ഡോവല്‍ സിദ്ധാന്തം കശ്മീരിനെ പടുകുഴിയില്‍ ചാടിക്കുന്നുവോ? കശ്മീര്‍ റിപ്പോര്‍ട്ടര്‍ റിയാസ് വാനി എഴുതുന്നു

ഈയടുത്ത കാലത്ത് ഭീകരരിലെ ഒരു വിഭാഗം കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് കാരണമാകുന്ന തരത്തില്‍ ആശയപ്രചാരണങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഏപ്രിലില്‍ ദക്ഷിണ കശ്മീരിലെ കരീമാബാദില്‍ മുഖം മൂടി ധരിച്ച ഒരു സംഘം ഭീകരര്‍ നാട്ടുകാരോട് പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയൊരു രാജ്യമുണ്ടാക്കുകയല്ല, മറിച്ച് ഇസ്ലാമിക ഭരണവും ശരിയ നിയമവും നടപ്പില്‍ വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭീകരര്‍ പ്രഖ്യാപിച്ചു.

ഡോവല്‍ സിദ്ധാന്തം കശ്മീരിനെ പടുകുഴിയില്‍ ചാടിക്കുന്നുവോ? കശ്മീര്‍ റിപ്പോര്‍ട്ടര്‍ റിയാസ് വാനി എഴുതുന്നു

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പണവുമായി പോകുകയായിരുന്ന ജമ്മു&കശ്മീര്‍ ബാങ്കിന്റെ വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ സായുധാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പൊലീസുകാരുടെയും മൂന്ന് ബാങ്ക് സുരക്ഷാ ജീവനക്കാരുടെയും വീട് സംഭവം നടന്നതിന്റെ പിറ്റേ ദിവസമായ മെയ് മൂന്നിന് മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി ഹെലിക്കോപ്റ്ററിലെത്തി സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയായ ശേഷമുണ്ടായ ഏറ്റവുമൊടുവിലെ ആക്രമണത്തിന് ശേഷം സുരക്ഷാ സംബന്ധമായ കാരണങ്ങളാലാണ് മെഹ്ബൂബ യാത്രയ്ക്ക് ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുത്തത്.

ബാങ്കിന്റെ നെഹമ ഗ്രാമത്തിലെ ബ്രാഞ്ചില്‍ പണം ഇറക്കിയ ശേഷം തിരികെ വരും വഴിയാണ് ഭീകരര്‍ വാന്‍ തടഞ്ഞ് പൊലീസുകാരെയും സുരക്ഷാ ജീവനക്കാരെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊന്നത്. ഡ്രൈവറെ മാത്രം വെറുതെവിട്ട ഭീകരര്‍ പൊലീസുകാരുടെ നാല് റൈഫിളുകളും തട്ടിയെടുത്തു.

ഇതിന് ശേഷം ഭീകരര്‍ സംസ്ഥാനത്ത് മൂന്ന് ബാങ്കുകള്‍ കൂടി കൊള്ളയടിച്ചു. എലക്വായ് ഡെഹാതി ബാങ്കിന്റെ കുല്‍ഗാം ജില്ലയിലെ ഒരു ബ്രാഞ്ചിലേക്ക് ഇരച്ചുകയറിയ തോക്കുകളേന്തിയ ഭീകരര്‍ 65,000 രൂപ തട്ടിയെടുത്തു. ഈ സംഭവത്തിന് ശേഷം ഇതേ ബാങ്കിന്റെ വെയ്ബഗിലുള്ള ബ്രാഞ്ചില്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്നംഗ സംഘം നടത്തിയ കൊള്ളയടിയില്‍ അഞ്ച് ലക്ഷം രൂപയാണ് ബാങ്കിന് നഷ്ടമായത്. മണിക്കൂറുകള്‍ക്കുള്ളില്‍ ജമ്മു&കശ്മീര്‍ ബാങ്കിന്റെ നെഹാമ ബ്രാഞ്ചില്‍ നടത്തിയ സമാന ആക്രമണത്തില്‍ ഭീകരര്‍ 1.33 ലക്ഷം രൂപ കൊള്ളയടിച്ചു.

