മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റ്: മര്‍ദ്ദനമേറ്റ സൂരജിനെതിരെ കേസ്; കേന്ദ്രം റിപ്പോർട്ട് തേടി

എബിവിപി നേതാവ് മനീഷ്‌കുമാര്‍ സിങ്ങ് നല്‍കിയ പരാതിയിലാണ് മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുത്തത്. ഇറച്ചി നിരോധനത്തിനെതിരെ കഴിഞ്ഞദിവസം രാത്രിയാണ് ഐഐടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനായ സൂരജ് അടക്കമുള്ളവര്‍ക്കെതിരെയാണ് എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റ്: മര്‍ദ്ദനമേറ്റ സൂരജിനെതിരെ കേസ്; കേന്ദ്രം റിപ്പോർട്ട് തേടി

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്തിയതിനു എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ത്ഥി സൂരജിനെതിരെ കേസ്. എബിവിപി നേതാവ് മനീഷ്‌കുമാര്‍ സിങ്ങ് നല്‍കിയ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തത്. സംഭവത്തിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം ഐഐടി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

സൂരജിന്റെ കണ്ണ് അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് മനീഷ്‌കുമാര്‍ സിങ്ങ് അടക്കമുള്ള എട്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കലാപം, മര്‍ദ്ദനം, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കന്നുകാലി കശാപ്പു നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഐഐടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അമ്പതോളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവ പ്രവര്‍ത്തകരായ സൂരജ് അടക്കമുള്ളവര്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു.

ബീഫ് ഫെസ്റ്റിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് എബിവിപി പ്രവര്‍ത്തകരായ ഒരു സംഘം ആളുകള്‍ മനീഷ്‌കുമാര്‍ സിങ്ങിന്‍രെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്. വലതുകണ്ണിന് ഗുരുതരമായി പരുക്കേറ്റ സുരജ് ആശുപത്രിയിലാണ്. ആക്രമികള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ക്യാംപസിലെ എബിവിപി നേതാവായ മനീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി.ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി സൂരജ് പറഞ്ഞു.

അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ശക്തമായ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

loading...