'ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ അച്ഛനൊപ്പം ആര്‍എസ്എസുകാർ ഇടപെട്ടു'; ഹാദിയയുടെ ആദ്യ അഭിമുഖം പൂർണരൂപം

മതംമാറ്റത്തെ കുറിച്ചും അച്ഛനെ കുറിച്ചും ഷഫിൻ ജഹാനെ കുറിച്ചും എൻഐഎയെ കുറിച്ചും രാഹുൽ ഈശ്വറിനെക്കുറിച്ചും ഹാദിയക്ക്‌ പറയാനുള്ളത്. നാരദ ന്യൂസ് അഭിമുഖത്തിന്റെ പൂർണരൂപം

ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ അച്ഛനൊപ്പം ആര്‍എസ്എസുകാർ ഇടപെട്ടു; ഹാദിയയുടെ ആദ്യ അഭിമുഖം പൂർണരൂപം

കോടതി വിധി അറിഞ്ഞിരിക്കുമല്ലോ? ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം കോടതി അംഗീകരിച്ചു. അഥവാ, ഹാദിയയുടെ രണ്ടാമത്തെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നു. എന്താണ് പ്രതികരണം?

പടച്ചവനോട് ഒരുപാട് നന്ദി പറയുന്നു. അല്‍ഹംദുലില്ലാഹ്... സത്യം വിജയിക്കുമെന്ന് പറയുന്നത് പൂര്‍ണമായും സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലായി. എത്ര വലിയ ശക്തികള്‍ അതിനെതിരെ നിന്നാലും സത്യം വിജയിക്കുക തന്നെ ചെയ്യും. എന്തായാലും ഞാന്‍ തെറ്റ് ചെയ്തിട്ടില്ലല്ലോ? 100 ശതമാനം എനിക്ക് ഉറപ്പാണ് ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് എനിക്കറിയാം. അപ്പോള്‍ പിന്നെ ദൈവം എന്തായാലും നമുക്ക് നല്ലരീതിയിലെ എത്തിക്കുള്ളൂ. നമുക്ക് ഒരിക്കലും പറ്റാത്ത രീതിയിലേക്ക് പടച്ചോന്‍ എത്തിക്കില്ല.

ഹാദിയയ്ക്ക് രണ്ട് ആവശ്യങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് സ്വാതന്ത്ര്യം വേണമെന്ന്. രണ്ടാമത്തേത് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്നത്. ഈ രണ്ട് കാര്യങ്ങളിലും ഹാദിയക്ക് അനുകൂലമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഹാദിയ പൂര്‍ണമായും സ്വാതന്ത്ര്യയാണെന്ന് തോന്നുന്നുണ്ടോ?

ഒരു പരിധി വരെ ഞാന്‍ ഇപ്പോള്‍ ഫ്രീ ആണ്. മാരേജ് അംഗീകരിച്ചോണ്ട് ഇന്നാണ് വിധി വന്നിരിക്കുന്നത്. ഇനി കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പുറത്ത് ഷോപ്പിങ്ങിനൊക്കെ പോവാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍ഷാ അള്ളാഹ്.

ഷെഫിനെ കാണാറുണ്ടോ?

ആ ഉണ്ട്. കോളേജില്‍ വന്ന് കണ്ടിട്ടുണ്ട്. ഒന്ന് രണ്ട് പ്രാവശ്യം വന്നിട്ടുണ്ട്.

അച്ഛന്റെ പ്രതികരണം അറിയുമോ? അച്ഛനുമായി സംസാരിച്ചിരുന്നോ?

അച്ഛന്‍ വിളിച്ചിട്ടില്ല.

അച്ഛന്‍ വിളിക്കാറേയില്ല?

