ദളിത് നിയമ വിദ്യാര്‍ത്ഥി ദിലീപ് സരോജിനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ഒളിവില്‍

ഉത്തര്‍പ്രദേശ് ഇത്തരം ജാതീയ അതിക്രമങ്ങളുടെ പതിവ് വേദിയായി ഇതിനകം മാറിക്കഴിഞ്ഞു. ബിജെപിയുടെ ജാതീയമായ വിവേചന രാഷ്ട്രീയം ദളിതരുടെ ജീവിതത്തെ അപ്പാടെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് ദിലീപ് സരോജിന്‍റെ കൊലപാതകത്തെപ്പറ്റി മായാവതി പ്രതികരിച്ചത്.

ദളിത് നിയമ വിദ്യാര്‍ത്ഥി ദിലീപ് സരോജിനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ഒളിവില്‍

നടന്നു പോകുമ്പോൾ ശരീരത്തിൽ തട്ടിയതിന്റെ പേരിൽ അലഹാബാദില്‍ ദളിത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ വിജയ് ശങ്കര്‍ സിംഗ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 2006ലെ മറ്റൊരു കൊലപാതകക്കേസില്‍ പ്രതി കൂടിയാണ് ഇയാള്‍.

മൂന്നു ദിവസങ്ങൾക്കു മുൻപാണ് ഉത്തർ പ്രദേശ് സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ദിലീപ് സരോജിനെ ഹോട്ടലിലേക്ക് കയറുമ്പോൾ കാലിൽ തട്ടി എന്നാരോപിച്ച് ഒരു സംഘം ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കും കല്ലും ഉപയോഗിച്ച് മർദ്ദിച്ചു കൊന്നത്. ഇത് കണ്ട ദൃക്സാക്ഷികളിലാരോ മൊബൈലിൽ എടുത്ത വീഡിയോ വഴിയാണ് ഈ ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. താക്കൂര്‍ ജാതിക്കാരാണ് അതിക്രമത്തിന് പിന്നില്‍. തലയ്ക്കാണ് സരോജിന് സാരമായി പരിക്കേറ്റത്. ഭാരമുള്ള വസ്തുവാണ് അടിക്കാന്‍ ഉപയോഗിച്ചത്. അബോധാവസ്ഥയിലായ സരോജിന്‌റെ ശരീരത്തിലേക്ക് ഇഷ്ടിക എടുത്തെറിയുകയായിരുന്നു അക്രമകാരികള്‍. തലയിലും ഇവര്‍ ഇടിച്ചിരുന്നു.

പ്രധാന പ്രതിയും സുൽത്താൻപൂർ സ്വദേശി കൂടിയായ വിജയ് ശങ്കര്‍ സിംഗിന് പ്രദേശത്തെ ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ട് എന്നും പറയപ്പെടുന്നു. സുൽത്താൻപൂരിലെ തന്നെ മുന്‍ ബിഎസ്പി നേതാവ് സോനു സിങ്ങുമായി ഇയാൾക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും ഒളിവിൽ കഴിയാൻ ഈ ബന്ധങ്ങൾ ഇയാളെ സഹായിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2013ല്‍ ബിജെപിയില്‍ ചേര്‍ന്നയാളാണ് സോനു സിംഗ്.

ദിലീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദളിത് വിദ്യാർഥി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. അലഹബാദിൽ കത്തിപ്പടരുന്ന കലാപത്തിനിടെ പ്രതിഷേധക്കാർ ഒരു ബസ് കത്തിച്ചു. രോഷാകുലരായ വിദ്യാർഥികൾ ജില്ലാ കലക്റ്റർ എൽവൈ സുഹാസിന്റെ വീട്ടിലേക്ക് മാർച്ചും നടത്തിയിരുന്നു.

ദിലീപ് സരോജ്


ബിജെപിയുടെ ജാതീയമായ, ഇടുങ്ങിയ കാഴ്ചപ്പാടാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി പ്രതികരിച്ചു. ബിജെപി അധികാരത്തിൽ കയറിയ ശേഷം ദളിതർ തുടർച്ചയായി അക്രമിക്കപ്പെടുന്നുണ്ടെന്നും ഇത് ആദ്യത്തെ സംഭവമല്ലെന്നും മായാവതി കൂട്ടിച്ചേർത്തു. നിയമസഭയിലും സംഭവത്തിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം ഉണ്ടായി.

ദിലീപ് സരോജിന്റെ കൊലപാതകത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സമാജ്വാദി യുവജന്‍ സഭ, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ പ്രതിഷേധിച്ചു. ജെഎന്‍യുവില്‍ ബാപ്‌സയും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും പ്രതിഷേധം ശക്തമാക്കി.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ നിഷ്‌കളങ്കരെ കൊലപ്പെടുത്തുക മാത്രമാണ് ഉത്തര്‍പ്രദേശ് പൊലീസ് ചെയ്യുന്നത് എന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു.

സരോജ് കൊല്ലപ്പെട്ടുകഴിഞ്ഞ ശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. കൊലപാതകം കഴിഞ്ഞ ശേഷം മാത്രമേ പൊലീസ് വരികയുള്ളൂ എന്ന് ആക്രമികളില്‍ ഒരാള്‍ പറഞ്ഞിരുന്നതായും ഒരു ദൃക്സാക്ഷി പറയുന്നു.

കൊല്ലപ്പെട്ട ദിലീപിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം എന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് 20 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി പ്രഖ്യാപിച്ചത്.

Read More >>