ലാ വാദങ്ങളേയും നിരാകരിക്കുന്നതായിരുന്നു ഏഴു ശതമാനം വളര്‍ച്ച എന്ന അവകാശവാദം. സാമ്പത്തികശാസ്ത്ര വിദഗ്ധരെ കുഴക്കിയ കണക്കായിരുന്നു അത്. അങ്ങിനെയാണെങ്കില്‍ ഇത്രയും മികച്ച വളര്‍ച്ച നേടിയ ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമായതെങ്ങിനെ? ഉത്തരമില്ല.

സര്‍ക്കാരിന്‌റെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ തന്നെ പറയുന്നത് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ്. ഇരുപതു വര്‍ഷത്തേയ്‌ക്കെങ്കിലും സാമ്പത്തിക വളര്‍ച്ച 7.5 ശതമാനം വളര്‍ച്ചയില്‍ സ്ഥിരപ്പെടുത്തിയാലേ തൊഴില്‍ മേഖലയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു.

എച് 1 ബി വിസ നിയന്ത്രണം, അമേരിക്ക ഉള്‍പ്പെടേയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സംരക്ഷണവാദത്തിലേയ്ക്കു തിരിച്ചു പോകുന്നത്, ഔട്ട സോഴ്‌സിംഗ് രംഗത്തെ വേലിയിറക്കം, ഐടി മേഖലയിലേയ്ക്കു ചുവടു വയ്ക്കുന്നവരുടെ എണ്ണക്കൂടുതല്‍, ഓട്ടോമേഷന്‍ തുടങ്ങിയ അസംഖ്യം പ്രതിബന്ധങ്ങള്‍ ഇന്ത്യയിലെ തൊഴില്‍ മേഖലയെ ബാധിയ്ക്കുന്നുണ്ട്.

ഇതിനൊന്നും ഉത്തരം തരാന്‍ തത്ക്കാലം ആരുമില്ലാത്തതിനാല്‍ അച്ഛേ ദിന്‍ വരുന്നതും കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.