ഉണ്ട്. അച്ഛന്‍ വിളിക്കാറുണ്ട്. അച്ഛനുമായി സംസാരിക്കാറുണ്ട്. അച്ഛന്‍ ഇപ്പോഴും പഴയ ഒരു സ്റ്റാന്‍ഡില്‍ തന്നെയാണുള്ളത്. എനിക്ക് ഒരിക്കലും അച്ഛനുമമ്മയെയും മാറ്റിനിര്‍ത്തണമെന്ന് ആഗ്രഹമില്ല. അവരും എന്റെ കൂടെ വേണം. അവരെ മാറ്റിനിര്‍ത്താന്‍ വേണ്ടിയിട്ടല്ല ഞാന്‍ മതംമാറിയതും കല്യാണം കഴിച്ചതും. അത്തരത്തില്‍ ഒരു പ്രചാരണം നടക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. എനിക്ക് പാരന്റ്‌സിനോട് ഒരു പരിഗണനയുമില്ലായെന്ന്. ഒരിക്കലും അങ്ങനെയല്ല. എപ്പോഴും ഞാന്‍ അവരുമായി കോണ്‍ടാക്ട് ചെയ്തു കൊണ്ട് തന്നെയാണ് നിന്നിട്ടുള്ളത്. ഒരിക്കല്‍ പോലും അവരോട് കോണ്‍ടാക്ട് ചെയ്യാതിരുന്നിട്ടില്ല. പറ്റുന്ന സമയത്തൊക്കെ, നല്ല രീതിയില്‍ തന്നെ കോണ്‍ടാക്ട് ചെയ്തിട്ടുണ്ട്. ഒരിക്കലും അവരെ മാറ്റിനിര്‍ത്തണമെന്നുമില്ല. ഇന്‍ഷാ അല്ലാഹ്. ഇനി അവര് എന്നെ അംഗീകരിച്ചു കൊണ്ട്, എന്നെ മാത്രമല്ല, എന്റെ ഹസ്ബന്റിനെയും അംഗീകരിച്ചു കൊണ്ട് വന്നാല്‍ ഉറപ്പായും ഞങ്ങള്‍ ഒരുമിച്ചു തന്നെ നില്‍ക്കും. ഇന്‍ഷാ അല്ലാഹ്.

കോളേജിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ എത്രത്തോളമാണ്?

കോളേജിന്റെ ഭാഗത്തു നിന്ന് പ്രശ്‌നമൊന്നുമില്ല. അവര്‍ സപ്പോര്‍ട്ടീവ് ആണ്.

ഹാദിയ വീട്ടില്‍ ആയിരുന്ന സമയത്ത് രാഹുല്‍ ഈശ്വര്‍, ജാമിദ ടീച്ചര്‍, മനോജ് ഗുരുജി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. എന്തായിരുന്നു ഇവരുടെ ഒക്കെ സന്ദര്‍ശന ഉദ്ദേശ്യം?

ഞാന്‍ ഒന്ന് തിരിച്ചു ചോദിക്കട്ടെ, നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ ഇവരെയൊക്കെ? നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ലേ? നിങ്ങള്‍ക്ക് ആ രീതിയിലുള്ള അറിവുണ്ടാകുമല്ലോ? എനിക്ക് പൂര്‍ണമായി ഒന്നുമറിയില്ല അവിടെ വന്നവരെ സംബന്ധിച്ച്. വന്നവരില്‍ എനിക്ക് അറിയുന്നവര്‍ എല്ലാവരും ഹിന്ദൂസ് അല്ലാണ്ട്, വേറെ ആരും എന്നെ കാണാന്‍ വന്നിട്ടില്ല. ഹിന്ദൂസ് എന്ന് പറയാന്‍ പറ്റുന്നവര്‍ അല്ലാണ്ട് വേറെ ആരുമില്ല. ഒരു ട്രൂത്ത് സൈഡില്‍ നില്‍ക്കുന്നവര്‍ ആരും എന്നെക്കാണാന്‍ വന്നിട്ടില്ല. ജാമിദ ടീച്ചര്‍ എന്നു പറയുന്നത്, തലയില്‍ തുണിയിട്ടിരുന്നു. ഒറ്റയടിക്ക് കണ്ടാല്‍ മുസ്ലിമെന്ന് അവര്‍ തന്നെ പറയുന്നുണ്ട്.

എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടാണ് ഹാദിയയെ പോയിക്കണ്ടത് എന്ന് ജാമിദ ടീച്ചര്‍ ഒരു കാഷ്വല്‍ ടോക്കിനിടയില്‍ എന്നോട് പറഞ്ഞിരുന്നു. അവര് പറഞ്ഞിട്ടാണ് ഞാന്‍ അശോകേട്ടനെ കണ്ടതെന്നും ജാമിദ ടീച്ചര്‍ പറഞ്ഞു. ഹാദിയയുടെ അനുഭവം എന്താണ്?

എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതു കൊണ്ട് വന്നതാണ് അവരും. എന്‍ഐഎക്ക് എന്താണ് ഇത്ര നിര്‍ബന്ധം? എന്നെ ഇങ്ങോട്ട് മാറ്റണം, അങ്ങോട്ട് മാറ്റണം, നേരായ രീതിയിലേക്ക് വരണം എന്നൊക്കെ അവര്‍ക്ക് എന്താണ് ഇത്ര നിര്‍ബന്ധം? എന്താണ് ഇപ്പോ? ഞാന്‍ വളഞ്ഞവഴിയിലാണ് എന്നുള്ളതാണല്ലോ ഈ എന്‍ഐഎയുടെ ഒക്കെ ഒരു തോന്നല്... അവിടെത്തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ?

ജാമിദ ടീച്ചര്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങി വന്നവരുടെയൊക്കെ ആവശ്യം എന്തായിരുന്നു?

ഞാനിപ്പൊ മതംമാറിയത്, അതായത് എന്റെ ഒരു കണ്‍സപ്റ്റ് അനുസരിച്ച് ഇസ്ലാം വിശ്വാസത്തില്‍ നിലനില്‍ക്കണം എന്നതാണ് എന്റെ ആഗ്രഹം. അതാണ് എന്റെ കണ്‍സപ്റ്റ്. ഞാന് അത് ശരിയെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവര്‍ക്ക് അത് ശരിയാണോ തെറ്റാണോ എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമല്ല. ഞാന്‍ എന്ന പേഴ്‌സണ്‍ അത് ഇഷ്ടപ്പെടുന്നു. 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു. അപ്പൊ അവര് അതിന് എതിരായിട്ട്, അതിന്റെ ആവശ്യമില്ല, ഹിന്ദുമതത്തില്‍ നിന്നാലും കുഴപ്പമില്ല രീതിയിലാണ് അവര് എന്നോട് സംസാരിച്ചത്. അപ്പോള്‍ പിന്നെ അത് ഏത് ലെവലിലുള്ള വര്‍ത്തമാനമാണെന്ന് ഊഹിക്കാമല്ലോ?!

രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശന ഉദ്ദേശ്യം വാസ്തവത്തില്‍ എന്തായിരുന്നു?

