ഹാദിയ-ഷഫിന്‍ കേസ് 'കേരള ലവ് ജിഹാദ് കേസ്' ആണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്; ലംഘിച്ചത് സുപ്രീം കോടതി നിര്‍ദേശം

ഈ കേസ് ലവ് ജിഹാദ് അല്ലെന്നും, ലവ് ജിഹാദ് എന്ന വിശേഷണം പാടില്ലെന്നും അഡ്വ. ഹാരിസ് ബീരാന്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് കോടതി നിലപാട് വ്യക്തമാക്കിയത്

ഹാദിയ-ഷഫിന്‍ കേസ് കേരള ലവ് ജിഹാദ് കേസ് ആണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്; ലംഘിച്ചത് സുപ്രീം കോടതി നിര്‍ദേശം

ഹാദിയ കേസിനെ 'കേരളാ ലവ് ജിഹാദ് കേസ്' എന്ന് വിശേഷിപ്പിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്. കേസിനെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിക്കരുത് എന്ന സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്നാണ് ഹിന്ദുസ്ഥാന്‍ ടെെംസിന്‍റെ റിപ്പോര്‍ട്ടിങ്. 'ആരോപിതമായ ലവ് ജിഹാദ് കേസ്' എന്ന് പോലുമല്ല എഴുതിയിരിക്കുന്നത്. കേസ് ലവ് ജിഹാദ് ആണ് എന്ന് വ്യാപക പ്രചരണമാണ് തീവ്ര വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിവരുന്നത്. അതിന് കൂട്ടുനില്‍ക്കുന്ന റിപ്പോര്‍ട്ടിങ്ങ് ആണ് ഇത്.

ഹാദിയ-ഷഫിന്‍ കേസില്‍ എന്‍ഐഎ അന്വേഷണം ഭരണഘടനാവിരുദ്ധമാണ് എന്നും അന്വേഷണം അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന റിപ്പോര്‍ട്ടിലാണ് ഹിന്ദുസ്ഥാന്‍ ടൈംസ് കേസിനെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഒമ്പതിനാണ് ഹാദിയ കേസില്‍ ലവ് ജിഹാദ് എന്ന പരാമര്‍ശം ഒഴിവാക്കണമെന്നും അത് കോടതി ഉപയോഗിക്കുന്നില്ലെന്നും, ഉപയോഗിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. കേസില്‍ തങ്ങള്‍ ഇടപെടണോ എന്ന് ആരാഞ്ഞ് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസ് ലവ് ജിഹാദ് അല്ലെന്നും, ലവ് ജിഹാദ് എന്ന വിശേഷണം പാടില്ലെന്നും അഡ്വ. ഹാരിസ് ബീരാന്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

കേസ് സുപ്രീം കോടതി പരിഗണനയിലെത്തിയ ആദ്യ ദിവസം തന്നെ പല ദേശീയ മാധ്യമങ്ങളും ഈ കേസിനെ ലവ് ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്. ചുരുക്കം ചില മാധ്യമങ്ങളാണ് 'ആരോപിതമായ ലവ് ജിഹാദ് കേസ്' എന്ന് എഴുതാനുള്ള വിവേകം കാണിച്ചത്. ടെെംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ പത്രങ്ങള്‍ കേസിനെ ലവ് ജിഹാദ് എന്നുതന്നെയാണ് വിശേഷിപ്പിച്ചുവരുന്നത്.

ആര്‍എസ്എസ് അജണ്ട പിന്‍പറ്റി, ടെെംസ് നൗ, റിപ്പബ്ലിക് ടിവി തുടങ്ങിയ ദൃശ്യമാധ്യമങ്ങള്‍ ഈ കേസിനെ വിലയിരുത്തിക്കൊണ്ട് നടത്തുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇതോടൊപ്പം ചേരുന്ന രീതിയിലാണ് ഹിന്ദുസ്ഥാന്‍ ടെെംസിന്‍റെ നിലപാട്. കേരളത്തിലോ ഇന്ത്യയിലോ ഇതുവരെയും ലവ് ജിഹാദ് നടന്നിട്ടില്ലെന്ന് പോലീസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് ഇത്തരം മാധ്യമപ്രചരണങ്ങള്‍ നടക്കുകയും ചെയ്യുന്നത്.

Read More >>