മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തതിനെതിരെ ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ യുവതിയുടെ ധര്‍ണ്ണ

മറ്റൊരു വിവാഹം കഴിക്കാനാണ് മകളെ ഭര്‍ത്താവ് തലാഖ് ചൊല്ലിയതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു

മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തതിനെതിരെ ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ യുവതിയുടെ ധര്‍ണ്ണ

മൂന്നു വട്ടം തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തതിനെതിരെ യുവതി ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ധര്‍ണ്ണയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ തന്നെ ഭര്‍ത്താവ് നിസാരമായി തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയതായി ധര്‍ണ്ണയിരിക്കുന്ന രെഹാന പറഞ്ഞു. തലാഖ് ചൊല്ലിയ ശേഷം തന്നെ ഭര്‍ത്താവിന്‍െ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും രെഹാന പറഞ്ഞു.

''എന്നെ തിരികെ വീട്ടില്‍ കയറ്റുന്നതുവരെ ധര്‍ണ്ണ തുടരും'' യുവതി പറയുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ത്തന്നെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ആരംഭിച്ചതായി രെഹാനയുടെ പിതാവ് പറഞ്ഞു. 10 ലക്ഷം രൂപ ഇത്തരത്തില്‍ കൊടുത്തതായും വിവാഹം നടത്തിയപ്പോള്‍ 40 ലക്ഷം രൂപ ചെലവായതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ രെഹാനയുടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. ഇതിനായാണ് തന്റെ മകളെ ഉപേക്ഷിച്ചതെവന്ന് അദ്ദേഹം പറഞ്ഞു.

ഇരുകൂട്ടരുടേയും വാദഗതികള്‍ കേട്ട ശേഷമേ പ്രതികരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. രെഹാനയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന രെഹാന ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ധര്‍ണ്ണ ആരംഭിച്ചത്.