കത്വ കൂട്ടബലാത്സം​ഗക്കൊല: ഏഴ് സംഘപരിവാർ നുണകളുടെ പൊളിച്ചെഴുത്ത്

1.3 മില്യൺ ഫോളോവേഴ്സ് ഉള്ള ശംഖ്നാദ് എന്ന പേജിൽ പ്രസിദ്ധീകരിച്ച വ്യാജ പോസ്റ്റാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്- കത്വ സംഭവത്തിൽ സംഘപരിവാർ ​ഗ്രൂപ്പായ ശംഖ്നാദ് ഉയർത്തിയ ആ നുണകളുടെ പൊളിച്ചെഴുത്ത്.

കത്വ കൂട്ടബലാത്സം​ഗക്കൊല: ഏഴ് സംഘപരിവാർ നുണകളുടെ പൊളിച്ചെഴുത്ത്

കത്വ കൂട്ടബലാത്സംഗ കൊലപാതക കേസിന് വർ​ഗീയ വിഭാഗീയതയുടെ മേമ്പൊടിയാല്‍ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാഖ്യാനങ്ങളും വാദങ്ങളും ഉയര്‍ന്നുവരികയാണ്. കത്വയിലെ വക്കീലന്മാർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിന് എന്ന തലക്കെട്ടിൽ പോസ്റ്റുകളും പ്രചരിക്കു‌ന്നു. 1.3 മില്യൺ ഫോളോവേഴ്സ് ഉള്ള ശംഖ്നാദ് എന്ന പേജിൽ പ്രസിദ്ധീകരിച്ച വ്യാജ പോസ്റ്റാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

പ്രസ്തുത പോസ്റ്റിൽ വിവരിക്കുന്നത് ഇവയാണ്-

* ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. അതിൽ, പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സൂചനകളില്ല

* തെരുവിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ആൾത്തിരക്കുള്ള ആ ക്ഷേത്രത്തിൽ എട്ടു ദിവസങ്ങൾ ഒരാളെ പൂട്ടിയിടാനും ബലാത്സംഗം ചെയ്യാനും ഒരിക്കലും സാധിക്കില്ല.

* പെൺകുട്ടിയുടെ ശരീരത്തിൽ മണ്ണ് പറ്റിയതായി കാണപ്പെട്ടിരുന്നു, ഇത് ആ പ്രദേശത്തുള്ള മണ്ണ് ആയിരുന്നില്ല. മറ്റെവിടെയോ കൊല്ലപ്പെട്ട ശേഷം മൃതദേഹം ക്ഷേത്ര പരിസരത്ത് കൊണ്ടിടുകയായിരുന്നു.

* പ്രദേശത്ത് താമസിക്കുന്ന രോഹിംഗ്യകളെ കുറിച്ച് പ്രദേശവാസികൾ സംശയം ഉന്നയിച്ചപ്പോൾ മുഫ്തി സർക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചു.

* ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ഇർഫാൻ വാനി എന്ന ഉദ്യോഗസ്ഥനെ പുതിയ കേസ് വഴിത്തിരിച്ചു വിടുന്നതിനായി മുഫ്തി സർക്കാർ നിയോഗിച്ചു.

* ഇർഫാൻ വാനി ഇടപ്പെട്ടതിന് ശേഷം ഒരു പുതിയ റിപ്പോർട്ട് സൃഷ്ടിക്കപ്പെട്ടു. ഫോറൻസിക് തെളിവുകൾ ഇല്ലാതെ കേസിലേക്ക് 'ബലാത്സംഗം' കൂടി ചേർത്തെഴുതി. തുടർന്ന് അന്വേഷണത്തിന്റെ പേരിൽ ഗ്രാമവാസികളെ ഇവർ വേട്ടയാടി തുടങ്ങി.

* യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി ജമ്മു പോലീസ് ഉദ്യോഗസ്ഥരിൽ ചിലരെ വരെ ചേർത്തു നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിച്ചു.

നിസഹായരായ ഗ്രാമവാസികൾക്ക് ലോകം സത്യമറിയണം എന്ന ആഗ്രഹമുണ്ട്. അതിനാലാണ് അവർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. അതിനാലാണ് അവർ പ്രതിഷേധിക്കുന്നത്.

