അഭിമാന നേട്ടം; വിജയിച്ചത് ഇന്ത്യക്ക് വേണ്ടി ഒരു രൂപ പ്രതിഫലത്തിൽ പോരാടിയ ഹരീഷ് സാൽവയും

നീതിന്യായ കോടതിയുടെ പതിനൊന്നംഗ ജൂറിക്ക് മുന്നിൽ ഇന്ത്യയുടെ വാദങ്ങൾ കൃത്യമായും വ്യക്തതയോടെയും അവതരിപ്പിക്കാൻ ഹരീഷ് സാൽവയ്ക്ക് സാധിച്ചു. കുൽഭൂഷൺ ജാദവിന്റെ കുറ്റസമ്മതമൊഴിയുടെ വീഡിയോ കോടതിയിൽ പ്രദർശിപ്പിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾ വിഫലമാക്കാനും ഹരീഷ് സാൽവയ്ക്ക് സാധിച്ചു.

അഭിമാന നേട്ടം; വിജയിച്ചത് ഇന്ത്യക്ക് വേണ്ടി ഒരു രൂപ പ്രതിഫലത്തിൽ പോരാടിയ ഹരീഷ് സാൽവയും

കുൽഭൂഷൺ ജാദവ് കേസിലെ ഇടക്കാല വിധിയിലെ വിജയത്തിൽ രാഷ്ട്രത്തിനൊപ്പം അഭിമാനിക്കാവുന്നത് ഹരീഷ് സാൽവയെന്ന മുൻ സോളിസിറ്റർ ജനറലിന് കൂടിയാണ്. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഹരീഷ് സാൽവ കുൽഭൂഷൺ കേസിലെ നയതന്ത്ര യുദ്ധത്തിനിറങ്ങിയത് ഒരു രൂപ പ്രതിഫലം വാങ്ങിയാണ്.

ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ വാദം നടക്കുമ്പോൾ കുറഞ്ഞ ഫീസിൽ സാൽവയെക്കാൾ നല്ല അഭിഭാഷകരെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്ന വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഒരു രൂപാ പ്രതിഫലത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.കേസിൽ ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ സാൽവെ പ്രതിഫലം കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുല്‍ഭൂഷനായി വാദിക്കാന്‍ സാല്‍വയ്ക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയെന്ന വിവാദമുണ്ടാകാനും കാരണമതായിരുന്നു.

നീതിന്യായ കോടതിയുടെ പതിനൊന്നംഗ ജൂറിക്ക് മുന്നിൽ ഇന്ത്യയുടെ വാദങ്ങൾ കൃത്യമായും വ്യക്തതയോടെയും അവതരിപ്പിക്കാൻ ഹരീഷ് സാൽവയ്ക്ക് സാധിച്ചു. കുൽഭൂഷൺ ജാദവിന്റെ കുറ്റസമ്മതമൊഴിയുടെ വീഡിയോ കോടതിയിൽ പ്രദർശിപ്പിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾ വിഫലമാക്കാനും ഹരീഷ് സാൽവയ്ക്ക് സാധിച്ചു.

രാജ്യത്ത് മാധ്യമ ശ്രദ്ധ നേടിയ നിരവധി കോടതി വ്യവഹാരങ്ങളിൽ ഹരീഷ് സാൽവെ കോട്ടണിഞ്ഞിട്ടുണ്ട്. നേരത്തെ വൊഡാഫോൺ ഇന്ത്യ നികുതിവെട്ടിപ്പുകേസിൽ വൊഡാഫോണിനുവേണ്ടി ഹരീഷ് സാൽവ ഹാജരായിരുന്നു.അംബാനി സഹോദനമാരായ മുകേഷ് അംബാനി അനിൽ അംബാനി എന്നിവർ നാച്ചുറൽ ഗ്യാസ് ഇടപാടിൽ പരസ്പരം പോരടിച്ചുകൊണ്ടു മുംബൈ ഹൈക്കോടതിയെ സമീപിച്ചപ്പോൾ മുകേഷ് അംബാനിക്കു വേണ്ടീ സാൽവെയാണു ഹാജരായത്. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് വിവാദത്തിൽ, ടേപ്പിനെതിരെ രത്തൻ ടാറ്റയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ സാൽവെയാണ്‌ കേസ് വാദിച്ചത്.

കേരളം-തമിഴ്നാട് മുല്ലപ്പെരിയാർ അണകെട്ടു തർക്കത്തെ തുടർന്നു സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിനു വേണ്ടി ഹാജരായത് സാൽവെയാണ്.അണക്കെട്ടിന്റെ ബലത്തെപ്പറ്റി മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയും കേരളത്തിനു വേണ്ടി സാൽവെയാണ് ഹാജരായത്.അറബിക്കടലിൽ ഇന്ത്യൻ മൽസ്യത്തോഴിലാളികളെ ഇറ്റാലിയൻ മറീനുകൾ വെടിവെച്ചുകൊന്ന സംഭവം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യവഹാരമായിരുന്നു. ഈ കേസിൽ ഇറ്റാലിയൻ നാവികർക്കു വേണ്ടി കോടതിയിൽ ഹാജരായത് സാൽവെയാണ്. നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയൻ സർക്കാരിന്റെ നിലപാടിനെ തുടർന്ന് കേസിൽ നിന്നു സാൽവ സ്വയം പിന്മാറുകയായിരുന്നു.