മൂന്നാമത്തെ തവണ കാണാന്‍ വന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ എന്റെ ഫോട്ടോ എടുത്തത്. ഒരു പ്രാവശ്യമെങ്കിലും അകത്തു കയറണമെന്നുണ്ടെങ്കില്‍ തന്നെ മാതാപിതാക്കളുടെ സൈഡില്‍ നിന്നുള്ള ആരുടെയെങ്കിലും പോസിറ്റീവ് ആയ ഒരു വക്കാലത്ത് ഇല്ലാതെ സാധിക്കില്ലായിരുന്നു എന്നുള്ളത് ഒന്നാമത്തെ കാര്യം. ആരുടെയെങ്കിലും അനുമതിയോടെ തന്നെയാണ് അദ്ദേഹം ഉള്ളില്‍ വന്നിട്ടുള്ളത്. പൊലീസും വീട്ടുകാരും നൂറു ശതമാനം അദ്ദേഹത്തിനു സപ്പോര്‍ട്ട് ആയിരുന്നു ഇതിന്റെ അകത്തെത്താന്‍. പൊലീസ് അറിഞ്ഞിട്ടില്ല എന്നൊന്നും പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ആദ്യ തവണ മുതല്‍ ഫോണടക്കം കയ്യില്‍ വച്ചു തന്നെയാണ് രാഹുല്‍ ഈശ്വര്‍ അകത്തു വന്നിട്ടുള്ളത്. അങ്ങിനെയൊരു റെസ്ട്രിക്ഷനൊന്നും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. എന്നെ പിന്തുണച്ചാണ് രാഹുല്‍ ഈശ്വര്‍ സംസാരിച്ചിരുന്നതെങ്കില്‍ ആദ്യത്തെ തവണയോടെ തന്നെ അദ്ദേഹത്തിന്റെ വരവ് നിര്‍ത്തിയിട്ടുണ്ടാവുമല്ലോ. മൂന്നു തവണ അദ്ദേഹം വന്നിട്ടുണ്ടെങ്കില്‍ എങ്ങിനെയായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

രാഹുല്‍ ഈശ്വര്‍ പുറത്തു പറഞ്ഞത് മറ്റൊരു കാര്യമാണ്. ഹാദിയയുടെ വിശ്വാസത്തോടൊപ്പമാണ്. അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നൊക്കെയാണ്.

ഇതിലിപ്പൊ ഞാന്‍ പറയുന്നതും വിശ്വസിക്കണ്ട, അവര്‍ പറയുന്നതും വിശ്വസിക്കണ്ട. പക്ഷേ, ടോട്ടല്‍ ഇപ്പൊ നിലനില്‍ക്കുന്ന ഒരവസ്ഥ നിങ്ങള്‍ നോക്കിയാല്‍ മതി. ഞാന്‍ നൂറുശതമാനം കള്ളിയാണ് എന്നു തന്നെയാണ് എന്‍ഐഎ എന്നോട് പറഞ്ഞത്. ഞാന്‍ പറയുന്നത് കള്ളം മാത്രാണെന്നാണ് എന്‍ഐഎ പറഞ്ഞത്. ഞാന്‍ അവരോടും പറഞ്ഞത്, ഞാന്‍ പറയുന്നത് അംഗീകരിക്കണ്ട, ഇപ്പൊ നിലനില്‍ക്കുന്ന സിറ്റുവേഷനും മറ്റും കണ്‍സിഡര്‍ ചെയ്തു മാത്രം വിശ്വസിച്ചാല്‍ മതി എന്നു തന്നെയാണ്. അതു തന്നെയാണ് ഞാന്‍ നിങ്ങളോടും പറയുന്നത്. രാഹുല്‍ ഈശ്വര്‍ മൂന്നുതവണ വന്നു, മൂന്നാമത്തെ തവണയും അദ്ദേഹത്തിനു വരാനായെങ്കില്‍ അത് ഏതു സ്റ്റാന്‍ഡില്‍ അദ്ദേഹം സംസാരിച്ചിട്ടായിരിക്കും? മൂന്നാമത്തെ തവണയും സിമ്പിളായി കയറാനായി, അതും വിത്ത് മൊബൈല്‍ ഫോണ്‍. വീഡിയോ വരെ എടുക്കാന്‍ പറ്റി.

ഘര്‍വാപ്പസിയുടെ ആളുകള്‍ ഹാദിയയെ സന്ദര്‍ശിച്ചിരുന്നോ?

തീര്‍ച്ചയായും. അഞ്ചും ആറും പേരു വീതമാണ് വന്നുകൊണ്ടിരുന്നത്.

