ലിംഗനീതി കടലാസ് പുലിയോ? നിര്‍ഭയ കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് ഭാനുമതി ചോദിക്കുന്നു!

നിര്‍ഭയ കേസിനെപ്പറ്റി പറഞ്ഞപ്പോള്‍ മനുഷ്യന്‌റെ കാമേച്ഛയാണ് ഈ കാടത്തത്തിലേയ്ക്കു നയിച്ചതെന്നും അത്യപൂര്‍വ്വമായ ഈ കേസില്‍ വധശിക്ഷയല്ലാതെ മറ്റൊരു ശിക്ഷയുടെ കാര്യം ചോദിക്കാനേയില്ലെന്നും സുപ്രീം കോടതിയിലെ ഒരേയൊരു വനിതാ ജഡ്ജിയായ ജസ്റ്റിസ് ആര്‍ ഭാനുമതി പറഞ്ഞു.

ലിംഗനീതി കടലാസ് പുലിയോ? നിര്‍ഭയ കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് ഭാനുമതി ചോദിക്കുന്നു!

ലിംഗസമത്വം എന്നത് കടലാസില്‍ മാത്രമേയുള്ളൂയെന്ന് സുപ്രീം കോടതിയിലെ ഒരേയൊരു വനിതാ ജഡ്ജിയായ ജസ്റ്റിസ് ആര്‍ ഭാനുമതി ചോദിച്ചു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരി വച്ചു കൊണ്ട് വിധി പ്രസ്താവിക്കുമ്പോഴായിരുന്നു ഭാനുമതിയുടെ ചോദ്യം.

സ്ത്രീകളുടെ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങള്‍ ഉണ്ടായിട്ടും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തുടരുന്നതില്‍ അവര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ ശിക്ഷിക്കപ്പെടാനുള്ള നിയമങ്ങള്‍ 'കടലാസ് പുലി'കളാകുകയാണോയെന്ന് വിധിപ്രസ്താവത്തില്‍ ചോദിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല, അത് മനുഷ്യാവകാശപ്രശ്‌നം കൂടിയാണെന്ന് ജസ്റ്റിസ് ഭാനുമതി നിരീക്ഷിച്ചു.

'സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ നിയമനിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. പ്രശ്‌നത്തിന്‌റെ മൂലകാരണങ്ങളെക്കുറിച്ച് പഠിച്ച് കര്‍ശനമായ നിയമം ഉപയോഗിച്ച് പരിഹാരം കാണേണ്ടതാണ്,' അവര്‍ എഴുതി.

ഇത്തരം ക്രൂരമായ സംഭവങ്ങള്‍ സമൂഹത്തില്‍ ഭീതി പരത്തുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശത്തിനെ ഹനിക്കുന്ന ഇത്തരം സംഭവങ്ങള്‍ സമൂഹമാകമാനം, പ്രത്യേകിച്ച് സ്ത്രീകളില്‍, നിസ്സഹായതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. ജനങ്ങളുടെ ഒരേയൊരു ആശ്രയം ഭരണകൂടം ഇത്തരം അവസ്ഥകളില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുമെന്ന വിശ്വാസം മാത്രമാണെന്നും ജസ്റ്റിസ് ഭാനുമതി പറഞ്ഞു.

നിര്‍ഭയ കേസിനെപ്പറ്റി പറഞ്ഞപ്പോള്‍ മനുഷ്യന്‌റെ കാമേച്ഛയാണ് ഈ കാടത്തത്തിലേയ്ക്കു നയിച്ചതെന്നും അത്യപൂര്‍വ്വമായ ഈ കേസില്‍ വധശിക്ഷയല്ലാതെ മറ്റൊരു ശിക്ഷയുടെ കാര്യം ചോദിക്കാനേയില്ലെന്നും അവര്‍ പറഞ്ഞു.

'ഇരകള്‍ നിസ്സഹായരായ സ്ത്രീകളോ കുട്ടികളോ വയസ്സായവരോ ആകുമ്പോഴും കുറ്റവാളികള്‍ മലിനമായ മനസ്സുകളുമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോളും പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒന്നും കൊടുക്കാനാവില്ല,' ജസ്റ്റിസ് ഭാനിമതി വിധിയില്‍ രേഖപ്പെടുത്തി.

നിര്‍ഭയ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചെന്നും കോടതികള്‍ ഇരകള്‍ക്കൊപ്പവും ഇരകളുടെ ബന്ധുക്കള്‍ക്കൊപ്പവും നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.