മേൽ വിവരിച്ച ഏഴ് കാര്യങ്ങളിൽ ഒന്നു പോലും സത്യമല്ല. അവ ഓരോന്നിന്റെയും സത്യാവസ്ഥയില്ലായ്മ സ്ഥലത്തെത്തി പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതേ ഉള്ളൂ. വർ​ഗിയവിദ്വേഷം പരത്തുന്നതിൽ ശംഖ്നാദ് മുമ്പു തന്നെ കുപ്രസിദ്ധിയാർജിച്ച മാധ്യമമാണ്. 2017 സെപ്തംബറിൽ ശംഖ്നാദ് ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഹൈദ്രാബാദിൽ മുസ്ലിം ആൾക്കൂട്ടം ഹൈന്ദവ ക്ഷേത്രങ്ങളും ഗോശാലകളും തീവച്ചു നശിപ്പിക്കുന്നു എന്ന വിവരണത്തോടെ അഗ്നി ആളിക്കത്തുന്ന ഒരു വീഡിയോയാണ് ഇവർ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത്തരം സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് ഹൈദ്രാബാദ് പൊലീസ് തന്നെ പിന്നീട് സ്ഥിരീകരിച്ചു. വിദ്വേഷം പരത്താന്‍ വേണ്ടി ആരോ സൃഷ്ടിച്ച വാര്‍ത്തയാണ് ഇതെന്നും പൊലീസ് പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ പ്രതിമ തല വെട്ടിമാറ്റിയ നിലയിലുള്ള ഒരു ചിത്രം പ്രസിദ്ധീകരിക്കുകയും യുപിയിലെ മുസ്ലീമുകളാണ് ഇതിനു പിന്നിൽ എന്ന് ശംഖ് നാദ് ആരോപിക്കുകയും ചെയ്തു. ഈ അക്രമം നടത്തിയത് ഒരു മുസ്ലിമല്ല, പ്രേമചന്ദ്ര ഗൗതം എന്നൊരാളാണ് എന്ന് എസ്പി പിന്നീട് വിശദീകരണം നൽകിയതോടെ ശംഖ് നാദ് ല​ക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ഏറെക്കുറെ വ്യക്തമാവുകയായിരുന്നു.

ഇനി അവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി-

ആരോപണം 1: *ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. അതിൽ, പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സൂചനകളില്ല*

ചാർജ് ഷീറ്റപ്രകാരം കത്വ കേസിൽ ഒരു പോസ്റ്റ്മോർട്ടം മാത്രമാണ് നടന്നതായി വിവരിക്കുന്നത്. കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ജനുവരി 17 ന് ഉച്ചയ്ക്ക് 2.30നാണ് നടന്നത്. ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരിക്കുന്നത് പ്രഥമദൃഷ്ട്യാ തന്നെ ലൈംഗീക പീഡനം നടന്നതായി തെളിഞ്ഞു എന്നാണ്. തുടരന്വേഷണത്തിൽ ഇര ഒന്നിലധികം തവണ ലൈംഗീകാക്രമണത്തിന് വിധേയമായി എന്നും തെളിയിക്കപ്പെട്ടിരുന്നു.

ആരോപണം 2: *തെരുവിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ആൾത്തിരക്കുള്ള ആ ക്ഷേത്രത്തിൽ എട്ടു ദിവസങ്ങൾ ഒരാളെ പൂട്ടിയിടാനും ബലാത്സംഗം ചെയ്യാനും ഒരിക്കലും സാധിക്കില്ല.*

തെറ്റ്!

ചാർജ് ഷീറ്റിൽ പരാമർശിക്കുന്ന ക്ഷേത്രം ഏതെങ്കിലും തെരുവിന്റെ മധ്യത്തിലല്ല. രസന ഗ്രാമത്തിൽ നിന്നും ഏകദേശം ഒരു കി.മീ ദൂരത്തിൽ ഒരു മലയുടെ മുകളിലാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. കുന്നിറങ്ങി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമാണ് സഞ്ജി രാമിന്റെ ഉൾപ്പെടെ ചില വീടുകൾ ഉള്ളത്. ഈ വഴിയിലാണ് ജനുവരി 17ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതും. ദേവീ സ്ഥാനിന്റെ പരിപൂർണ ചുമതല സഞ്ജി റാമിന് ആയതിനാൽ ഇവിടേക്ക് മറ്റാർക്കും അനുവാദം കൂടാതെ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല.

കൂടാതെ, പെൺകുട്ടി എട്ട് ദിവസങ്ങൾ അല്ല ആറു ദിവസങ്ങളാണ് ബന്ധനത്തിലായിരുന്നത്. പത്താം തീയതി അവളെ തട്ടിക്കൊണ്ടു പോവുകയും 15ാം തീയതി പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പെടെ രണ്ടു പേർ മൃതദേഹം രസന വനത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു'

ആരോപണം 3: *പെൺകുട്ടിയുടെ ശരീരത്തിൽ മണ്ണ് പറ്റിയതായി കാണപ്പെട്ടിരുന്നു, ഇത് ആ പ്രദേശത്തുള്ള മണ്ണ് ആയിരുന്നില്ല. മറ്റെവിടെയോ കൊല്ലപ്പെട്ട ശേഷം മൃതദേഹം ക്ഷേത്ര പരിസരത്ത് കൊണ്ടിടുകയായിരുന്നു.*

പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ എവിടെയും മൃതദേഹത്തിൽ മണ്ണ് പറ്റിയിരുന്നതായി പറയുന്നില്ല. മെഡിക്കൽ റിപ്പോർട്ടിലും അത്തരത്തിലുള്ള സൂചനകളില്ല. മറിച്ച് ദേവീസ്ഥാനിൽ നിന്നും ലഭിച്ച ഒരു മുടിയിഴ DNA പരിശോധനയിലൂടെ പെൺകുട്ടിയുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാൽ പെൺകുട്ടി ക്ഷേത്രത്തിൽത്തന്നെ തടവിലാക്കപ്പെട്ടിരുന്നു എന്ന് വ്യക്തം.

