വീണ്ടും കരാർ ലംഘിച്ച് പാകിസ്ഥാൻ; രജൌരിയിൽ കനത്ത വെടിവയ്‌പ്പ്; രാജ്യാന്തരതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നു നിതിന്‍ ഗഡ്കരി

കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാന്റെ മൂന്നാമത്തെ ആക്രമണമാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ 271 വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കലുകള്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിയ്ക്കുന്നുണ്ട്.

വീണ്ടും കരാർ ലംഘിച്ച് പാകിസ്ഥാൻ; രജൌരിയിൽ കനത്ത വെടിവയ്‌പ്പ്; രാജ്യാന്തരതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നു നിതിന്‍ ഗഡ്കരി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടു വീണ്ടും പാകിസ്ഥാന്റെ ആക്രമണം. ജമ്മു കശ്മീരിലെ രജൗരി മേഖലയിലുള്ള ചിതി ബക്രിയിലാണു പാകിസ്ഥാന്‍ സൈന്യം കനത്ത വെടിവയ്പ്പും ഷെല്ലാക്രമണവും അഴിച്ചു വിട്ടത്. ദീര്‍ഘദൂര പീരങ്കികളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണു പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചത്.

കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ ആക്രമണമാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ 271 വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കലുകള്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിയ്ക്കുന്നുണ്ട്.

നിയന്ത്രണരേഖയ്ക്കടുത്തുള്ള നൗഷറയില്‍ പാക് ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

'പാകിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖയ്ക്കടുത്തു വകതിരിവില്ലാത്ത വെടിവയ്പ്പും ഷെല്ലാക്രമണവും തുടങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. വെടിവയ്പ് തുടരുകയാണ്,' പ്രതിരോധമന്ത്രാലത്തിന്റെ വക്താവ് ലെഫ്റ്റനന്റ് കേണല്‍ മനീഷ് മേഹ്ത അറിച്ചു.

ഷെല്ലാക്രമണത്തില്‍ അതിര്‍ത്തി പ്രദേശത്തെ കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ പറ്റുകയും ആയിരത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

'രാവിലെ 6.20 ന് മഞ്ചക്കോടെ പ്രദേശത്താണു കനത്ത ഷെല്ലാക്രമണം തുടങ്ങിയത്. ഏഴില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ ബാധിക്കപ്പെട്ടു. ഇതുവരെ മൂന്നു ഗ്രാമങ്ങളിലെ 259 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്,' രജൗരി ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി പറഞ്ഞു.

നിലവില്‍ മൂന്നു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാധിക്കപ്പെട്ട ഗ്രാമങ്ങള്‍ക്കായി 28 ക്യാമ്പുകള്‍ കൂടി തുടങ്ങാന്‍ പദ്ധതിയുണ്ട്. ആറു ആംബുലന്‍സുകളും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും നൗഷറയില്‍ തയ്യാറായിട്ടുണ്ട്.ക്യാമ്പുകളിലെ സേവനങ്ങള്‍ക്കായി 120 ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്, ചൗധരി അറിയിച്ചു.

നൗഷറയിലെ 51 സ്‌കൂളുകള്‍ അനിശ്ചിതകാലത്തേയ്ക്കു അടച്ചു. മഞ്ചക്കോടെ, ദൂങ്കി എന്നിലിടങ്ങളിലെ 36 സ്‌കൂളുകള്‍ മൂന്നു ദിവസത്തേയ്ക്കു അടഞ്ഞു കിടക്കും.

ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വളര്‍ത്തുന്ന തീവ്രവാദപ്രസ്ഥാനങ്ങള്‍ തെക്കല്‍ ഏഷ്യയിലെ സമാധാനത്തിനു വെല്ലുവിളിയാണെന്നും രാജ്യാന്തരതരത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മൂന്നു ദിവസത്തെ യുകെ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ ഗഡ്കരി തീവ്രവാദം മനുഷ്യത്വത്തിനും തെക്കേ ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു.