ദേരാ സച്ചാ സൗദയുടെ ഐടി തലവൻ അറസ്റ്റിൽ; 60 ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു

പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിയോഗിച്ച കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിനു മുമ്പായി ആണ് ദേരാ ആസ്ഥാനത്തെ കമ്പ്യൂട്ടറുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്യാനോ മാറ്റം വരുത്താനോ ശ്രമിക്കുകയും ചെയ്തത്. ഈ കേസിലാണ് അറസ്റ്റ്

ദേരാ സച്ചാ സൗദയുടെ ഐടി തലവൻ അറസ്റ്റിൽ; 60 ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു

ദേരാ സച്ചാ സൗദയുടെ ഐടി തലവൻ വിനീത് കുമാർ അറസ്റ്റിലായി. ഹരിയാന പൊലീസാണ് വിനീതിനെ അറസ്റ്റു ചെയ്തത്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്തു നടന്ന റെയ്ഡിനു മുമ്പായി കമ്പ്യൂട്ടറുകളും മറ്റും നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ട വിനീത് കുമാറിൽ നിന്ന് ഉയർന്ന സംഭരണ ശേഷിയുള്ള 60 ഹാർഡ് ഡിസ്കുകൾ പൊലീസ് പിടിച്ചെടുത്തു. ബലാത്സംഗ കേസിൽ 20 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന്റെ സംഘടനയാണ് ദേരാ സച്ചാ സൗദ.

ദേരാ ആസ്ഥാനത്തു നടന്ന സെർച്ചിനു മുമ്പായി അവിടെ ഉണ്ടായിരുന്ന ഹാർഡ് ഡിസ്കുകൾ മാറ്റപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിയോഗിച്ച കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിനു മുമ്പായി ആണ് ദേരാ ആസ്ഥാനത്തെ കമ്പ്യൂട്ടറുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്യാനോ മാറ്റം വരുത്താനോ ശ്രമിക്കുകയും ചെയ്തത് എന്ന് പൊലീസ് പറയുന്നു.

വിനീത് കുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നു. എന്നാൽ ദേര ആസ്ഥാനത്തെ കമ്യൂട്ടർ വിഭഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഇയാൾ ഒഴിഞ്ഞു മാറുകയായിർന്നു എന്നു പൊലീസ് പറയുന്നു. അതിനു ശേഷമാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്.

ഗുർമീത് റാം റഹീമിന്റെ വളർത്തുമകളും മനസ്സാക്ഷി സൂക്ഷിപ്പുകാരിയും ആയിരുന്ന ഹണിപ്രീതിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. കോടതി വിധിക്കു ശേഷം ഗുർമീത് റാം രക്ഷപെടാൻ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അതിനു വേണ്ടിയുള്ള ആസൂത്രണങ്ങൾ നടത്തിയത് ഹണിപ്രീതാണെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഹണിപ്രീതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Read More >>