"കറുത്തവർഗ്ഗക്കാരായ തെന്നിന്ത്യക്കാർക്കൊപ്പം ഞങ്ങൾ ജീവിക്കുന്നില്ലേ?"; നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ നടന്നത് വംശീയാതിക്രമമല്ലെന്നു വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ഗ്രെയ്റ്റർ നോയിഡയിൽ നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽ ജസീറ ടെലിവിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ബിജെപി നേതാവ് തരുൺ വിജയ് തെന്നിന്ത്യക്കാരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്.

കറുത്തവർഗ്ഗക്കാരായ തെന്നിന്ത്യക്കാർക്കൊപ്പം ഞങ്ങൾ ജീവിക്കുന്നില്ലേ?; നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ നടന്നത് വംശീയാതിക്രമമല്ലെന്നു വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ഇന്ത്യക്കാർ വംശീയവാദികളല്ലെന്നും തെന്നിന്ത്യക്കാർക്കൊപ്പം ജീവിക്കുന്നവരുമാണെന്ന വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് തരുൺ വിജയ്. ഗ്രെയ്റ്റർ നോയിഡയിൽ നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽ ജസീറ ടെലിവിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരുൺ വിജയ്.

ഞങ്ങൾ വംശീയവാദികളാണെങ്കിൽ എങ്ങനെയാണ് തെന്നിന്ത്യക്കാർക്കൊപ്പം ജീവിക്കുക? നിങ്ങൾക്കറിയാം തമിഴ്, കേരളം, കർണാടകം, ആന്ധ്ര. വംശീയവാദികളാണെങ്കിൽ ഞങ്ങളെന്തിന് അവർക്കൊപ്പം ജീവിക്കണം? ഞങ്ങൾക്ക് കറുത്ത ആളുകൾ ഉണ്ട്. കറുത്തവർക്കൊപ്പം ഞങ്ങൾ ജീവിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല, പാരമ്പര്യത്തെ അംഗീകരിക്കുന്നില്ല, സംസ്കാരത്തെയും അംഗീകരിക്കുന്നില്ല..

തരുൺ വിജയുടെ പ്രസ്താവനയോട് പ്രതിഷേധവുമായി ഇതിനോടകം നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. കറുപ്പ് എന്നത് ഒരു നിറംമാത്രമാണെന്നും 'ഞങ്ങൾ'എന്നത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നും ചോദിച്ച് തമിഴ്നാട്ടിൽനിന്നുള്ള പരിസ്ഥിതിപ്രവർത്തകൻ നിത്യാനന്ദ് ജയരാമൻ ഫെയ്‌സ്ബുക്കിൽ പ്രതികരണം രേഖപ്പെടുത്തി. 'ഞങ്ങൾ' എന്നതിൽ തെക്കു നിന്നുള്ള കറുത്തവരും ഉൾപ്പെടുമോ എന്ന് നിത്യാനന്ദ് ജയരാമൻ ചോദിക്കുന്നു.


കുറച്ചുകാലം മുൻപ് ബിഹാറികൾ മഹാരാഷ്ട്രയിൽ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. മറാത്തികൾക്ക് ബിഹാറിൽ ഭീതിതമായ അവസ്ഥയുണ്ടായിരുന്നു. പക്ഷെ അതൊന്നും വംശീയ ആക്ട്രമണങ്ങൾ ആയിരുന്നില്ലെന്നും ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ പല കാരണങ്ങളാലും ആക്രമിക്കുക മാത്രമായിരുന്നു - എന്നും തരുൺ വിജയ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Read More >>