ഇറോം ഷര്‍മിള; പോരാട്ടവീര്യത്തിന് ലഭിക്കാതെ പോയ കാവ്യനീതി

2014ല്‍ രണ്ട് പ്രമുഖ രാഷ്ടീയപാര്‍ട്ടികള്‍ വെച്ചുനീട്ടിയ നിയമസഭാ സീറ്റ് തട്ടിക്കളഞ്ഞാണ് ജനങ്ങളുടെ ശബ്ദമാകാന്‍ ഇന്ത്യയുടെ ഇരുക്കുവനിത സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയത്. പോരാട്ടവീര്യം ചിലര്‍ക്ക് മരണംവരെയുണ്ടാകും. ആ പോരാട്ട വീര്യം ഒരിക്കലും ഒന്നിനോടും സന്ധി ചെയ്യാറുമില്ല. അത്തരത്തില്‍ അപൂര്‍വമൊരാളായതുകൊണ്ടാണ് ഇറോം സഹനസമരം അവസാനിപ്പിച്ചിട്ടും ജനനന്മ മാത്രം ലക്ഷ്യം വെച്ച് രാഷ്ട്രീയത്തിലിറങ്ങിയത്.

ഇറോം ഷര്‍മിള; പോരാട്ടവീര്യത്തിന് ലഭിക്കാതെ പോയ കാവ്യനീതി

യൗവനത്തിലെ 16 വര്‍ഷങ്ങള്‍ സഹനസമരത്തിനായി അടര്‍ത്തി മാറ്റിയ ജീവിതമാണ് ഇറോം ഷര്‍മിളയെന്ന മണിപ്പൂരുകാരിയായുടേത്. ഒരുപക്ഷെ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതുകൊണ്ട് മാത്രം നമുക്ക് വിശ്വസിക്കാനാകുന്ന അവരുടെ ജീവിതം പോരാട്ടവീര്യത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ്. മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമത്തിനെതിരെയാണ് 2000 നവംബര്‍ 2ന് ഇറോം പോരാട്ടത്തിനിറങ്ങിയത്. ദിവസങ്ങളോ ആഴ്ചകളോ മാത്രം നീളുമെന്ന് കരുതിയ അവരുടെ നിരാഹാര സമരം 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ഓഗസ്റ്റ് 9നാണ് അവസാനിച്ചത്. ഇക്കാലയളവില്‍ മൂക്കില്‍ ഘടിപ്പിച്ച ട്യൂബിലൂടെ ദ്രവാഹാരം മാത്രം കഴിച്ചാണ് ഇറോം സൈന്യത്തിനെതിരെ യുദ്ധം നടത്തിയത്.


പോരാട്ടവീര്യം ചിലര്‍ക്ക് മരണംവരെയുണ്ടാകും. ആ പോരാട്ട വീര്യം ഒരിക്കലും ഒന്നിനോടും സന്ധി ചെയ്യാറുമില്ല. അത്തരത്തില്‍ അപൂര്‍വമൊരാളായതുകൊണ്ടാണ് ഇറോം സഹനസമരം അവസാനിപ്പിച്ചിട്ടും ജനനന്മ മാത്രം ലക്ഷ്യം വെച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. രാജ്യത്തെ പ്രബല പാര്‍ട്ടികളില്‍ ഏതില്‍ വേണമെങ്കിലും അവര്‍ക്ക് ചേരാമായിരുന്നു. ഏത് പാര്‍ട്ടിയും അവരെ സന്തോഷത്തോടെ സ്വീകരിക്കുകയും മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്‌തേനെ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് 'പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലിയന്‍സ്' എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം കൊടുത്തത്. 2014ല്‍ രണ്ട് പ്രമുഖ രാഷ്ടീയപാര്‍ട്ടികള്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ നടത്തിയ ക്ഷണം ഇറോം നിരസിച്ചിട്ടുമുണ്ട്. പാര്‍ലമെന്ററി വ്യാമോഹങ്ങളല്ല മറിച്ച് സാധാരണ ജനങ്ങളുടെ ശബ്ദമാകാനാണ് ഇറോം പിന്നീട് രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം കൊടുത്തത്.


മണിപ്പൂര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ തട്ടകത്തിലാണ് ഇറോം മത്സരിച്ചതും. എന്നാല്‍ ജനാധിപത്യത്തില്‍ ജനങ്ങളാണല്ലോ രാജാവ്. അവരുടെ തീരുമാനമാണല്ലോ സാങ്കേതികമായെങ്കിലും ശരി. ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് വെറും 90 വോട്ടുകള്‍ മാത്രമാണ്. അവരുടെ പരാജയത്തെ ദയനീയ പരാജയം എന്ന തലക്കെട്ടില്‍ അപമാനിക്കാനുള്ളതല്ല, മറിച്ച് നിരാശപ്പെടുത്തുന്ന പരാജയമാണത്. പോരാട്ടവീര്യത്തിന് സ്വാഭാവികമായി ലഭിക്കേണ്ട കാവ്യനീതിയാണ് ഇറോമിന് ലഭിക്കാതിരുന്നത്. ഇറോമിനോട് മണിപ്പൂരിലെ ജനങ്ങള്‍ നന്ദികേട് കാണിച്ചതായൊന്നും പറയുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ഈ ധീരപുത്രി ഈ പരാജയം അര്‍ഹിച്ചിരുന്നില്ല. അത് എതിരാളികള്‍ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. ഇംഫാലിനടുത്ത് കൊംഗ്പല്‍ എന്ന സ്ഥലത്ത് 1972ല്‍ ജനിച്ച ഇറോം ഷര്‍മിളയ്ക്ക് മണിപ്പൂരില്‍ സൈന്യത്തിനുണ്ടായിരുന്ന പ്രത്യേക അധികാരമാണ് പോരാട്ടങ്ങളുടെ ലോകത്തേക്ക് വഴിതുറന്നത്.

പ്രത്യേക അധികാരത്തിന്റെ പേരില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ക്കെതിരെ ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള നിരാഹാര സമരമാണ് ഇറോം തിരഞ്ഞെടുത്തത്. ശിശിരങ്ങളും വസന്തങ്ങളും പലതും കൊഴിഞ്ഞിട്ടും, യൗവനം പോലും നഷ്ടമായിട്ടും പോരാട്ടത്തിന്റെ പാതയില്‍ ഇവര്‍ നടന്നുതീര്‍ത്തത് തുടര്‍ച്ചയായ 16 വര്‍ഷമാണ്. പോരാട്ട വീര്യത്തിനുള്ള അംഗീകാരമായി 2014ലെ വനിതാ ദിനത്തില്‍ ഇറോമിനെ ഏറ്റവും മികച്ച വനിതാ മാതൃകയായി എംഎസ്എന്‍ പോള്‍ തിരഞ്ഞെടുത്തു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇറോം ഷര്‍മിളയെ 'മനസാക്ഷിയുടെ തടവുകാരി' എന്നാണ് വിശേഷിപ്പിച്ചത്. സൈന്യത്തിന്റെ പ്രത്യേകാധികാരം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇറോം ശര്‍മിള 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിക്കും. അന്ന് ജനങ്ങള്‍ കൂടുതല്‍ ജനാധിപത്യ ബോധം പ്രകടിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Read More >>