റിപ്പബ്ലിക് തുടങ്ങുമ്പോള്‍ സിമി പ്രവര്‍ത്തകര്‍ക്ക് കുറ്റവും ശിക്ഷയും വിധിച്ച അര്‍ണാബിന്റെ അവസാന ന്യൂസ് അവര്‍ എങ്ങനെ ഓര്‍ക്കാതിരിക്കും; പുതിയ ചാനല്‍ അര്‍ണാബിന്റെ കംഗാരു കോടതിയാകുമോ?

വിചാരണാതടവുകാരായിരിക്കെ മദ്ധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും രാജ്യത്തിന് ഭീഷണിയാണ് അവരെന്നും തീവ്രവാദികളാണെന്നുമായിരുന്നു അര്‍ണബിന്റെ വാദം. എന്നാല്‍ കോടതി കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യാത്ത എട്ട് പേരെ അര്‍ണാബിന്റെ കംഗാരു കോടതി കുറ്റക്കാരാക്കുന്നതെങ്ങനെയെന്ന ചോദ്യമുയരുന്നു. പുതിയ ചാനല്‍ ആരംഭിക്കുമ്പോള്‍ ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടല്‍ സംഭവം വളച്ചൊടിച്ച ടൈംസ് നൗ ചാനലിലെ അര്‍ണാബിന്റെ അവസാന ന്യൂസ് അവര്‍ കാണാതെ പോകരുതെന്ന് മാദ്ധ്യമപ്രവര്‍ത്തകനായ രോഹിത് ഖന്ന പറയുന്നു.

റിപ്പബ്ലിക് തുടങ്ങുമ്പോള്‍ സിമി പ്രവര്‍ത്തകര്‍ക്ക് കുറ്റവും ശിക്ഷയും വിധിച്ച അര്‍ണാബിന്റെ അവസാന ന്യൂസ് അവര്‍ എങ്ങനെ ഓര്‍ക്കാതിരിക്കും; പുതിയ ചാനല്‍ അര്‍ണാബിന്റെ കംഗാരു കോടതിയാകുമോ?

രോഹിത് ഖന്ന

റിപ്പബ്ലിക് എന്ന പുതിയ ചാനലുമായി അര്‍ണാബ് വരുമ്പോള്‍ ടൈംസ് നൗവില്‍ അദ്ദേഹം അവതരിപ്പിച്ച അവസാന ന്യൂസ് അവര്‍ കണ്ടുനോക്കേണ്ടതാണ്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അര്‍ണാബ് വളച്ചൊടിച്ചാണ് അവതരിപ്പിച്ചത്. അര്‍ണാബിന്റെ പുതിയ ചാനലില്‍ അത് പുതിയ രൂപത്തില്‍ അവതരിപ്പിക്കുമോ? അര്‍ണബ് സ്‌റ്റൈല്‍ മാദ്ധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ജാഗ്രത പുലര്‍ത്തുമോ?

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്നു രാജി വച്ചപ്പോള്‍ ന്യൂസ്‌റൂമുകളില്‍ ചോദ്യങ്ങളുയര്‍ന്നു. ട്വിറ്റര്‍ അടക്കുമുള്ള നവമാദ്ധ്യമങ്ങളില്‍ ആളുകള്‍ ചോദിച്ചു, അര്‍ണാബ് എങ്ങോട്ടെന്ന്. ഭാവി പരിപാടി എന്തെന്നു വ്യക്തമാക്കുന്ന സൂചനകളാണ് അവസാനം അവതരിപ്പിച്ച പ്രൈം ടൈം ഷോയില്‍ കണ്ടത്. അര്‍ണാബ് അദ്ദേഹത്തിന് ചെയ്യാവുന്നതു ചെയ്തു, അതു മാദ്ധ്യമപ്രവര്‍ത്തനമല്ലായിരുന്നു.

എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചതു തെറ്റാണോ എന്നായിരുന്നു സ്‌ക്രീനിനു ചുവടെ എഴുതി കാണിച്ചിരുന്നത്. വലിയ കുഴപ്പമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കുറച്ചു നിമിഷത്തേക്ക് തോന്നി. പക്ഷെ ഒന്നാമത്തെ വളച്ചൊടിക്കല്‍ പെട്ടന്നായിരുന്നു. രക്ഷപ്പെട്ട എട്ടു പേരും വലിയ തീവ്രവാദ ആക്രമണത്തിനു കോപ്പു കൂട്ടിയവരായിരുന്നെന്ന് അര്‍ണാബ് സ്ഥാപിക്കുന്നു. തെളിവുകളൊന്നുമില്ലാതെ മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി തലേ ദിവസം പറഞ്ഞ കാര്യമായിരുന്നു അത്.

വളച്ചൊടിക്കലിന്റെ രണ്ടാം ഭാഗത്തേയ്ക്ക് അര്‍ണബ് പ്രവേശിച്ചു. വിചാരണ തടവുകാരായി കഴിയുന്ന എട്ടു പേരും രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന ആരോപണമെത്തി. എങ്ങനെയാണ് അര്‍ണാബ് അത്തരമൊരു തീരുമാനത്തിലെത്തുന്നത്? സംശയമേതുമില്ലാത്ത പ്രേക്ഷകന് അര്‍ണാബ് പറയുന്നതേ തലയിലെത്തുകയുള്ളൂ. അത് ഏറ്റുമുട്ടലായിരുന്നുവെന്നേ അവര്‍ കരുതൂ.