അവരുടെ ആവശ്യമെന്തായിരുന്നു? തിരിച്ച് മതം മാറണം എന്നായിരുന്നോ?

തീര്‍ച്ചയായും. അല്ലാതെ സൗഹാര്‍ദ്ദ സന്ദര്‍ശനത്തിനല്ലല്ലോ അവരവിടെ ഉദ്ദേശിച്ചത്.

അവര്‍ പീഡിപ്പിച്ചിട്ടുണ്ടോ ഹാദിയയെ?

മാനസികമായി അവര്‍ പീഡിപ്പിച്ചിട്ടുണ്ട്, തീര്‍ച്ചയായും. ശാരീരികമായി അല്ലെങ്കിലും, മാനസികമായി നമുക്ക് തീരെ യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. ഇറങ്ങിപ്പോവണമെന്ന് പറയേണ്ട സാഹചര്യം വന്നിട്ട് ഇറങ്ങിപ്പോവാതിരിക്കുന്നത് നമുക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണല്ലോ?

ഇനി ഹാദിയ കോളേജില്‍ നിന്ന് എങ്ങോട്ടായിരിക്കും പോകുന്നത്? ഷെഫിന്റെ ഒപ്പമായിരിക്കുമോ?

തീരുമാനിച്ചിട്ടില്ല. എന്നാലും എത്രയും പെട്ടെന്ന് ഷെഫിനെ കാണാം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. സന്തോഷം പങ്കുവയ്ക്കണം.

ഒരു വനിതാ ദിനത്തിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. എന്താണ് പറയാനുള്ളത്?

അതെ. വലിയ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണത്. സ്ത്രീകള്‍ക്ക് ഇപ്പോഴും എന്തെങ്കിലുമൊക്കെ വിലയുണ്ട് എന്നു തോന്നിപ്പോകുന്ന ഒരു നിമിഷമാണ്. എനിക്ക് തോന്നിയിട്ടുണ്ട്, ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും വലിയ ബുദ്ധിമുട്ട് എന്തായാലും അനുഭവിക്കേണ്ടി വരുമായിരുന്നില്ല, ഒരു മതം സ്വീകരിച്ചതിന്റെ പേരില്‍. അതിനൊരു മാറ്റം ഈ ദിനത്തില്‍ തന്നെ വന്നത് പോസിറ്റീവായ കാര്യമാണ്. എല്ലാവരും സന്തോഷമായി ഇരിക്കുകയാണ്. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നൊരു വിധിയല്ലേ. ഭരണഘടനയില്‍ ഒരു പൗരന് പ്രതീക്ഷ നല്‍കുന്നൊരു വിധിയാണ് എന്നെനിക്ക് തോന്നുന്നു. ഒരുപാടുപേരുടെ സഹായത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. എങ്ങനെ നന്ദി പറയണം എന്നറിയില്ല എനിക്ക്.

അച്ഛന്‍ അശോകന്‍ പറയുന്നത്, താന്‍ യുക്തിവാദിയാണ്, മകള്‍ ഏതു മതം സ്വീകരിക്കുന്നതിലും എതിര്‍പ്പില്ല എന്നൊക്കെയാണ്. ഇക്കാര്യം സത്യവാങ്മൂലത്തിലും പറയുന്നുണ്ട്. അച്ഛന്റെ സമീപനം എന്തായിരുന്നു?

