ജല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാമെങ്കില്‍ രാമക്ഷേത്ര നിര്‍മാണത്തിനും ആയിക്കൂടേയെന്ന് വി എച്ച് പി

ബാബറി മസ്ജിദ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തണമെന്ന് ഈ മാസം ആദ്യം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ജല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാമെങ്കില്‍ രാമക്ഷേത്ര നിര്‍മാണത്തിനും ആയിക്കൂടേയെന്ന് വി എച്ച് പി

തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് നടത്താനായി ഓര്‍ഡിനന്‍സ് ഇറക്കിയ മാതൃകയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിക്കൂടേയെന്ന് വിശ്വ ഹിന്ദു പരിഷത്. രാമക്ഷേത്ര നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് വി എച്ച് പി വക്താവ് സുരേന്ദ്ര കുമാര്‍ ജയ്ന്‍ അവകാശപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുന്നത് രാമക്ഷേത്ര നിര്‍മാണമെന്ന ദീര്‍ഘകാല ആവശ്യം സാക്ഷാത്കരിക്കുന്നതിന് കാരണമാകുമെന്നും സുരേന്ദ്ര കുമാര്‍ പറഞ്ഞു. തര്‍ക്കസ്ഥലത്ത് നേരത്തെ തന്നെ ക്ഷേത്രം ഉണ്ടായിരുന്നതിനാല്‍ പുതിയ ക്ഷേത്ര നിര്‍മാണത്തിന് നിയമതടസങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.


ബാബറി മസ്ജിദ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തണമെന്ന് ഈ മാസം ആദ്യം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എല്‍കെ അധ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നീ നേതാക്കളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബാബറി മസ്ജിദ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് ലക്‌നൗ, റായ്ബറേലി കോടതികളില്‍ നടക്കുന്ന കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനും കേസുകളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധികളൊന്നും രാമക്ഷേത്ര നിര്‍മാണത്തിന് ബാധകമല്ലെന്ന്് സുരേന്ദ്ര കുമാര്‍ പറഞ്ഞു.