തീവ്രഹിന്ദുത്വം കടിഞ്ഞാൺ മുറുക്കുന്നു യുപി മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ഘർ വാപസിയുടെ തമ്പുരാൻ

2005ലാണ് രാജ്യത്തെ ഹിന്ദുത്വവാദികളെ ആവേശം കൊള്ളിച്ച ഘർ വാപസിയ്ക്ക് ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്. ഉത്തർപ്രദേശിൽ ആയിരത്തെണ്ണൂറോളം ക്രിസ്ത്യാനികളെ പുനഃപരിവർത്തനം ചെയ്തയായി അദ്ദേഹം അവകാശപ്പെട്ടു. മോദിയുടെ സ്ഥാനലബ്ദിയ്ക്കു ശേഷം ഉത്തർപ്രദേശിനെ ബിജെപിയുടെ ശക്തികേന്ദ്രമാക്കാൻ ഏറെ അധ്വാനിച്ചതും യോഗി ആദിത്യനാഥാണ്.

തീവ്രഹിന്ദുത്വം കടിഞ്ഞാൺ മുറുക്കുന്നു യുപി മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ഘർ വാപസിയുടെ തമ്പുരാൻ

ബിജെപിയിലെ തീവ്രഹിന്ദുത്വത്തിന്റെ തീയൊഴുകുന്ന നാവാണ് ഘർ വാപസിയുടെ ഉപജ്ഞാതാവു കൂടിയായ നിയുക്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതനിരപേക്ഷതയോടും ഇതര മതവിഭാഗങ്ങളോടും ഒരു വിട്ടുവീഴ്ചയുമില്ലാത്ത ആദിത്യനാഥ് ഉള്ളിലുള്ളതു തുറന്നു പറയാൻ ഒട്ടും മടിച്ചു നിന്നിട്ടില്ല. ഇസ്ലാമിനും പാകിസ്താനുമെതിരെ എന്നും പ്രകോപനപരമായ ഭാഷയിൽ വിമർശനം തൊടുക്കുന്ന യോഗി ആദിത്യനാഥിന് പ്രായം 44 വയസ്. മഹന്ത് അവൈദ്യനാഥാണ് ആത്മീയാചാര്യസ്ഥാനത്ത്. 1998 മുതൽ ഗോരഖ് പൂർ എംപി. ഉത്തർപ്രദേശിൽ ഏറ്റവും ജനപിന്തുണയുള്ള ഈ ബിജെപി നേതാവാണ് കിഴക്കൻ യുപി തൂത്തുവാരാൻ നേതൃത്വം നൽകിയത്.

തിളയ്ക്കുന്ന പ്രഭാഷണവൈദഗ്ധ്യം അദ്ദേഹത്തെ പാർടിയിൽ പലപ്പോഴും വിമതശബ്ദവുമാക്കിയിട്ടുണ്ട്. പ്രയോഗത്തിലെ ഹിന്ദു തീവ്രതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് കാരണം. എങ്കിലും പാർടിയ്ക്ക് ആദിത്യനാഥിന്റെ ശേഷിയെ അവഗണിക്കാനാവില്ല. വിദ്യാർത്ഥി നേതാവും തുടർച്ചയായി അഞ്ചു തവണ എംപിയുമായ അദ്ദേഹം പന്ത്രണ്ടാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. അന്ന് പ്രായം 26 വയസ്.

2005ലാണ് രാജ്യത്തെ ഹിന്ദുത്വവാദികളെ ആവേശം കൊള്ളിച്ച ഘർ വാപസിയ്ക്ക് ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്. ഉത്തർപ്രദേശിൽ ആയിരത്തെണ്ണൂറോളം ക്രിസ്ത്യാനികളെ പുനഃപരിവർത്തനം ചെയ്തയായി അദ്ദേഹം അവകാശപ്പെട്ടു. മോദിയുടെ സ്ഥാനലബ്ദിയ്ക്കു ശേഷം ഉത്തർപ്രദേശിനെ ബിജെപിയുടെ ശക്തികേന്ദ്രമാക്കാൻ ഏറെ അധ്വാനിച്ചതും യോഗി ആദിത്യനാഥാണ്.

ഇന്ത്യയെ പിടിച്ചുലച്ച ആദിത്യനാഥ് പ്രതികരണങ്ങൾ.

2015 നവംബർ 04. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ലഷ്കർ ഇ തോയ്ബയുടെ അധിപൻ ഹാഫിസ് മുഹമ്മദ് സെയ്ദിനോടുപമിച്ച് യോഗി ആദിത്യനാഥ്.രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുന്നു എന്ന ഷാരൂഖിന്റെ നിരീക്ഷണമാണ് ആദിത്യനാഥിനെ ചൊടിപ്പിച്ചത്. ഷാരൂഖിനോട് പാകിസ്താനിലേയ്ക്കു പോകാനും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷം ഷാരൂഖിന്റെ ചിത്രങ്ങൾ ബഹിഷ്കരിച്ചാൽ തെരുവിൽ ഒരു സാധാരണ മുസൽമാനെപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുമെന്നും ആദിത്യനാഥ് ഭീഷണി മുഴക്കി.

മദർ തെരേസയെയും ആദിത്യനാഥ് വെറുതേവിട്ടില്ല. ഉത്തർപ്രദേശിലെ ഒരു രാമകഥാ പരിപാടിയിൽ പ്രസംഗിക്കവെയാണ് ഇന്ത്യയെ ക്രിസ്തീയവത്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽ മദർ തെരേസയ്ക്കു പങ്കുണ്ടെന്ന ആക്ഷേപം ഉയർത്തിയത് ക്രിസ്തീയവത്കരണപ്രവർത്തനങ്ങളാണ് വടക്കുകിഴക്കൻ പ്രദേശങ്ങളിലെ വിഘടനപ്രവർത്തനങ്ങളിലേയ്ക്കു നയിച്ചതെന്നും ആ ഗൂഢാലോചനകളിൽ മദർ തെരേസയും ഭാഗഭാക്കായെന്നും ആദിത്യനാഥ് ആക്ഷേപിച്ചു. 2016 ജൂൺ 21നായിരുന്നു സംഭവം.

പശ്ചിമ യുപിയെ കശ്മീരിനോട് ഉപമിച്ചു നടത്തിയ പ്രസംഗവും രാജ്യവ്യാപകമായി വിമർശനമേറ്റു വാങ്ങി. കശ്മീരിലെ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്നുവെന്നും അമ്മമാരുടെയും സഹോദരിമാരുടെയും മാനം പിച്ചിച്ചീന്തപ്പെടുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൂര്യനമസ്കാരത്തിൽ വർഗീയ കാണുന്നവരോടു കടൽ ചാടാനായിരുന്നു ആഹ്വാനം. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനുമേൽ പ്രശംസ വാരിച്ചൊരിയാനും ആദിത്വനാഥ് മടിച്ചില്ല.