ഇന്‍ഫോസിസ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്

അടുത്ത രണ്ട് വര്‍ഷങ്ങളിലായി 10,000 അമേരിക്കന്‍ ഐടി വിദഗ്ധരെ ജോലിക്കെടുക്കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു

ഇന്‍ഫോസിസ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. അതേസമയം അടുത്ത രണ്ട് വര്‍ഷങ്ങളിലായി 10,000 അമേരിക്കന്‍ ഐടി വിദഗ്ധരെ ജോലിക്കെടുക്കുമെന്ന് കമ്പനി അറിയിച്ചു. വിപ്രോയുടേയും കൊഗ്നിസന്റിന്റേയും പാത പിന്തുടര്‍ന്നാണ് ഇന്‍ഫോസിസിന്റെ നടപടി. ജോലിയില്‍ മികവ് കാണിക്കാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു.

''ജീവനക്കാരുടെ ജോലിയിലെ മികവ് കൃത്യമായ ഇടവേളകളില്‍ കമ്പനി പരിശോധിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിലരെ പിരിച്ചുവിടുന്നത്'' കമ്പനി വക്താവ് പറഞ്ഞു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം നൂറുകണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 600 ജീവനക്കാരോട് നിർബന്ധിത രാജി സമർപ്പിക്കാൻ വിപ്രോ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പിരിച്ചുവിടുന്നവരുടെ എണ്ണം 2,000 വരെയാകാമെന്ന് അഭ്യൂഹമുണ്ട്. അമേരിക്കന്‍ കമ്പനിയായ കൊഗ്നിസന്റും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.