ഒരു രൂപ കോയിന്‍ ഉപയോഗിച്ച് രാജധാനി എക്‌സ്പ്രസ് യാത്രക്കാരെ കൊള്ളയടിച്ചതെങ്ങനെ?

ന്യൂഡല്‍ഹി-പട്‌ന രാജധാനി എക്‌സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ഒരു രൂപ കോയിന്‍ ഉപയോഗിച്ച് രാജധാനി എക്‌സ്പ്രസ് യാത്രക്കാരെ കൊള്ളയടിച്ചതെങ്ങനെ?

ഒരു രൂപയുടെ കോയിന്‍ ഉപയോഗിച്ച് രാജധാനി എക്‌സ്പ്രസില്‍ വന്‍ കൊള്ളയടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂഡല്‍ഹി-പട്‌നരാജധാനിഎക്‌സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. റെയില്‍ പാളം കൂടിച്ചേരുന്ന ഭാഗത്ത് ഒരു രൂപയുടെ കോയിന്‍ വെച്ചാണ് സംഘം കൊള്ള ആസുത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കോയിന്‍ തിരിച്ചറിഞ്ഞതോടെ റെയില്‍വേ സിഗ്നലിംഗ് സംവിധാനം അപകടഭീഷണിയുണ്ടെന്ന നിഗമനത്തില്‍ റെഡ് സിഗ്നല്‍ തെളിച്ചു. ഇതോടെ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കൊള്ളസംഘം ട്രെയിനില്‍ കയറി യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗഹ്മാറിനും ബദൗരയ്ക്കും ഇടയിലാണ് സംഭവം.

ഫാതേ ഖാന്‍ (20), രാജ (19), ഓം പ്രകാശ് രാം (19), ചന്ദ്ര കുമാര്‍ (20) എന്നീ ബീഹാര്‍ സ്വദേശികളെയാണ് പോലീസ് പിടികൂടിയത്. 20 യാത്രക്കാരില്‍ നിന്നായി സംഘം ലക്ഷങ്ങള്‍ കൊള്ളയടിച്ചിരുന്നു. പാളത്തിലെ റബ്ബര്‍ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് ആ സ്ഥാനത്ത് കോയിന്‍ വെച്ച് ഷോര്‍ട്ട് സര്‍ക്യൂട്ട് സൃഷ്ടിച്ചതാണ് റെഡ് സിഗ്നല്‍ വീഴുന്നതിന് വഴിതെളിച്ചതെന്ന് റെയില്‍വേ ദാന്‍പൂര്‍ ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രഞ്ജിത് കുമാര്‍ സിംഗ് പറഞ്ഞു. എ4, ബി7, ബി8 കോച്ചുകളിലാണ് സംഘം കൊള്ള നടത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.