യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച ഉന്നത പൊലീസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍

യാദവ് സമുദായാംഗങ്ങള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനാല്‍ ലക്ഷ്യം വയ്ക്കപ്പെടുന്നു എന്ന രീതിയില്‍ പ്രതികരിച്ച ഡിജിപി ഹിമാന്‍ഷു കുമാര്‍ ഐപിഎസിനെയാണ്് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെന്‍ഷന്‍ എന്നാണ് അധികാരികളുടെ ഭാഷ്യം.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച ഉന്നത പൊലീസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍

യുപിയില്‍ പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകളെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതായി വെളിപ്പെടുത്തിയ പൊലീസ് ഓഫീസര്‍ക്കു സസ്പെന്‍ഷന്‍. യാദവ് സമുദായാംഗങ്ങള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനാല്‍ ലക്ഷ്യം വയ്ക്കപ്പെടുന്നു എന്ന രീതിയില്‍ പ്രതികരിച്ച ഡിജിപി ഹിമാന്‍ഷു കുമാര്‍ ഐപിഎസിനെയാണ്് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെന്‍ഷന്‍ എന്നാണ് അധികാരികളുടെ ഭാഷ്യം.

എന്തുകൊണ്ടാണ് ജാതിയുടെ പേരില്‍ ആളുകളെ ശിക്ഷിക്കാന്‍ ഡിജിപി ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നായിരുന്നു ഹിമാന്‍ഷു കുമാറിന്റെ ട്വീറ്റ്. ഈമാസം 22നാണ് ഇദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

എന്നാല്‍ തന്റെ പ്രതികരണത്തെ ചിലര്‍ തെറ്റിദ്ധരിച്ചുവെന്നും താന്‍ സര്‍ക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുകയാണ് താന്‍ ചെയ്തതെന്നും കാട്ടി പിന്നീട് ഹിമാന്‍ഷു കുമാര്‍ മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും സസ്പെന്‍ഷന്‍ നടപടിക്കു തടസ്സമായില്ല. 2010 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഹിമാന്‍ഷു കുമാര്‍.

അതേസമയം, പൊലീസ് ഓഫീസറുടെ പ്രതികരണം ലോക്സഭയിലും ചര്‍ച്ചയായി. കോണ്‍ഗ്രസ് അംഗം രഞ്ജീത് രഞ്ജന്‍ ആണ് ഇക്കാര്യം ലോക്സഭയില്‍ ഉന്നയിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരു പ്രത്യേക ജാതി ലക്ഷ്യം വയ്ക്കുന്നു എന്ന കാര്യം ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നതായും ഈ വെറുപ്പിന്റെ മനോഭാവം ഉത്തര്‍പ്രദേശിലെ യാദവ, മുസ്ലിം, ദളിത് വിഭാഗങ്ങളോടും വ്യാപകമായി നിലനില്‍ക്കുന്നതായും ഇതു ഭരണഘടനയ്ക്ക് എതിരാണെന്നും രഞ്ജന്‍ വാദിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എതിര്‍ത്തു. സംസ്ഥാനത്ത് ജാതിയുടെയോ മതത്തിന്റേയോ പേരില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാദം. ഇക്കാര്യം തന്നോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.