തെലങ്കാന പൊലീസിന്റെ ആൾമാറാട്ടം; അറസ്റ്റിലായത് ഭോപാൽ തീവണ്ടി സ്ഫോടനത്തിലെ പ്രതികൾ

അറസ്റ്റിലായവർ ഇസ്ലാമിക് സ്റ്റേറ്റുമായി സഹകരിച്ച് ജിഹാദിനിറങ്ങിയവർ ആയിരുന്നു. ഐഎസ്സിൽ പ്രവർത്തിക്കാൻ സിറിയയിലേയ്ക്കും കാശ്മീരിലേയ്ക്കും പോകാൻ ശ്രമിച്ചിരുന്നു. ഒന്നും നടക്കാതെ വന്നപ്പോൾ ഇന്ത്യയിൽ എന്തെങ്കിലും ചെയ്യണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു.

തെലങ്കാന പൊലീസിന്റെ ആൾമാറാട്ടം; അറസ്റ്റിലായത് ഭോപാൽ തീവണ്ടി സ്ഫോടനത്തിലെ പ്രതികൾ

ഭോപാൽ-ഉജ്ജയിനി പാസഞ്ചർ തീവണ്ടിയിൽ ബോംബ് സ്ഫോടനം നടന്ന അന്ന് മധ്യപ്രദേശ് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡാനിഷ് അഖതർ, സയ്യിദ് മിർ ഹുസൈൻ, ആതിഫ് മുസഫർ എന്നിവരായിരുന്നു സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 2017 മാർച്ച് ഏഴിനായിരുന്നു സംഭവം.

അറസ്റ്റിലായവർ ഇസ്ലാമിക് സ്റ്റേറ്റുമായി സഹകരിച്ച് ജിഹാദിനിറങ്ങിയവർ ആയിരുന്നു. ഐഎസ്സിൽ പ്രവർത്തിക്കാൻ സിറിയയിലേയ്ക്കും കാശ്മീരിലേയ്ക്കും പോകാൻ ശ്രമിച്ചിരുന്നു. ഒന്നും നടക്കാതെ വന്നപ്പോൾ ഇന്ത്യയിൽ എന്തെങ്കിലും ചെയ്യണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ കാര്യങ്ങൾ അവർ വിചാരിക്കുന്ന പോലെയൊന്നും ആയിരുന്നില്ല. അവർ അറിയാതെ തന്നെ അവരുടെ നീക്കങ്ങൾ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു ഒരു തെലങ്കാന പൊലീസ് ഉദ്യോഗസ്ഥൻ അവരെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

സിറിയയിലെ ഒരു ഇടനിലക്കാരൻ എന്ന നിലയിലായിരുന്നു ആ ഉദ്യോഗസ്ഥൻ അവരുമായി ബന്ധപ്പെട്ടിരുന്നത്. അവർക്ക് സ്ഫോടകവസ്തുക്കളും തോക്കുകളും വേണമെന്ന് ആവശ്യപ്പെട്ടു. അൽ ഖ്വയ്ദയുടെ മാസിക ഡൗൺലോഡ് ചെയ്ത് ബോംബ് നിർമ്മാണം പഠിക്കുന്നുണ്ടായിരുന്നു അവർ. ലഖ്നൗവിൽ ഒരു വീട് വാടകയ്ക്കെടുത്ത് ബോംബ് നിർമ്മിച്ചു.

മാർച്ച് ഏഴിന് അവർ ലഖ്നൗവിൽ നിന്നും പുഷ്പക് എക്സ്പ്രസ്സിൽ കയറി. അതിൽ ബോംബ് വയ്ക്കാനായിരുന്നു പദ്ധതിയെങ്കിലും തിരക്ക് കാരണം സാധിച്ചില്ല. പിന്നീട് അവർ ഭോപ്പാലിലേയ്ക്ക് പോയി. അവരുമായി സന്ദേശങ്ങൾ കൈമാറുന്നുണ്ടായിരുന്ന ഓഫീസർക്ക് പക്ഷേ ബോംബ് വയ്ക്കുന്ന കാര്യം അറിയില്ലായിരുന്നു. ബോംബ് വയ്ക്കുന്നതിന്റെ ചിത്രം അവർ അയച്ചപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത് തന്നെ.

അപ്പോൾ അവർ അലഹാബാദിലേയ്ക്ക് പോകുകയായിരുന്നു. പിപാരിയയിൽ എത്തിയപ്പോൾ അറസ്റ്റിലായി. തെലങ്കാന പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങളാണ് അവരെ പിടികൂടാൻ സഹായകമായത്.

എന്നാലും, തക്ക സമയത്ത് ബോംബ് വച്ചതിനെപ്പറ്റി അറിയിച്ചിരുന്നെങ്കിൽ ആ സ്ഫോടനം ഒഴിവാക്കാമായിരുന്നെന്നും ഉത്തർ പ്രദേശ് പൊലീസിന് അഭിപ്രായമുണ്ട്. എട്ട് പിസ്റ്റളുകളും ഗൺ പൗഡറും വെടിയുണ്ടകളും അവരുടെ ലഖ്നൗവിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

തങ്ങൾ ഐഎസ്സിന്റെ ഖൊരസാൻ വിഭാഗത്തിലെ ആളുകളാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ അവർ സ്വയം അങ്ങിനെ വിശേഷിപ്പിക്കുന്നു എന്ന് മാത്രമേയുള്ളുയെന്ന് പൊലീസിന് മനസ്സിലായി. എന്തായാലും ആ തെലങ്കാന പൊലീസ് ഉദ്യോഗസ്ഥന്റെ തന്ത്രപരമായ ഇടപെടലുകൾ തന്നെയാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നതിലേയ്ക്ക് നയിച്ചത്.