ഡല്‍ഹിയില്‍ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ ശ്രമിച്ച യുവ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു

ഐഎഫ്എസ്, ഐആര്‍എസ് ട്രെയിനികളായ സുഹൃത്തുക്കളോടൊപ്പം സ്വിമ്മിങ് പൂളിനു സമീപം ചെലവഴിക്കവേയാണ് സംഭവം. സ്വിമ്മിങ് പൂളിനു സമീപം നിന്ന വനിതാ ഓഫീസര്‍ തെന്നി വെള്ളത്തില്‍ വീണപ്പോള്‍ ആശിഷ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു

ഡല്‍ഹിയില്‍ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ ശ്രമിച്ച യുവ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു

സഹപ്രവര്‍ത്തകയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവ ഐഎഎസ് ഓഫീസര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. ആശിഷ് ദാഹിയ എന്ന 30കാരനായ ഹരിയാന സ്വദേശിയാണ് ഇന്നലെ ഡല്‍ഹിയിലെ ഒരു ഹോട്ടലിലെ സ്വമ്മിങ് പൂളില്‍ മുങ്ങിമരിച്ചത്. ഐഎഫ്എസ്, ഐആര്‍എസ് ട്രെയിനികളായ സുഹൃത്തുക്കളോടൊപ്പം സ്വിമ്മിങ് പൂളിനു സമീപം ചെലവഴിക്കവേയാണ് സംഭവം.

ഇതിനിടെ കൂട്ടത്തിലെ വനിതാ ഐഎഎസ് ട്രെയിനി ഓഫീസര്‍ വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ സഹായിക്കാന്‍ ശ്രമിച്ചതാണ് ആശിഷ്. ''സ്വിമ്മിങ് പൂളിനു സമീപം നിന്ന വനിതാ ഓഫീസര്‍ തെന്നി വെള്ളത്തില്‍ വീണപ്പോള്‍ ആശിഷ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. വനിതാ ഓഫീസറെ മറ്റുള്ളവര്‍ കരയ്ക്കു കയറ്റിയെങ്കിലും വെള്ളത്തില്‍ മുങ്ങിപ്പോയ ആശിഷിന്റെ ശരീരം മിനിറ്റുകള്‍ക്കകം വെള്ളത്തിനു മുകളില്‍ പൊങ്ങിയ നിലയില്‍ കാണുകയായിരുന്നു''- ഡല്‍ഹി സൗത്ത് ഡിസിപി ചിന്‍മോയ് ബിസ്വാല്‍ പറഞ്ഞു. ഉടന്‍ തന്നെ വസന്ത് കുഞ്ചിലെ ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം എയിംസിലേക്ക് മാറ്റി.