റോബര്‍ട്ട് വാധ്ര കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും: ഹരിയാന മുഖ്യമന്ത്രി

ഭൂമിയിടപാടിൽ സോണിയാഗാന്ധിയുടെ മരുമകൻ റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെതുടർന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ഖട്ടാറിന്റെ പ്രതികരണം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഖട്ടാർ പറഞ്ഞു.

റോബര്‍ട്ട് വാധ്ര കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും: ഹരിയാന മുഖ്യമന്ത്രി

ഭൂമിയിടപാടിലൂടെ നിയമവിരുദ്ധമായി 50 കോടി രൂപ സമ്പാദിച്ചെന്ന ആരോപണത്തിൽ വ്യവസായിയായ റോബര്‍ട്ട് വാധ്ര കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ഖട്ടാർ. ഭൂമിയിടപാടിൽ സോണിയാഗാന്ധിയുടെ മരുമകൻ റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഖട്ടാർ പറഞ്ഞു.

റോബര്‍ട്ട് വാധ്രയും അദ്ദേഹത്തിന്റെ കമ്പനികളും ഹരിയാനയിൽ വാങ്ങിയ ഇരുപതോളം വസ്തുക്കളെക്കുറിച്ചാണ് ജസ്റ്റിസ് ധിന്‍ഗ്ര അന്വേഷിച്ചത്. സ്‌കൈലൈറ്റ്, ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്നു വാങ്ങിയ ഭൂമി 2008 ൽ ഡിഎൽഎഫിന് ഭൂവിനിയോഗ ചട്ടങ്ങളിൽ മാറ്റം വരുത്തി മറിച്ചു വിറ്റുവെന്നും ഭൂവിനിയോഗ ചട്ടങ്ങളിൽ മാറ്റം വരുത്തിയ ശേഷമായതു കൊണ്ട് 50 കോടി രൂപയുടെ ലാഭം കിട്ടിയെന്നുമായിരുന്നു പരാതി. ഭൂവിനിയോഗ ചട്ടങ്ങളിൽ മാറ്റം വരുത്താൻ മുൻ കോൺഗ്രസ് സർക്കാർ സഹായിച്ചുവെന്നാണ് ആക്ഷേപം.

അതിനിടെ, ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷന്റെ കണ്ടെത്തലില്‍ വിശദീകരണവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. വാധ്രയുടെ പണമിടപാടുകളുമായി തനിയ്ക്കു ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു.

'ആ സ്ഥലം വാങ്ങാനുള്ള പണം കിട്ടിയത് മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ സ്വത്തിനു കിട്ടിയ വാടകപ്പണത്തില്‍ നിന്നുമാണ്. പ്രിയങ്കാ ഗാന്ധി വാങ്ങിയ ഭൂസ്വത്തുക്കള്‍ക്ക് ഭര്‍ത്താവായ റോബര്‍ട്ട് വാധ്രയ്ക്കും അദ്ദേഹത്തിന്റെ സ്‌കൈലൈറ്റ് എന്ന സ്ഥാപനത്തിനും ഡിഎല്‍എഫിനും പങ്കൊന്നുമില്ല,' എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചത്.