റെയിൽവേ സ്റ്റേഷനിലേക്കെങ്കിൽ ഇനി കണ്ണും കാതും പൊത്താം; ഡിജിറ്റൽ പരസ്യം വഴി പതിനായിരം കോടിയുണ്ടാക്കാൻ ഇന്ത്യൻ റെയിൽവേ

നിലവിലുള്ള ശബ്ദകോലാഹലങ്ങൾ കൂടാതെ റെയിൽവേ സ്റ്റേഷനുകളിൽ കൂറ്റൻ ഡിജിറ്റൽ പരസ്യപ്പലകകൾ സ്ഥാപിച്ച് യാത്രക്കാരെ സഹായിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഒപ്പം അല്പം വരുമാനവും ലക്ഷ്യമുണ്ട്...

റെയിൽവേ സ്റ്റേഷനിലേക്കെങ്കിൽ ഇനി   കണ്ണും കാതും പൊത്താം; ഡിജിറ്റൽ പരസ്യം വഴി   പതിനായിരം കോടിയുണ്ടാക്കാൻ ഇന്ത്യൻ റെയിൽവേ

"മാതൃ..ഭൂ..മീ.." എന്ന് സംഗീതമോ കേൾവിസൗകുമാര്യമോ തൊട്ടുതീണ്ടാത്ത ശബ്ദത്തിൽ യാത്രക്കാരെ കോഴിക്കോട് സ്റ്റേഷനിൽ റെയിൽവേ ക്ഷീണിപ്പിക്കുന്നത് കേട്ടിട്ടില്ലേ? ഔചിത്യം തീണ്ടാത്ത ശബ്ദമലിനീകരണമെന്ന് അതിനെക്കുറിച്ചു തോന്നാത്ത യാത്രക്കാരുണ്ടാവില്ല!

സമാനമായ ശബ്ദപരസ്യങ്ങൾകൊണ്ടും കോലംകെട്ട വർണപ്പലകകൾ കൊണ്ടും യാത്രക്കാരെ കൂടുതൽ ക്ഷീണിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. അടുത്ത പത്ത് വർഷംകൊണ്ട് പതിനായിരംകോടി രൂപ പരസ്യയിനത്തിൽ സമാഹരിക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചു. ഡിജിറ്റൽ പരസ്യങ്ങൾവഴിയാണ് ഇത്രയും പണം നേടാൻ റെയിൽവേ ലക്ഷ്യമിടുന്നത്.

പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ വമ്പന്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് യാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് പദ്ധതി. തത്സമയ യാത്രാവിവരങ്ങള്‍ക്കൊപ്പം കൂടുതൽ ഡിജിറ്റല്‍ പരസ്യങ്ങളും ഇനി യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടിവരും. ടിക്കറ്റിതര വരുമാനത്തിനായി റെയില്‍വേ ആശ്രയിക്കുന്ന മാര്‍ഗമാണ് റെയില്‍ ഡിസ്‌പ്ലേ നെറ്റ്വര്‍ക്ക് (ആര്‍ഡിഎന്‍).

തുടക്കത്തില്‍ 400 പ്രധാന എ കാറ്റഗറി സ്റ്റേഷനുകളില്‍ ആര്‍ഡിഎന്‍ സ്ഥാപിക്കാനാണ് പദ്ധതി എന്നറിയുന്നു. മെയ് മാസത്തില്‍ ഇതിനായുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു തുടങ്ങും. പതുക്കെപ്പതുക്കെ എല്ലാ സ്റ്റേഷനുകളിലും 'യാത്രിയോം കാ മനോരഞ്ജന്‍ കേ ലിയേ' സുന്ദരന്‍ പരസ്യങ്ങള്‍ രാപ്പകല്‍ വെട്ടിത്തിളങ്ങും.

ഗൂഗിള്‍ പോലെയുള്ള ടെക് ഭീമന്മാര്‍ ഈ പരസ്യവിദ്യയില്‍ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റും റിലയന്‍സും താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ടെലിവിഷന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പരസ്യമാധ്യമം ആയിത്തീരാന്‍ റെയില്‍വേ ഒരുങ്ങുകയാണെന്ന് ചുരുക്കം.

ഓള്‍ഡ് ഡല്‍ഹി, ഗോരഖ്പൂര്‍, ഗ്വാളിയോര്‍, വാരണാസി എന്നിവിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ ചെറുതും വലുതുമായ സ്‌ക്രീനുകള്‍ പരസ്യസംപ്രേക്ഷണം നടത്തുന്നുണ്ട്. രാജ്യമാകമാനം 2175 റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടു ലക്ഷം ഡിജിറ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്ന ഇടങ്ങളിലായിരിക്കും ഇവയെല്ലാം സ്ഥാപിക്കുക.

ഈ സ്‌ക്രീനുകള്‍ നിയന്ത്രിക്കുന്നത് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും. അപ്പോള്‍ ഉള്ളടക്കം പരിശോധിക്കാനും സമയക്രമം നിയന്ത്രിക്കാനും എളുപ്പമായിരിക്കും. റെയില്‍നെറ്റ് ആയിരിക്കും ഇതിനുള്ള ഒപ്റ്റിക്കല്‍ കേബിളുകളും സാങ്കേതികസഹായങ്ങളും നല്‍കുക.