ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; പുറത്താക്കപ്പെട്ട സൈനികന് മറ്റൊരു ജോലി നൽകിയെന്ന് നാവിക സേന

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തന്നെ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കിയെന്ന് ആരോപിച്ച് മുൻ സൈനികൻ സാബി ഗിരി സമർപ്പിച്ച ഹർജിയുടെ വാദത്തിനിടയിലാണ് നാവിക സേനയുടെ വിശദീകരണം.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; പുറത്താക്കപ്പെട്ട സൈനികന് മറ്റൊരു ജോലി നൽകിയെന്ന് നാവിക സേന

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായതിന് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട സൈനികന് മറ്റൊരു ജോലി നൽകിയിട്ടുണ്ടെന്ന് നാവിക സേന. 2016ലാണ് മനീഷ് എന്ന സൈനികൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സാബി എന്ന പേര് സ്വീകരിച്ചത്. തുടർന്ന് സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചു ഇയാളെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തന്നെ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കിയെന്ന് ആരോപിച്ചു സാബി സമർപ്പിച്ച ഹരജിയുടെ വാദത്തിനിടയിലാണ് നാവിക സേനയുടെ വിശദീകരണം. സർക്കാരിന് വേണ്ടി ഡാറ്റ എൻട്രി വർക്കുകൾ ചെയുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ സൈനികന് ജോലി തരപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന് നാവിക സേന കോടതിയെ അറിയിച്ചു.

2016 ഒക്ടോബറിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി നേവിയിലെ ഉദ്യോഗസ്ഥനായ സാബി ഗിരി മൂന്ന് ആഴ്ച്ച അവധിയിൽ പ്രവേശിച്ചത്. അവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തിയ സാബി ശസ്ത്രക്രിയയെ തുടർന്ന് കടുത്ത ശാരീരിക ബുദ്ധിമുട്ടിലായിരുന്നു. മൂത്രത്തില്‍ പഴുപ്പ് വന്നതോടെയാണ് തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്ന സാബിയെ ഒരു മുന്നറിയിപ്പും നൽകാതെ സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

ലിംഗമാറ്റം പുറത്തറിഞ്ഞതോടെ തന്റെ വകുപ്പ് മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ആറുമാസത്തോളം നിര്‍ബന്ധിച്ച് ചികിത്സിപ്പിച്ചുവെന്ന് സാബി കോടതിയെ അറിയിച്ചു. 15 വര്‍ഷത്തെ സേവനമില്ലാത്തതിനാല്‍ തനിക്ക് പെന്‍ഷൻ ലഭിക്കില്ല. അതുകൊണ്ട് തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നും സാബി ആവശ്യപ്പെട്ടു. സേനയില്‍ പ്രവേശിക്കുമ്പോഴത്തെ ലിംഗസ്വത്വത്തില്‍നിന്ന് ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു ശസ്ത്രക്രിയ നടത്തി മാറുന്നത് ചട്ടലംഘനമാണെന്നും നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം വരുത്തിയവര്‍ക്കു ജോലിയില്‍ തുടരാനാകില്ലെന്നുമാണ് നാവിക സേനാ അധികൃതർ പറയുന്നത്.

ഡൽഹി ഹൈകോടതിയിൽ നടന്ന വാദത്തിൽ നാവിക സേനയ്ക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ കേന്ദ്ര സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസിൽ അംഗമായ അനിൽ സോണി എന്നിവരാണ് ഹാജരായത്.

Read More >>