കൊല്‍ക്കത്ത ഹൈക്കോടതി വിധി ജേര്‍ണലിസത്തിന്റെ വിജയം; മാത്യു സാമുവല്‍

തന്റെ തൊഴിലായ മാധ്യമപ്രവര്‍ത്തനം പോലും സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടാന്‍ തുടങ്ങിയതിന്റെ തിക്താനുഭവങ്ങള്‍ മാത്യു സാമുവല്‍ പങ്കു വയ്ക്കുന്നു

കൊല്‍ക്കത്ത ഹൈക്കോടതി വിധി ജേര്‍ണലിസത്തിന്റെ വിജയം; മാത്യു സാമുവല്‍

കൊല്‍ക്കത്ത ഹൈക്കോടതി വിധി 'മാധ്യമപ്രവര്‍ത്തനത്തിന്റെ വിജയ'മാണെന്ന് മാത്യു സാമുവല്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ കോഴപ്പണം കൈപ്പറ്റുന്നത് നാരദയുടെ സ്റ്റിംഗ് ഓപറേഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു.തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദാ ന്യൂസ് എക്‌സ് ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിഷിത മാത്രേ, ജസ്റ്റിസ് ടി ചക്രബര്‍ത്തി എന്നിവര്‍ ഇന്ന് ഉത്തരവിട്ടിരുന്നു.

സ്റ്റിംഗ് ഓപ്പറേഷന്‍ പുറത്തു വിട്ടപ്പോള്‍ മുതല്‍ കൊല്‍ക്കത്ത പോലീസ് എന്നെയും നാരദയെയും വേട്ടയാടാന്‍ തുടങ്ങിയതാണ്. അവര്‍ക്കു പോലും വ്യക്തതയില്ലാത്ത കാര്യങ്ങളില്‍ എനിക്കെതിരെ കേസ് എടുത്തു. നാരദയുടെ വനിതാജീവനക്കാരിയും ഡ്രൈവറും ഉള്‍പ്പെടെയുള്ള ജീവനക്കാരെ പോലീസ് മാനസികസമ്മര്‍ദ്ദത്തിലാക്കി. എല്ലാറ്റിനും ഒടുവില്‍ കൊല്‍ക്കത്ത കോടതിയില്‍ നിന്നും ഇക്കാര്യങ്ങളില്‍ ഒരു ആശ്വാസം കിട്ടിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്: മാത്യു സാമുവല്‍ പറഞ്ഞു.സി.ബി.ഐ അന്വേഷണം നീതിപ്പൂര്‍വ്വമായിരിക്കണം എന്നു മാത്രം.

പുറത്തു വിട്ട ടേപ്പുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നില്ലേ എന്ന ചോദ്യത്തിന് അത് കെട്ടിചമച്ചതാണോ അല്ലയോ എന്ന് എനിക്ക് മാത്രമാണ് ആധികാരികമായി പറയാന്‍ കഴിയുന്നത്‌. ഞാനാണ് ആ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്. അതിനാല്‍ തന്നെ ആ ടേപ്പുകള്‍ കെട്ടിച്ചമച്ചതാണോ എന്നും ഞാനല്ലേ പറയേണ്ടത്? ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഭയപ്പെടാതിരുന്നതും അതുക്കൊണ്ടാണ്. ചെയ്ത ജോലി സത്യസന്ധമാണ് എന്ന് എനിക്കുറപ്പുള്ളപ്പോള്‍ എന്തിനു ഭയപ്പെടണം? മാത്യു പറയുന്നു.

ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ വിജയമാണ്. ഒരു ഘട്ടത്തില്‍ അതിയായ നിരാശ അനുഭവപ്പെട്ടിരുന്നു- കാരണം ജേര്‍ണലിസം എന്ന എന്റെ തൊഴിലിനെ പോലും ചിലയിടങ്ങളില്‍ നിന്നും സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടാന്‍ തുടങ്ങി. സത്യം പുറത്തുവരുന്നതില്‍ ഇപ്പോള്‍ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചു ഇത് നാരദയുടെ ഒരു കേസ് മാത്രമല്ല, അതിനേക്കാള്‍ ഏറെയാണ്. പോരാട്ടം അവസാനിപ്പിച്ചിട്ടില്ലാത്ത ആത്മവിശ്വാസത്തോടെ മാത്യു സാമുവല്‍ പറഞ്ഞു നിര്‍ത്തി.