ആളപായമില്ലാതെ തീപിടിക്കുന്ന മാളുകള്‍: ഇന്ത്യയില്‍ മാളുകള്‍ തീയിലെരിഞ്ഞത് ഞായറാഴ്ചകളില്‍

ഒബ്‌റോണ്‍ മാളിലെ തീപിടുത്തം സംസ്ഥാനത്ത് ആദ്യത്തേതാണെങ്കിലും രാജ്യത്ത് ഇതാദ്യമല്ല. ഡല്‍ഹി, കല്‍ക്കട്ട, മുംബൈ എന്നീ നഗരങ്ങളിലെ വന്‍മാളുകളിൽ വന്‍ തീപിടുത്തമുണ്ടായിട്ടുണ്ട്.

ആളപായമില്ലാതെ തീപിടിക്കുന്ന മാളുകള്‍: ഇന്ത്യയില്‍ മാളുകള്‍ തീയിലെരിഞ്ഞത് ഞായറാഴ്ചകളില്‍

ഷോപ്പിംഗ് മാളുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം വീണ്ടും ഉയര്‍ത്തുകയാണു കൊച്ചി ഒബ്‌റോണ്‍ മാളിലെ തീപിടുത്തം. നിയമം അനുശാസിക്കുന്ന നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും എന്ന വിശ്വാസത്തില്‍ മാളുകളിലെത്തുന്ന പൊതുജനത്തിനു സുരക്ഷ നല്‍കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന വാര്‍ത്തകളാണു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മാളുകളില്‍ ഇത് ആദ്യത്തേതാണെങ്കിലും ഇന്ത്യയിലെ നിരവധി മാളുകളില്‍ ഇത്തരത്തില്‍ തീപിടുത്തങ്ങളുണ്ടായിട്ടുണ്ട്.

2010 മാര്‍ച്ച് മാസത്തിലെ ഒരു ഞായറാഴ്ച മുംബൈയിലെ റോയല്‍ ഷോപ്പിംഗ് മാളില്‍ തീപിടുത്തമുണ്ടായി. 2015 ഏപ്രിലിലെ ഒരു ഞായറാഴ്ചയായിരുന്നു കൊല്‍ക്കത്തയിലെ സിറ്റിമാര്‍ട്ട് ഷോപ്പിംഗ് മാളില്‍ തീപിടുത്തം ഉണ്ടായത്. ആളപായം ഒന്നുമുണ്ടായില്ല.

ന്യൂ ഡല്‍ഹിയിലെ പസഫിക് മാളില്‍ 2016 നവംബര്‍ 13 ന് തീപിടുത്തമുണ്ടായി. അതും ഒരു ഞായറാഴ്ചയായിരുന്നു. മാളിലെ ഷോപ്പുകള്‍ തുറക്കുന്നതിനു മുമ്പായിരുന്നതിനാല്‍ ആളപായമൊന്നും സംഭവിച്ചില്ല.

കൊല്‍ക്കത്തയിലെ പ്ലഷ് സിറ്റി മാളില്‍ തീപിടുത്തം ഉണ്ടായത് 2016 ഡിസംബര്‍ നാലിനായിരുന്നു. ആര്‍ക്കും അപായമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു അവധിദിവസം ചിലവഴിക്കാന്‍ മാളിലെത്തിയവര്‍ക്കു അതൊരു മറക്കാനാകാത്ത സംഭവമായി.

ഷോപ്പിംഗ് മാളുകളിലെ തുടര്‍ച്ചയായുള്ള തീപിടുത്തം ഗൗരവമുള്ള വിഷയത്തിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ, അതു സര്‍ട്ടിഫൈ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എല്ലാം തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണോ പ്രവര്‍ത്തനാനുമതി നല്‍കുന്നത്, വ്യാപാരസമുച്ചയങ്ങള്‍ പണിതുയര്‍ത്തുന്നവര്‍ പൊതുജനത്തിന്റെ ജീവന് എന്തെങ്കിലും വിലകല്‍പ്പിക്കുന്നുണ്ടോ എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.