ഹണിട്രാപ്പ്: ബിജെപിയിലും യുപിയിലും തഴയപ്പെട്ട വരുൺ ‍ഗാന്ധി തെരഞ്ഞെടുപ്പ് തലേന്ന് കൊച്ചിയില്‍ 'മോട്ടിവേഷണല്‍ സ്പീക്കറായി'

ആയുധവ്യാപാരിയായ അഭിഷേക് വെര്‍മ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങി ബിജെപി എംപി വരുണ്‍ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്ത നാരദാന്യൂസാണ് പുറത്ത് വിട്ടത്. വരുണ്‍ഗാന്ധിയോട് രൂപസാദൃശ്യമുള്ളയാള്‍ എസ്‌കോര്‍ട്ട് ഗേളിനൊപ്പം രതിക്രീഡകളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെ ബിജെപിയില്‍ റോളില്ലാതായ വരുണ്‍ഗാന്ധി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ തലേന്ന് കൊച്ചിയിലായിരുന്നു.

ഹണിട്രാപ്പ്: ബിജെപിയിലും യുപിയിലും തഴയപ്പെട്ട വരുൺ ‍ഗാന്ധി തെരഞ്ഞെടുപ്പ് തലേന്ന് കൊച്ചിയില്‍ മോട്ടിവേഷണല്‍ സ്പീക്കറായി

ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ ബിജെപി കണ്ട വരുണ്‍ഗാന്ധി പാര്‍ട്ടിയില്‍ അപ്രസക്തനാകുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലെ റാലികളില്‍ നിന്നും ഒഴിവാക്കപ്പെട്ട വരുണ്‍ ഗാന്ധി ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ തലേന്ന് കൊച്ചിയിലായിരുന്നു. കളമശ്ശേരിയിലെ എസ്‌സിഎംഎസ് കോളേജ് സംഘടിപ്പിച്ച ഡോ. പ്രദീപ് പി തേവന്നൂര്‍ മോട്ടിവേഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് ഫെബ്രുവരി പത്തിന് വരുണ്‍ ഗാന്ധിയെത്തിയത്. ഫെബ്രുവരി പതിനൊന്നിനായിരുന്നു യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ്.

ആയുധവ്യാപാരിയായ അഭിഷേക് വെര്‍മ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയ വരുണ്‍ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ വരുണ്‍ഗാന്ധിയുമായി രൂപസാദൃശ്യമുള്ളയാള്‍ എസ്‌കോര്‍ട്ട് ഗേളിനൊപ്പം രതിക്രീഡകളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടിയില്‍ വരുണ്‍ ഗാന്ധി ഒറ്റപ്പെട്ടത്.സ്വന്തം മണ്ഡലമായ സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും വരുണ്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അതൃപ്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുണ്‍ ഗാന്ധിയെ അകറ്റി. രാജ്യമെങ്ങുമുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന തിരക്കിലാണ് വരുണ്‍ ഗാന്ധിയെന്നായിരുന്നു തെരഞ്ഞെടുപ്പ് റാലികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മനേക ഗാന്ധിയുടെ പ്രതികരണം.

വരുണ്‍ ഗാന്ധി ഉള്‍പ്പെട്ട ഹണിട്രാപ്പ് വിഷയത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് 'മോട്ടിവേഷന്‍' അവാര്‍ഡ് ദാനത്തിനായി വരുണ്‍ കൊച്ചിയിലെത്തിയത്. എന്നാല്‍ വിവാദങ്ങളെപ്പറ്റി അറിയില്ലെന്നും സൗഹൃദത്തിന്റെ പേരിലാണ് വരുണ്‍ഗാന്ധിയെ ക്ഷണിച്ചതെന്നും എസ്‌സിഎംഎസ് ചെയര്‍മാന്‍ ജി പി സി നായര്‍ പറഞ്ഞു. വരുണ്‍ ഗാന്ധിയെ ക്ഷണിച്ചതില്‍ ഒരസ്വാഭാവികതയും ഇല്ല. പാര്‍ലമെന്റംഗം എന്ന നിലയില്‍ അദ്ദേഹത്തെ ക്ഷണിച്ചതില്‍ എന്താണ് തെറ്റെന്നും ജി പി സി നായര്‍ ചോദിച്ചു.സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയുമായി ചേര്‍ന്നാണ് കോളേജ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ഇക്കാര്യം കോളേജിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ വരുണ്‍ ഗാന്ധി പങ്കെടുത്ത ചടങ്ങുമായി സഹകരിച്ചിട്ടുണ്ടോ എന്നറിയില്ലെന്നാണ് കെഎസ്‌ഐഡിസിയുമായി ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ചു തീരുമാനമെടുത്തിരുന്നോ എന്നു പരിശോധിക്കണമെന്നുമായിരുന്നു മറുപടി.