കശ്മീരിൽ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ? ആശങ്കയോടെ ജനങ്ങൾ

ശനിയാഴ്ച രാവിലെ മുതലാണ് അസാധാരണമായ സര്‍ക്കാര്‍ ഉത്തരവുകള്‍ വന്നുതുടങ്ങിയത്.

കശ്മീരിൽ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ? ആശങ്കയോടെ ജനങ്ങൾ

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക്കിസ്ഥാന്‍ ബന്ധം വഷളായി വരുന്നതിനിടെ കശ്മീരില്‍ നടന്നു വരുന്ന വന്‍ സൈനിക വിന്യാസവും വിഘടനവാദി നേതാക്കള്‍ക്കും മറ്റു സംഘടനാ നേതാക്കള്‍ക്കുമെതിരായ ശക്തമായ നടപടികളും താഴ്‌വരയെ ഒരിക്കല്‍ കൂടി ആശങ്കയുടെ നിഴലിലാക്കിയിരിക്കുന്നു. ശനിയാഴ്ച അര്‍ധരാത്രിയില്‍ പതിനായിരത്തോളം അര്‍ധസൈനികരെ വിമാന മാര്‍ഗം ശ്രീനഗറിലെത്തിച്ചതും തൊട്ടു മുമ്പത്തെ ദിവസം നിരവധി വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തതിനും പുറമെ സര്‍ക്കാരിന്റെ അസാധാരണ മുന്നറിയിപ്പുകളും ഉത്തരവുകളുമാണ് സാധാരണക്കാരുടെ ജീവിതത്തെ ഭയപ്പാടിലാക്കിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ മുതലാണ് അസാധാരണമായ സര്‍ക്കാര്‍ ഉത്തരവുകള്‍ വന്നുതുടങ്ങിയത്. ആശുപത്രികളെല്ലാം ആവശ്യത്തിനു മരുന്നുകള്‍ ശേഖരിച്ചു സൂക്ഷിക്കണം, ജമ്മു കശ്മീര്‍ പോലീസ് ജാഗ്രതയോടെ തന്നെ ഇരിക്കണം, റേഷന്‍ കടകളെല്ലാം ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ എല്ലാ ഭക്ഷ്യ വസ്തുക്കളം വിറ്റഴിക്കണം തുടങ്ങിയവയാണ് ഉത്തരവുകള്‍. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സേവന ജീവനക്കാരുടേയും അവധികള്‍ റദ്ദാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആവശ്യത്തിനുള്ള പെട്രോള്‍, ഡീസല്‍ വില്‍പ്പനയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ അഭ്യുഹങ്ങളും കശ്മീരില്‍ പടരുകയാണ്. യുദ്ധ സമാന സാഹചര്യത്തെ കുറിച്ചാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോഴത്തെ അസാധാരണ നീക്കങ്ങള്‍ കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ വകുപ്പ് 35എ റദ്ദാക്കുന്നതിനു മുന്നോടിയായാണ് ഈ നീക്കങ്ങളെന്ന് കരുതുന്നവരും ഉണ്ട്.

കശ്മീരിലുടനീളം ജനങ്ങള്‍ പെട്രോള്‍ പമ്പുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുകയാണ്. പലചരക്കു കടകളിലും മരുന്നു കടകളിലും സമാന കാഴ്ചകളാണ് എങ്ങും. സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ ആശങ്കപ്പെട്ട് ആളുകള്‍ വന്‍തോതില്‍ എല്ലാം വാങ്ങി ശേഖരിക്കാന്‍ ആരംഭിച്ചതും കാലാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി ആദ്യ വാരത്തില്‍ തന്നെ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചതും കാരണം അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യതയും രൂക്ഷമായി വരികയാണ്.

എന്തിനുള്ള പുറപ്പാടാണെന്ന് പ്രമുഖ നേതാക്കള്‍ക്കു പോലും ഒരു സൂചനയുമില്ല. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയറിച്ച് ട്വീറ്റ് ചെയ്തിരുന്നു. 'എന്താണ് വരാനിരിക്കുന്നതെന്ന് ആര്‍ക്കും ഒരു സൂചനയുമില്ല. അന്തരീക്ഷത്തില്‍ അരുതാത്തത് എന്തോ വരാനിരിക്കുന്ന തോന്നലാണ് പടരുന്നത്,' മെഹബൂബ ട്വീറ്റ് ചെയ്തു. ചില സര്‍ക്കാര്‍ ഉത്തരവുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഉമര്‍ അബ്ദുല്ലയും ട്വീറ്റ് ചെയ്തിരുന്നു.

വിവിധ സംഘടനാ നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ മുതല്‍ ബന്ദായിരുന്നു. അതിനിടെയാണ് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വ്യക്തമാക്കി ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രസ്താവന ഇറക്കിയത്. ഇപ്പോള്‍ നടക്കുന്ന അധികസേനാ വിന്യാസം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷ ഉറപ്പാക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്ധനത്തിന്റേയും മറ്റു ഉല്‍പ്പന്നങ്ങളുടേയും വിതരണം കശ്മീര്‍ താഴ്‌വരയില്‍ വളരെ കുറഞ്ഞിരിക്കുകയാണ്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള പാത ഒരാഴചയോളമായി അടഞ്ഞു കിടക്കുന്നതിനാല്‍ പെട്രോള്‍ ഇനി ഒരു ദിവസത്തേക്കും ഡീസല്‍ അടുത്ത നാലു ദിവസത്തേക്കും മാത്രമെ ഉള്ളൂവെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പുണ്ട്. കശ്മീരില്‍ ഇനി പാചക വാതകം സ്റ്റോക്കില്ല.

എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവന ജനങ്ങളുടെ ആശങ്ക അകറ്റുന്നില്ല. ശ്രീനഗര്‍-ജമ്മു ഹൈവെ ഇത് ആദ്യമായല്ല അടച്ചിടുന്നത്. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ അസാധാരണ ഉത്തരവുകള്‍ എന്തിനാണെന്നും ഭയാന്തരീക്ഷ സൃഷ്ടിക്കുന്നതെന്തിനാണെന്നും പലരും ചോദിക്കുന്നു.

35എ വകുപ്പു സംബന്ധിച്ച ഹരജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതിനെതിരെ ഉത്തരവുണ്ടായാല്‍ കശ്മീരിലുടനീളം ഉടലെടുക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാകാം ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെന്ന് കശ്മീര്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് മേധാവിയും വിഘടനവാദി നേതാവ് നഈം ഖാന്റെ ഭാര്യയുമായ ഹമീദ നഈം പറയുന്നു.

Read More >>