ബലാത്സംഗത്തിനിരയായ ബാലികയോട് ഹരിയാന പൊലീസ് നഗ്നയാകാനാവശ്യപ്പെട്ട സംഭവം: അന്വേഷണത്തിനുത്തരവ്

ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് വസ്ത്രമഴിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതെന്ന് ബാലിക യുടെ പരാതിയില്‍ പറയുന്നു. ''പൊലീസുകാരിലൊരാള്‍ എന്നോട് ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ച് ശരീരം കാണിക്കാനാവശ്യപ്പെടുകയും എന്റെ തുടകളില്‍ പിടിക്കുകയും ചെയ്തു'' പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ബലാത്സംഗത്തിനിരയായ ബാലികയോട് ഹരിയാന പൊലീസ് നഗ്നയാകാനാവശ്യപ്പെട്ട സംഭവം: അന്വേഷണത്തിനുത്തരവ്

ബലാത്സംഗത്തിന് ഇരയായ ബാലികയോട് പൊലീസ് നഗ്നയാകാനാവശ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. തെളിവെടുപ്പിന്റെ ഭാഗമായി ഹരിയാനയിലെ കൈതാല്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ വസ്ത്രമഴിച്ച് കാണിക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടതായി പീഡനത്തിനിരയായ ബാലിക ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹരിയാന ഡിജിപിക്ക് നിര്‍ദ്ദേശം നൽകി.

പരാതി പ്രകാരം ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് വസ്ത്രമഴിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ''പൊലീസുകാരിലൊരാള്‍ എന്നോട് ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ച് ശരീരം കാണിക്കാനാവശ്യപ്പെടുകയും എന്റെ തുടകളില്‍ പിടിക്കുകയും ചെയ്തു'' പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കേസില്‍ ഇതുവരെ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്.

ഇതെത്തുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നൽകിയത്. ''ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്'' അഡീഷണല്‍ സെക്രട്ടറി രാം നിവാസ് ദി ഹിന്ദു ദിനപ്പത്രത്തോട് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 20നാണ് താന്‍ പീഡനത്തിനിരയായതായി ബാലിക പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ബലാത്സംഗം ചെയ്തയാളെ അറിയാമെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തുന്നതിന് പകരം തന്നെ പൊലീസ് അപമാനിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.