2019ൽ ബിജെപി ജയിച്ചാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാൻ ആകുമെന്ന് ശശി തരൂർ

ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

2019ൽ ബിജെപി ജയിച്ചാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാൻ ആകുമെന്ന് ശശി തരൂർ

2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഇന്ത്യ ഒരു 'ഹിന്ദു പാക്കിസ്താൻ' ആകുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപി ഒരു പുതിയ ഭരണ ഘടനയുണ്ടാക്കും. അത് പാക്കിസ്താനെ പോലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഒന്നും മാനിക്കാത്ത ഒരു പുതിയ രാജ്യത്തിന് വഴിയൊരുക്കുമെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂർ.

"അവർ(ബിജെപി) ലോക്സഭയിൽ വിജയം ആവർത്തിച്ചാൽ ഭരണഘടനയെ നശിപ്പിക്കാനും പുതുതൊരെണ്ണം ഉണ്ടാക്കാനുമുള്ള എല്ലാ ഘടകങ്ങളും അവർക്ക് ലഭിക്കും. അങ്ങിനെയായാൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ നമ്മുടെ ഭരണഘടന അതിജീവിക്കില്ല." തരൂർ പറഞ്ഞു.

"പുതുതായി ഉണ്ടാവുന്ന ഭരണഘടന ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളെ ഉൾക്കൊള്ളുന്ന ഒന്നായിരിക്കും. അത് ന്യൂനപക്ഷങ്ങളുടെ തുല്യത ഇലാതാക്കും. അത് മഹാത്മാ ഗാന്ധി, നെഹ്‌റു, സർദാർ പട്ടേൽ, മൌലാനാ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര നായകന്മാർ പൊരുതി നേടിയ ഒരു നാടായിരിക്കില്ല, ഒരു ഹിന്ദു പാക്കിസ്താനായിരിക്കും അത്"- തരൂർ കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസാണ് പാക്കിസ്താന്റെ രൂപീകരണത്തിനു കാരണമെന്നും എന്നിട്ട് അവർ തന്നെ ഇന്ത്യയെ നിന്ദിക്കാനും ഹിന്ദുക്കളെ അധിക്ഷേപിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും ബിജെപി വക്താവ് സമ്പിത് പത്ര വാർത്താ ഏജൻസിയായ 'എ‌എൻ‌ഐ'യോട് പറഞ്ഞു. ഇന്ത്യയെ നിന്ദിക്കാനും ഹിന്ദുക്കളെ അധിക്ഷേപിക്കാനുമുള്ള ഒരു അവസരവും കോൺഗ്രസ് പാഴാക്കില്ലെന്ന് പത്ര ട്വിറ്ററിലൂടെയും ആരോപിച്ചു.

Read More >>