എന്നെ സുപ്രീം കോടതില്‍ ഹാജരാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പു വരെ രാത്രിയില്‍ പൂജാകര്‍മങ്ങള്‍ വരെ നടത്തുമായിരുന്നു. മൂന്നുമണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന പൂജകള്‍. അത് എന്തിനാണെന്നൊന്നും എനിക്കറിയില്ല. എന്നെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ബാത് റൂമില്‍ പോവണമെന്നു പറഞ്ഞിട്ടുപോലും വിടാത്ത ഒരു സാഹചര്യത്തില്‍, അത്രത്തോളം അടച്ചിട്ട് നിര്‍ത്തിയിട്ടുണ്ട്. എന്റെ റൂമിന്റെ മുന്നിലായിട്ടായിരുന്നു പൂജകളൊക്കെ നടത്തിയിരുന്നത്. എന്തായാലും അച്ഛനും കൂടി സമ്മതിക്കാതെ ആ പൂജകളൊന്നും നടക്കില്ല എന്തായാലും. അച്ഛന്‍ അമ്പല ദര്‍ശനം നടത്തിയിരുന്നു. ഞാന്‍ ഹിന്ദുവാണ് എന്ന് അച്ഛന്‍ തന്നെ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പൊ യുക്തിവാദിയാണ് എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ല എന്നാണ് എനിക്ക് മനസിലാവുന്നത്.

ഈ സംഭവത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ ഇടപെടല്‍ ഉണ്ടായിരുന്നോ?

ആര്‍എസ്എസിന്റെ ഇടപെടലിനെ കുറിച്ച് എനിക്ക് വ്യക്തമായൊന്നും അറിയില്ല. അതൊക്കെ ഞാന്‍ പറയേണ്ട കാര്യമുണ്ടോ എന്നും അറിയില്ല. കുമ്മനം രാജശേഖരനെയൊക്കെ വീടിന്റെ തൊട്ടപ്പുറത്ത് കണ്ടിട്ടുണ്ട്. എന്നെ നേരിട്ട് കണ്ടിട്ടില്ല ഏതായാലും.

പുറത്ത് ഹാദിയയുടെ പേരില്‍ നടക്കുന്ന സംഭവവികാസങ്ങൾ അറിയുന്നുണ്ടായിരുന്നോ?

പുറത്ത് എനിക്ക് വേണ്ടി നടക്കുന്നതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ വന്നപ്പോഴൊക്കെ ഞാന്‍ വിചാരിക്കുന്നത് ജനം ടിവി മാത്രമായിരിക്കും വന്നിട്ടുള്ളത് എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ഉറക്കെ വിളിച്ചു ചോദിച്ചത് ഇതേതു ചാനലാണ് എന്ന്. വേറെ ഏതെങ്കിലും ചാനല്‍ ഉണ്ടെങ്കിലല്ലേ ഞാന്‍ പറഞ്ഞിട്ട് കാര്യമുള്ളൂ. അല്ലാതെ ഞാന്‍ അവിടെ ഒച്ച വച്ചിട്ട് എന്ത് പ്രയോജനമാണുള്ളത്!

ഹാദിയയുടെ മതം മാറ്റം ഒരു ചരിത്ര സംഭവമായി. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇത് വലിയ വാര്‍ത്തയായി. ഈ വിഷയത്തില്‍ സംഘപരിവാരം എങ്ങനെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കിയത്. അവര്‍ ഹാദിയയെ ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.

അത് നൂറ് ശതമാനം ഉറപ്പല്ലേ? ഇവിടുത്തെ സംഘപരിവാര്‍ ശക്തികള്‍ എന്നെ മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷപ്രചാരണം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. അവരുടെ ഇരകളല്ലേ ഇവിടത്തെ മുഴുവന്‍ മുസ്ലിം സമൂഹവും. എന്നും അവരുടെ കാല്‍ചുവട്ടിലായിരിക്കണം മുസ്ലിങ്ങള്‍ എന്നല്ലേ അവര്‍ വിചാരിക്കുന്നത് പോലും. ഇന്ന് കുറച്ചെങ്കിലും ഉയര്‍ന്നു വരാന്‍ പറ്റിയിട്ടുണ്ട് മുസ്ലിങ്ങള്‍ക്ക്. അതെന്നും അങ്ങനെ വേണം എന്നാണ് എന്റെ ആഗ്രഹവും.