അടുത്തതായി കൊല്ലപ്പെട്ട ആളുകളുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ അര്‍ണാബ് ഉയര്‍ത്തുന്നു. അധികാരത്തോടെയും, നാടകീയതോടെയും, ഗ്രാഫിക്‌സിന്റെ സഹായത്തോടെയുമാണ് വളച്ചൊടിക്കല്‍. ഇത്രയധികം വേഗതയോടും വ്യക്തതയോടും അര്‍ണാബിന്റെ സുവിശേഷം സ്‌ക്രീനിലെത്തിക്കുന്നതില്‍ ടൈംസ് നൗ ടീമിനോട് അസൂയ തോന്നിപ്പോകും.

എട്ടു പേരും സ്‌ഫോടനം ആസൂത്രണം ചെയ്ത കൊടും ക്രിമിനലുകളും തീവ്രവാദികളും അല്ലേ? അവര്‍ നിസാര കള്ളന്മാരാകുന്നതെങ്ങനെ, എന്നായിരുന്നു അര്‍ണാബിന്റെ ചോദ്യം. ഇവരാണ് ബോംബാക്രമണം നടത്തിയതെന്ന് അര്‍ണാബിന് എങ്ങനെ അറിയാം? ഇന്ത്യയിലെ ഏതെങ്കിലും ഒരു കോടതി അവരെ ശിക്ഷിച്ചോ? അവര്‍ വിചാരണാ തടവുകാരാണെന്ന് അര്‍ണബിന് അറിയാം. എന്നിട്ടും അക്കാര്യം അദ്ദേഹം പറയുന്നില്ല. നിഷ്പക്ഷനായ മാദ്ധ്യമപ്രവര്‍ത്തകന്‍ അങ്ങനെ ചെയ്യുമോ?

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്നവരാണ് അവര്‍. എന്നാല്‍ അജ്മല്‍ കസബിനെ പോലെ പിടികൂടിയ ആളുകളല്ല അവര്‍. അവരുടെ കുറ്റം ഇന്ത്യന്‍ നിയമമനുസരിച്ച് തെളിക്കപ്പെടേണ്ടതാണ്. എന്നാല്‍ അര്‍ണാബിന്റെ കംഗാരു കോടതിയില്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ആരോപണവിധേയരായും വിചാരണ തടവുകാരായുമല്ല അര്‍ണബ് അവരെ കാണുന്നത്. ഭീകരവാദിയെന്നും അവരാണ് സ്‌ഫോടനം നടത്തിയതെന്നും അര്‍ണാബ് വിധിച്ചു കഴിഞ്ഞു.

അര്‍ണാബിന്റെ ഒരു ചോദ്യമിങ്ങനെ: കുറ്റക്കാരെന്നു പതിവായി സംശയിക്കപ്പെടുന്നവര്‍ എട്ട് സിമി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റേയും നൂറു കണക്കിനാളുടെ ജീവന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന്. അങ്ങേയറ്റത്തെ വാചകമടി മാത്രമാണിത്. അതിനു തിരിച്ചൊരു ചോദ്യമുണ്ട്. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നു തെളിഞ്ഞാല്‍ എട്ടു പേരുടെ ജീവന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? അവരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാതിരുന്നാല്‍ ഉത്തരവാദിത്വം അര്‍ണാബ് ഏറ്റെടുക്കുമോ?

അന്നു സിമി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ രാം ശങ്കര്‍ യാദവിന്റെ മനുഷ്യാവകാശത്തെക്കുറിച്ചായിരുന്നു അര്‍ണാബിന്റെ മറ്റൊരു ചോദ്യം. ഏറ്റുമുട്ടലിനെ ചോദ്യം ചെയ്യുന്നവര്‍ക്ക് കോണ്‍സ്റ്റബിളിന്റെ മരണം ഞെട്ടലുളവാക്കിയില്ലെന്ന് അര്‍ണാബിന് എങ്ങനെ പറയാനാകും? അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ തെളിയിക്കപ്പെടും വരെ സിമി പ്രവര്‍ത്തകര്‍ ആരോപണ വിധേയര്‍ മാത്രമാണ്.

കോണ്‍സ്റ്റബിളിന്റെയും എട്ട പേരുടെയും കാര്യത്തില്‍ പ്രധാനതെളിവാകേണ്ടിയിരുന്നത് സിസിടിവി ദൃശ്യങ്ങളായിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ജയിലിനുള്ളിലെ ഒരു സിസിടിവി ക്യാമറ പോലും പ്രവര്‍ത്തിക്കുന്നതായിരുന്നില്ല. എന്നിട്ടും അര്‍ണാബ് നുണ ആവര്‍ത്തിക്കുന്നു. സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് അര്‍ണാബ് അവതരിപ്പിച്ച ന്യൂസ് അവറിനു തൊട്ടടുത്ത ദിവസം മദ്ധ്യപ്രദേശ് ഭീകര വിരുദ്ധ സക്വാഡ് തലവന്‍ സഞ്ജീവ് ഷാമി എന്‍ഡിടിവിയിലെ ശ്രീനിവാസ് ജെയിനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അര്‍ണാബിന് അറിയാന്‍ ആഗ്രഹമില്ലെങ്കിലും എട്ടു പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു രാജ്യം അറിയാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. ജേര്‍ണലിസം ഉപേക്ഷിച്ച് പ്രത്യേക താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളായി അര്‍ണാബ് മാറിയിരിക്കുന്നു.