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്ത് വിഘടനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോഴും വളരെ അപൂര്‍വമായി മാത്രമാണ് ഭീകരര്‍ ബാങ്കുകൊള്ളയടി നടത്താറുള്ളത്. അതുകൊണ്ടുതന്നെ ആവര്‍ത്തിച്ചുണ്ടായ ബാങ്കു കൊള്ളയടി സുരക്ഷാ സൈന്യങ്ങളേയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു. ബാങ്കിന്റെ വാഹനം ആക്രമിച്ച് പൊലീസുകാരെയും സുരക്ഷാ ജീവനക്കാരെയും കൊലപ്പെടുത്തിയ സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടുമില്ല. ബാങ്ക് ജീവനക്കാരെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസുകാരെ കൊലപ്പെടുത്തിയത് സംഘടനയാണെന്ന ആരോപണത്തെ തള്ളിക്കളയുകയും ചെയ്തിട്ടില്ല. ആക്രമണം ദക്ഷിണ കശ്മീരിലെ ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കി. ബ്രാഞ്ചുകളിലേക്ക് പണം കൊണ്ടുപോകുക എന്നത് വലിയ സുരക്ഷാ പ്രശ്‌നമായി മാറുകയും ചെയ്തു.

അതേസമയം ബാങ്കുകള്‍ മാത്രമായിരുന്നില്ല സമീപകാലത്ത് ഭീകരരുടെ ലക്ഷ്യം. മാര്‍ച്ച് നാലിന് ഷോപ്പിയാന്‍ നഗരത്തിലെ കോടതി സമുച്ചയത്തിലേക്ക് ഇരച്ചുകയറിയ ഭീകരരുടെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസുകാരുടെ നൂറോളം തോക്കുകളാണ് ഭീകരര്‍ തട്ടിയെടുത്തത്. ഇതില്‍ കുറച്ച് തോക്കുകള്‍ പൊലീസിന് തിരികെ വാങ്ങാന്‍ കഴിഞ്ഞെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ഭീകരരുടെ കൈവശമാണുള്ളത്.

ലോക്കല്‍ പൊലീസിന്റെ കൈയില്‍ നിന്നാണ് ഭീകരര്‍ കൂടുതലായും തോക്കുകള്‍ തട്ടിയെടുത്തത്. ദക്ഷിണ കശ്മീരിലെ നിരവധി പൊലീസുകാരുടെ വീട്ടില്‍ ഭീകരര്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. തങ്ങളുടെ കുടുംബങ്ങളെ പോലീസ് ഭീഷണിപ്പെടുത്തുന്നതിനുള്ള സ്വാഭാവിക പ്രതികരണമെന്നാണ് ഈ സംഭവങ്ങളെ സംഘം വിശേഷിപ്പിച്ചത്. പൊലീസുകാര്‍ക്കും ഭീകരര്‍ക്കുമിടെ നിലനില്‍ക്കുന്ന ഒരു അലിഖിത കരാര്‍ പ്രകാരം ഇരുകൂട്ടരുടേയും കുടുംബങ്ങളെ ആക്രമിക്കാതിരിക്കുക എന്ന കീഴ്‌വഴക്കമാണ് ഈ സംഭവങ്ങളോടെ ലംഘിക്കപ്പെട്ടത്. ഈ സംഭവങ്ങള്‍ പൊലീസിനും സുരക്ഷാ സൈന്യങ്ങള്‍ക്കും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് കശ്മീര്‍ ഡിജിപി എസ് പി വൈദ് ഭീകരര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ''നിങ്ങള്‍ക്കും കുടുംബങ്ങളുണ്ടെന്ന് ഓര്‍മ്മിക്കണം. നിങ്ങള്‍ ചെയ്തതു പോലെ പൊലീസും ചെയ്താല്‍ എന്താണ് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സംഭവിക്കുകയെന്ന് പ്രവചിക്കാനാവില്ല'' വൈദ് ഭീകരര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

ഈ സംഭവവികാസങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ അടുത്ത കാലത്തുണ്ടായ പ്രകടമായ മാറ്റങ്ങളുടെ സൂചനയാണ് കാണിക്കുന്നത്. പ്രധാനമായും ദക്ഷിണ കശ്മീര്‍ കേന്ദ്രീകരിച്ച് ഇക്കാലയളവില്‍ ഭീകരരുടെ പുതിയ സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭീകരരുടെ കുടുംബാംഗങ്ങളെ തൊട്ടുകളിക്കരുതെന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ സക്കീര്‍ റാഷിദ് ഭട്ട് ജമ്മു കശ്മീര്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. ഭീകരരുടെ പ്രവര്‍ത്തനശൈലിയില്‍ വന്ന മാറ്റമാണ് പൊലീസുകാരുടെ കുടുംബങ്ങളെ അക്രമിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഈയടുത്ത കാലത്ത് ഭീകരരിലെ ഒരു വിഭാഗം കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് കാരണമാകുന്ന തരത്തില്‍ ആശയപ്രചാരണങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഏപ്രിലില്‍ ദക്ഷിണ കശ്മീരിലെ കരീമാബാദില്‍ മുഖം മൂടി ധരിച്ച ഒരു സംഘം ഭീകരര്‍ നാട്ടുകാരോട് പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയൊരു രാജ്യമുണ്ടാക്കുകയല്ല, മറിച്ച് ഇസ്ലാമിക ഭരണവും ശരിയ നിയമവും നടപ്പില്‍ വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭീകരര്‍ പ്രഖ്യാപിച്ചു.

''ഏതെങ്കിലും സംഘടനയ്‌ക്കോ രാജ്യത്തിനോ വേണ്ടിയല്ല ഞങ്ങളുടെ പോരാട്ടം, മറിച്ച് ഇസ്ലാമിന് വേണ്ടിയാണ്'' മുഖം മൂടി ധരിച്ച ഭീകരരിലൊരാള്‍ ജനക്കൂട്ടത്തോട് പറഞ്ഞു. ''ഒരിക്കല്‍ നമ്മള്‍ ഇന്ത്യയിലുമെത്തും. എന്നിട്ട് അവിടെ ഇസ്ലാമിക നിയമം നടപ്പിലാക്കും. പാക്കിസ്ഥാനിലും ഇസ്ലാമിക നിയമമല്ല ഇപ്പോഴുള്ളത്. അതിനാല്‍ പാക്കിസ്ഥാനിലും നമ്മള്‍ അതിനായി പോകും'' ഭീകരന്‍ പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ കശ്മീര്‍ വിഷയത്തെ മതമൗലികവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ മാത്രം ഉപകരിക്കുന്നതിനാല്‍ തികച്ചും അപകടകരമാണ്. ഭീകരരുടെ ഈ ആവശ്യം കശ്മീരികളില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കി. ഹിസ്ബുള്‍ മുജാഹുദ്ദീന്‍, ലെഷ്‌കര്‍ ഇ ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ പ്രബലമായ മൂന്ന് ഭീകര സംഘടനകളും പാക്കിസ്ഥാനോട് കൂറ് പുലര്‍ത്തുന്നവയാണ്. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി പാക്കിസ്ഥാനോട് ചേര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഈ സംഘടനകള്‍ക്ക് മുഖ്യം. ഈ സംഘടനകള്‍ പാക്കിസ്ഥാനോടുള്ള കൂറ് ഉപേക്ഷിക്കാനോ കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയമായ മാനത്തിനപ്പുറം മതത്തെ കൊണ്ടുവരാനോ ശ്രമിക്കില്ല.

