തടങ്കലിലാക്കി ഒടുവില്‍ പാക്കിസ്ഥാനും സമ്മതിച്ചു ഫാഫിസ് ഭീകരന്‍ തന്നെ!

ജിഹാദിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനാല്‍ ഹാഫിസിനെയും കൂട്ടാളികളേയും തടവിലാക്കിയതായി പാക്കിസ്ഥാനിലെ ഇന്റീരിയല്‍ മിനിസ്ട്രി ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ അറിയിച്ചു.

തടങ്കലിലാക്കി ഒടുവില്‍ പാക്കിസ്ഥാനും സമ്മതിച്ചു ഫാഫിസ് ഭീകരന്‍ തന്നെ!

കൊടുംഭീകരനെന്നു ഇന്ത്യ വിശേഷിപ്പിച്ചിരുന്ന ഫാഫിസ് സയീദിനെ ഒടുവിൽ പാക്കിസ്ഥാനും ഭീകരനെന്നു സമ്മതിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ എന്ന ഭീകരസംഘടനയുടെ നേതാവുമായ ഫാഫിസ് സയീദ് പാക്കിസ്ഥാനില്‍ തടങ്കലിലാണെന്നാണ് റിപ്പോർട്ട് . ജിഹാദിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനാല്‍ ഹാഫിസിനെയും കൂട്ടാളികളേയും തടവിലാക്കിയതായി പാക്കിസ്ഥാനിലെ ഇന്റീരിയല്‍ മിനിസ്ട്രി ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ അറിയിച്ചു. കശ്മീരിനു വേണ്ടി ശബ്ദമുയര്‍ത്തുന്നതിനാലാണ് തന്നെ തടങ്കലിലാക്കുന്നതെന്ന് ജുഡീഷ്യല്‍ ബോര്‍ഡിന് മുന്നില്‍ ശനിയാഴ്ച ഹാജരായ ഹാഫിസ് ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച ഇന്റീരിയല്‍ മിനിസ്ട്രി ഹാഫിസും കൂട്ടാളികളും ജിഹാദിന്റെ മറവില്‍ ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന് മൂന്നംഗ ഉന്നതതല ബോര്‍ഡ് കണ്ടെത്തിയതായി പറഞ്ഞു. ബോര്‍ഡംഗങ്ങളായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍, ലാഹോര്‍ ഹൈക്കോടതി ജഡ്ജി ആയിഷ എ മാലിക്ക്, ബലൂചിസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജമാല്‍ ഖാന്‍ മണ്ഡോക്കൈല്‍ എന്നിവര്‍ ഹാഫിസിന്റെയും കൂട്ടാളികളുടെയും തടങ്കലിനെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. പാക്കിസ്ഥാന്‍ അറ്റോര്‍ണി ജനറലിനോട് അടുത്ത ഹിയറിംഗിന് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹഫീസിനേയും കൂട്ടുപ്രതികളായ സഫര്‍ ഇക്ബാല്‍, അബ്ദുള്‍ റഹ്മാന്‍, ആബിദ് അബ്ദുല്ല ഉബൈദ്, ക്വാസി കാഷിഫ് നിയാസ് എന്നിവരെ കനത്ത സുരക്ഷയിലാണ് പൊലീസ് സുപ്രീം കോടതിയിലെത്തിച്ചത്. ഹാഫിസ് അനുകൂലികളേയും കോടതി പരിസരത്ത് കാണാമായിരുന്നു. അഭിഭാഷകന്‍ ഉണ്ടായിരുന്നെങ്കിലും ലഷ്‌കര്‍ ഇ ത്വയ്ബയുടെ സ്ഥാപകനും കൂടിയായ ഹാഫിസ് കോടതിയില്‍ സ്വയമാണ് വാദിച്ചത്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹാഫിസ് വാദിച്ചു. കശ്മീരിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനാല്‍ താനും കൂട്ടാളികളും ഇരകളാകുകയാണ് ചെയ്തതെന്ന് ഹാഫിസ് വാദിച്ചു. സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനുവരി 30ന് പഞ്ചാബ് ഗവണ്‍മെന്റ് ഇവരെ ലാഹോറില്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈ നടപടിയേയും ഹാഫിസ് കോടതിയില്‍ ചോദ്യം ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഹാഫിസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ തുടര്‍ച്ചയായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെയുള്ള തെളിവുകളും ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു.