ഉരുക്കുവനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു; വിവാഹം കേരളത്തില്‍ വച്ചെന്നു സൂചന

ബ്രിട്ടീഷ്‌കാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ വച്ചു വിവാഹം ഉണ്ടാകുമെന്നാണ് സൂചനകള്‍...

ഉരുക്കുവനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു; വിവാഹം കേരളത്തില്‍ വച്ചെന്നു സൂചന

മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ചരിത്രപ്രധാനമായ സഹന സമരം നടത്തിയ ഉരുക്കുവനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. ബ്രിട്ടീഷ്‌കാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ വച്ചു വിവാഹം ഉണ്ടാകുമെന്നാണ് സൂചനകള്‍.

ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത് ദീപ്തി പ്രിയ മെഹ്റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ്. 2009 ല്‍ കുടിനോ ഈറോമിനു കത്തയക്കുന്നതിലൂടെയാണ് ഈ ബന്ധത്തിന് ആരംഭമായത്. തുടര്‍ന്നു കത്തുകളിലൂടെ ബന്ധം തുടര്‍ന്ന ഇരുവരും 2011ല്‍ കോടതിയില്‍ വച്ചു കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

ഈ ബന്ധത്തിന്റെ പേരില്‍ ഇറോമിന്റെ അനുഭാവികളില്‍നിന്നും വലിയ എതിര്‍പ്പാണ് ഉണ്ടായത്. എന്നാല്‍ തന്റെ സ്വകാര്യ വിഷയങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ഇഷ്ടമല്ലെന്ന നിലപാടാണ് ഇറോം അന്നു സ്വീകരിച്ചത്. നിരാഹാര സമരത്തില്‍ നിന്നും ഇറോം ശര്‍മിള പിന്മാറാനുള്ള കാരണം ഡെസ്മണ്ട് കുടിനോയാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാര്‍ത്തയെ തള്ളി ഈറോം തന്നെ രംഗത്തെത്തുകയുണ്ടായി.

മണിപ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള നേരത്തെ അറിയിച്ചിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിരാഹാര സമരം നടത്തിയ വ്യക്തികൂടിയായ ഇറോം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.


Read More >>