ഈ സാഹചര്യത്തിലാണ് കശ്മീരില്‍ ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പുതിയ ഭീകര സംഘടനയുടെ ഉദയത്തെ നോക്കിക്കാണേണ്ടത്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ പുതിയ ഭീകര സംഘടനയെ 'അവര്‍ മുജാഹുദ്ദീനല്ല' എന്ന കാരണം പറഞ്ഞ് തള്ളിപ്പറഞ്ഞിട്ടുണ്ട്. ''പാക്കിസ്ഥാന്‍ എന്ന രാജ്യത്തേയും അതിന്റെ ദേശീയ പതാകയേയും തള്ളിപ്പറയുകയും 'തെഹ്‌റീക്ക് താലിബാന്‍ പാക്കിസ്ഥാന്‍' എന്ന സംഘടനയെ പിന്തുണയ്ക്കുകയും ചെയ്യുന്നതുകൊണ്ട് ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുജാഹുദ്ദീനുകളല്ല'' യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ വക്താവ് പറഞ്ഞു.

അതേസമയം പുതിയ സംഭവവികാസങ്ങളോട് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സൈനിക നടപടി എന്നതിനപ്പുറം പ്രതികരിച്ചിട്ടില്ല. 90കള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ സംയുക്ത സൈനിക മുന്നേറ്റത്തിന് മെയ് അഞ്ച് സാക്ഷ്യം വഹിച്ചു. വീടുവീടാന്തരം കയറിയിറങ്ങി ഭീകരരെ കണ്ടെത്താനാണ് വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഈ നടപടിയുടെ ഭാഗമായി ശ്രമിച്ചത്. റെയ്ഡില്‍ ഒരു ഭീകരനെ പോലും കണ്ടെത്താനായില്ല. എന്നാല്‍ വൈകുന്നേരത്തോടെ സൈനിക നടപടി അവസാനിപ്പിച്ച് രാഷ്ട്രീയ റൈഫിള്‍സിലെ 62 സൈനികരുമായി വന്ന വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി. ഇമാം സാഹിബ് എന്ന സ്ഥലത്ത് നടന്ന ആക്രമണത്തില്‍ വാഹനത്തിന്റെ ഡ്രൈവറും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഏറ്റെടുത്തു. ഷോപ്പിയാനിലെ കച്ചദുര സ്വദേശി നാസിര്‍ മുഹമ്മദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡ്രൈവര്‍. കശ്മീര്‍ താഴ്‌വരയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടിയുണ്ടായതെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.''ബാങ്കുകള്‍ ആക്രമിക്കപ്പെടുകയും പൊലീസുകാരടക്കം കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി. റെയ്ഡുകള്‍ അടുത്ത ദിവസങ്ങളിലും തുടരും'' ബിപിന്‍ റാവത്ത് പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനുള്ള രാഷ്ട്രീയ നടപടിയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. വിഘടനവാദികളുമായി യാതൊരു തരത്തിലുമുള്ള ചര്‍ച്ചകളില്ലെന്നും അക്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തുമെന്നും ജമ്മു കശ്മീരിലെ പിഡിപി-ബിജെപി മന്ത്രിസഭയ്ക്ക് ചുക്കാന്‍ പിടിച്ച ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. ''ചര്‍ച്ചകളും കല്ലേറും ഒരുമിച്ച് നടക്കില്ല. കല്ലേറും തെരുവുയുദ്ധവും ആദ്യം അവസാനിപ്പിക്കട്ടെ'' അദ്ദേഹം പറഞ്ഞു.

അതേസമയം ഈ നിലപാട് ജമ്മു കശ്മീരിനെ രാഷ്ട്രീയമായി പടുകുഴിയില്‍ ചാടിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നത്. കശ്മീരിലെ നയങ്ങള്‍ക്കു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. '' ഒരു നയം ഫലവത്താകാന്‍ മൂന്ന് വര്‍ഷം എന്നത് കൂടിയ കാലയളവാണ്. ഇതേ നയവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ കശ്മീര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാവും പോകുക'' ശ്രീനഗറിലെ ഒരു പത്രത്തില്‍ ഈയിടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു. ''പ്രശ്‌നങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ ഏതെങ്കിലും നയത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒത്തുതീര്‍പ്പിന്റേതാകും. ഡോവലിന്റെ നയങ്ങള്‍ അടിയന്തരമായി മാറ്റേണ്ടതുണ്ട്'' എഡിറ്റോറിയല്‍ പറയുന്നു.