ആരോപണം 4: * പ്രദേശത്ത് താമസിക്കുന്ന റോഹിംഗ്യകളെ കുറിച്ച് പ്രദേശവാസികൾ സംശയം ഉന്നയിച്ചപ്പോൾ മുഫ്തി സർക്കാർ പരാതിയെ ​ഗൗനിച്ചില്ല*

മതിയായ രേഖകൾ പരിശോധിച്ചശേഷം നിയമപരമായിട്ടാണ് മുഫ്തി സർക്കാർ റോഹിംഗ്യകളെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ താമസിക്കാൻ അനുവദിച്ചത് ഇത് പ്രാദേശികവാസികളില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. കത്വ കേസ് ഉയര്‍ന്നു വന്നപ്പോള്‍ മനഃപ്പൂര്‍വ്വമായി അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒരു ആരോപണം മാത്രമായിട്ടാണ് റോഹിംഗ്യകളുടെ കുറിച്ചുള്ള വാദങ്ങളെ പൊലീസിന് അനുഭവപ്പെട്ടത്.

ആരോപണം 5: * ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ഇർഫാൻ വാനി എന്ന ഉദ്യോഗസ്ഥനെ പുതിയ കേസ് വഴിത്തിരിച്ചു വിടുന്നതിനായി മുഫ്തി സർക്കാർ നിയോഗിച്ചു.*

മുഫ്തി സർക്കാർ ആയിരുന്നില്ല ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ടീമിലെ ഉദ്യോഗസ്ഥരെ നിയമിച്ചത്. എസ്എസ്ഐ ക്രൈംബ്രാഞ്ച് മേധാവിയായ രമേഷ് കുമാർ എന്ന കാശ്മീർ പണ്ഡിതാണ് തന്റെ ടീമിനെ തെരഞ്ഞെടുത്തത്. ഇൻസ്പെക്ടർ ഇര്‍ഫാന്‍ വാനിക്ക് എതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നു എന്നും എന്നാൽ കുറ്റാരോപിതൻ മാത്രമായ ഒരാളെ മറ്റു കാരണങ്ങള്‍ ഇല്ലാതെ ഒഴിവാക്കാന്‍ താന്‍ താല്പര്യപ്പെട്ടില്ല എന്നും ടീം ലീഡര്‍ രമേഷ് കുമാർ പറയുന്നു.

പിഴവുകൾ ഇല്ലാത്ത ചാർജ് ഷീറ്റ് കൊടുക്കാൻ തനിക്ക് സഹായകരമായത് ഇത്തരം തീരുമാനങ്ങള്‍ ശരിയായിരുന്നതിനാലാണ് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

ആരോപണം 6: * ഇർഫാൻ വാണി ഇടപ്പെട്ടതിനു ശേഷം ഒരു പുതിയ റിപ്പോർട്ട് സൃഷ്ടിക്കപ്പെട്ടു. ഫോറൻസിക് തെളിവുകൾ ഇല്ലാതെ കേസിലേക്ക് 'ബലാത്സംഗം' കൂടി ചേർത്തെഴുതി. തുടർന്ന് അന്വേഷണത്തിന്റെ പേരിൽ ഗ്രാമവാസികളെ ഇവർ വേട്ടയാടി തുടങ്ങി.*

പെൺകുട്ടിക്കു നേരെ ലൈംഗിക ആക്രമണം നടന്നു എന്നുള്ളത് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തന്നെ പറയുന്ന കാര്യമാണ്. തുടർന്നു നടന്ന അന്വേഷണത്തിന്റെ ഭാഗമായി തെളിവുകളും ഇത് സമര്‍ഥിച്ചിട്ടുണ്ട്.

ആരോപണം 7: * യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനായി ജമ്മു പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരെ വരെ ചേർത്തു നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിച്ചു*

കുറ്റവാളികൾ ആരാണ് എന്ന് തീരുമാനിക്കുന്നത് കോടതികളാണ്. പൊലീസ് അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതിനു മുമ്പേ ഏതെങ്കിലും ഒരു ഫേസ്ബുക്ക് പേജിലെ വാദങ്ങൾക്കും നിരപരാധികളെ നിർണയിക്കാൻ കഴിയുന്നതല്ല.

ഇതോടെ, സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട എല്ലാ നുണകളും പൊളിയുകയാണ്.

Read More >>