ഫിറ്റാകാത്ത ഉടുപ്പുകൾക്ക് വിട; അണിയറയിൽ ഇന്ത്യൻ സൈസ് ചാർട്ട് ഒരുങ്ങുന്നു

രാജ്യവ്യാപകമായി 25000 ൽ പരം ആളുകളിൽ നിന്ന് സാമ്പിൾ സ്വീകരിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഫിറ്റാകാത്ത ഉടുപ്പുകൾക്ക് വിട; അണിയറയിൽ ഇന്ത്യൻ സൈസ് ചാർട്ട് ഒരുങ്ങുന്നു

റെഡിമെയ്ഡ് വസ്ത്രങ്ങൾക്കുള്ള ഏറ്റവും വലിയ പോരായ്മയാണ് അതിന്റെ സൈസ് ചാർട്ട്. പലപ്പോഴും കൃത്യമായ അളവിലുള്ള വസ്ത്രങ്ങൾ ലഭിക്കില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ റീഷെപ്പ് ചെയ്ത വീണ്ടും തുന്നിയാലേ കൃത്യമായ അളവിൽ ലഭിക്കാറുള്ളൂ. കാരണം, വസ്ത്ര നിർമാതാക്കൾ പിൻപറ്റുന്നത് വിദേശ വസ്ത്ര അളവുകളാണ്. പ്രധാനമായും അമേരിക്ക, ഇംഗ്ലണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സൈസ് ചാർട്ടുകളാണ് ഇന്ത്യൻ വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നത്. ആ നാട്ടിലെ ആളുകളുടെ ശരീര ഘടനയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന സൈസ് ചാർട്ടുകൾ മിക്കപ്പോഴും നമുക്ക് 'പാര'യാകുന്നതും അത് കൊണ്ടാണ്.

എന്നാൽ ഇത്തരം പ്രതിബന്ധങ്ങൾ അവസാനിക്കാൻ പോകുന്നുവെന്നാണ് പുതിയ വാർത്തകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ നേതൃത്വത്തിൽ അണിയറയിൽ ഇന്ത്യൻ സൈസ് ചാർട്ട് ഒരുങ്ങുന്നുണ്ട്. രാജ്യവ്യാപകമായി 25000 ൽ പരം ആളുകളിൽ നിന്ന് സാമ്പിൾ സ്വീകരിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏതാണ്ട് 30 കോടിയോളം രൂപയാണ് സർവേ ചെലവായി കണക്കാക്കുന്നത്.

ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഈ സർവേ 15 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവരിലാണ് നടത്തുന്നത്. ത്രീഡി ഹോൾ ബോഡി സ്കാനർ ഉപയോഗിച്ചാണ് അളവെടുക്കുന്നതും സൈസ് ചാർട്ട് തയ്യാറാക്കുന്നതും. തികച്ചും സ്വകാര്യത ഉറപ്പു വരുത്തുന്ന ഈ സർവേ മൂന്നു വർഷത്തോളമെടുത്താവും പൂർത്തീകരിക്കുക.

നമ്മുടെ വസ്ത്ര ധാരണത്തിലെ എളുപ്പം മാത്രമല്ല, ബിസിനസിനും ലാഭകരമാണ്. മറ്റു രാജ്യങ്ങളിലെ സൈസ് ചാർട്ടുകൾ പിന്തുടരുന്നത് മൂലം ഇന്ത്യൻ വസ്ത്ര വ്യവസായത്തിൽ നാല്പത് ശതമാനം വരെ മടക്കി അയക്കൽ ഉണ്ടാവുന്നുണ്ട്. ഇ-കൊമേഴ്‌സ് രംഗത്ത് ഇത് വലിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ സൈസ് ചാർട്ട് നിലവിൽ വന്നാൽ വിദേശബ്രാൻഡുകളും അതംഗീകരിക്കും. അത് കൊണ്ട് തന്നെ മടക്കി അയക്കൽ കുറയ്ക്കാൻ സാധിക്കും.

ഓട്ടോമോട്ടീവ്, സ്പോർട്സ്, ഫിറ്റ്നസ്, കമ്പ്യൂട്ടർ ഗെയിമിങ്ങ് മേഖലകളിലും ഈ സൈസ് ചാർട്ട് ഉപയോഗിക്കാനാവും.

Read More >>