ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വ്യോമസേന വിമാനം കാണാതായി; പൈലറ്റുമാരില്‍ ഒരാള്‍ മലയാളി

ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈന്യം. വിമാനം കണ്ടെത്താന്‍ വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒന്‍പതു സംഘങ്ങളും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണെന്ന് വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു. ..

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വ്യോമസേന വിമാനം കാണാതായി; പൈലറ്റുമാരില്‍ ഒരാള്‍ മലയാളി

അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട്ടുകാരന്‍. പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവി (25) നെയാണ് കാണാതായത്. പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്.

ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ സഹദേവനും കുടുംബവും ഇപ്പോള്‍ തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് താമസം. അപകട വിവരമറിഞ്ഞു രക്ഷിതാക്കള്‍ അസമിലെ തേസ്പുര്‍ വ്യോമസേനാ താവളത്തിലേക്ക് തിരിച്ചിരിക്കുകയാണ്.

സ്‌ക്വാഡ്രന്‍ ലീഡറായ ഉത്തരേന്ത്യന്‍ സ്വദേശിയാണ് കാണാതായ മറ്റൊരാള്‍. ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈന്യം. വിമാനം കണ്ടെത്താന്‍ വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒന്‍പതു സംഘങ്ങളും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണെന്ന് വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു. എന്നാല്‍ കനത്ത മഴ തടസ്സമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് വിമാനം കാണാതായത്. രണ്ടു വൈമാനികര്‍ക്കു മാത്രം സഞ്ചരിക്കാനുള്ള സൗകര്യമുള്ള വിമാനമാണിത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്. വിമാനം ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്നു വ്യോമസേന അറിയിച്ചു.

ഇന്ത്യയുടെ യുദ്ധവിമാനം കാണാതായതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യന്‍ വിമാനത്തിനായുള്ള തിരച്ചിലില്‍ ചൈനയുടെ സഹായമുണ്ടാകുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്.

1990 കളിലാണ് റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതിനകം ഏഴു വിമാനങ്ങളാണ് പറക്കലിനിടയില്‍ തകര്‍ന്നു വീണത്. ഇന്ത്യ-ചൈന അതിര്‍ത്തി കാക്കാന്‍ തേസ്പുര്‍ വ്യോമതാവളം കേന്ദ്രമാക്കി യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകള്‍ വ്യോമസേന നിയോഗിച്ചിട്ടുണ്ട്.


Read More >>