ടാസ്മാക് ഇല്ലെങ്കിലെന്താ, തമിഴ്‍നാട്ടിൽ മദ്യം സുലഭം!

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്വന്തം മണ്ഡലമായ സേലത്തില്‍ തന്നെയാണു വ്യാജമദ്യ വില്‍പന തകൃതിയായി നടക്കുന്നത്. വ്യാജമദ്യവും കള്ളച്ചാരായവും നാട്ടില്‍ പരക്കുന്നതു കണ്ട് അമ്പരന്ന നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമാണെന്നാണു പരാതി.

ടാസ്മാക് ഇല്ലെങ്കിലെന്താ, തമിഴ്‍നാട്ടിൽ മദ്യം സുലഭം!

തമിഴ്‍നാട്ടിൽ മൊത്തം മദ്യ വില്‍പനശാലകളുടെ 60 ശതമാനം വരുന്ന ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടിയതോടേ വ്യാജ മദ്യലോബികള്‍ പെരുകുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ 3300 ടാസ്മാക് മദ്യശാലകളാണ് അടച്ചുപൂട്ടിയത്. മദ്യലഭ്യത കുറഞ്ഞതോടെ ജനം ആശ്രയിക്കുന്നതു കള്ളവാറ്റുകാരേയും മദ്യക്കടത്തുകാരേയുമാണ്. വ്യാജമദ്യവും കള്ളച്ചാരായവും നാട്ടില്‍ പരക്കുന്നതു കണ്ട് അമ്പരന്ന നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമാണെന്നാണു പരാതി.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്വന്തം മണ്ഡലമായ സേലത്തില്‍ തന്നെയാണു കൂടുതൽ വ്യാജമദ്യവില്‍പന തകൃതിയായി നടക്കുന്നത്. രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശമാണു സേലം. എന്നാല്‍ മദ്യം ഇഷ്ടം പോലെ ഒഴുകുന്നുമുണ്ട്. ആത്തൂര്‍, വാഴപ്പാടി, തമ്മംപട്ടി, പെദ്ദനായകന്‍പാളയം തുടങ്ങിയ പഞ്ചായത്തുകളിലാണ് ചാരായ വില്‍പന കൂടുതൽ.

ആത്തൂരിനരികിലുള്ള കല്‍വരായന്‍ മലമ്പ്രദേശങ്ങളിലാണ് കള്ളവാറ്റിന്റെ ഈറ്റില്ലം. സേലം മാത്രമല്ല, തിരുവണ്ണാമലൈ, വിഴുപുരം, പെരമ്പല്ലൂര്‍, തിരുച്ചി, നാമക്കല്‍ എന്നിവിടങ്ങളിലും വ്യാജമദ്യവും ചാരായവും സമൃദ്ധമായി ലഭ്യമാണ്.

കല്‍വരായന്‍ മലകളോടു ചേര്‍ന്ന് അമ്പതിലധികം ഗ്രാമങ്ങളുണ്ട്. കൃഷിയാണു ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗം. ഫാമുകള്‍, പഴന്തോട്ടങ്ങള്‍ എന്നിവ ധാരാളമുണ്ടിവിടെ. പക്ഷേ, വരള്‍ച്ചയാണ്. വിളകള്‍ കരിഞ്ഞു കൃഷിഭൂമികള്‍ വരണ്ടുണങ്ങിയിരിക്കുകയാണ്.

ഈ അവസ്ഥ ചാരായവാറ്റുകാര്‍ മുതലെടുക്കുന്നു എന്നു വേണം പറയാന്‍. ഗ്രാമങ്ങളോടു ചേര്‍ന്നുള്ള വനം വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളിലാണു അടുപ്പുകള്‍ കൂട്ടി ചാരായം വാറ്റുന്നത്. വില്‍പനയും തകൃതിയായി നടക്കുന്നു. പൊലീസുകാര്‍ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.

ടാസ്മാക് മദ്യശാലകള്‍ക്കു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതു പോലെയാണു കാര്യങ്ങള്‍ നടക്കുന്നത്. എല്ലായിടത്തും ചാരായക്കടകള്‍ നിര്‍ബാധം പ്രവര്‍ത്തിയ്ക്കുന്നു. വൈകുന്നേരം വാറ്റുന്ന ചാരായം ട്യൂബുകളിലാക്കി തലച്ചുമടായി കൊണ്ടുപോകുകയാണു ചെയ്യുന്നത്.


ചെറുകിട വില്‍പനക്കാര്‍ വഴി വ്യാജ മദ്യം പായ്ക്കറ്റ് ഒന്നിനു 50 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ അവര്‍ക്കു മാസപ്പടി എത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.