ഏതെങ്കിലും മുസ്ലിം സംഘടനാ നേതാക്കള്‍ വിളിച്ചിരുന്നോ? വീട്ടിലായിരുന്നപ്പോഴും ശേഷവും?

വീട്ടിലായിരുന്നപ്പോള്‍ ആര്‍ക്കും ബന്ധപ്പെടാന്‍ പറ്റിയില്ല. ഞാന്‍ പൊതുവെ നമ്പറൊന്നും ആര്‍ക്കും ഷെയര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് പലര്‍ക്കും വിളിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഷഫിനെതിരെ എന്‍ഐഎ അന്വേഷണം തുടരുകയാണ്. കേസ് ഇതുവരെ ഒഴിവാക്കിയിട്ടില്ല. ഭാവിയില്‍ ഈ കേസ് നിങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സമുണ്ടാക്കില്ലേ?

എനിക്ക് എന്‍ഐഎയുടെ ഒരു നടപടിയിലും ഭയമില്ല. നിയമപരമായി അവര്‍ എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഷഫിനോ ഞാനോ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അതുകൊണ്ട് അവര്‍ അന്വേഷിക്കട്ടെ. എന്തായാലും ഒരു കള്ളത്തരം ഉണ്ടാക്കാത്തിടത്തോളം കാലം അവര്‍ക്ക് ഒന്നും തെളിയിക്കാനാവില്ലെന്ന് ഉറപ്പാണ്. തെറ്റായ ഒരു രീതിയിലും ഒന്നും ചെയ്തിട്ടില്ലാന്ന് ഉറപ്പാണ്.

ഹാദിയ കേസില്‍ ഒരുപാട് ആരോപണം കേട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. അതുപോലെ സത്യസരണി എന്ന സ്ഥാപനവും. എന്താണ് ഇതിന്റെയൊക്കെ യാഥാര്‍ത്ഥ്യം?

എനിക്ക് സത്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചോ സത്യസരണിയെ കുറിച്ചോ പ്രത്യേക അറിവോ, ഇവയെക്കുറിച്ചു പണ്ടേ അറിയുന്ന ആളോ ഒന്നുമല്ല ഞാന്‍. ഞാന്‍ വളരെ സാധാരണക്കാരിയാണ്. പക്ഷെ ഇത്രയും നാളത്തെ അനുഭവങ്ങള്‍ എന്നെ പലതും പഠിപ്പിച്ചിട്ടുണ്ട്. അത്രേ ഉള്ളൂ. ഞാനാദ്യം പോയത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലാണ്. പിന്നീട് പോയത് തര്‍ബിയത്തിലാണ്. സത്യത്തില്‍ എല്ലാവര്‍ക്കും പേടിയാണ്. നൂറ് ശതമാനം ശരിയാണെന്ന് അറിഞ്ഞിട്ടും പേടിയായിരുന്നു എല്ലാവര്‍ക്കും. നടക്കുന്നതൊക്കെ നീതികേടാണ് എന്ന് മനസ്സിലായിട്ടും എല്ലാവര്‍ക്കും പ്രതികരിക്കാന്‍ ഭയമാണ്. നൂറു ശതമാനവും സത്യം നമ്മുടെ ഭാഗത്താണ് എന്ന ബോധ്യത്തോടെ ഒരു പേടിയുമില്ലാതെ പോപ്പുലര്‍ ഫ്രണ്ട് കൂടെ നിന്നു എന്ന് തന്നെയാണ് ഈ സമയത്ത് പറയാനുള്ളത്.

ഇതിലെനിക്ക് പറയാനുള്ളത്, ഈ പോയ വഴികളൊക്കെ പൂര്‍ണ്ണമായും ശരിയാണ്. എന്റെ ഫോണ്‍ ടവര്‍ വച്ചൊക്കെ ഇവര്‍ക്ക് ചെക്ക് ചെയ്യാവുന്നതാണ്. സരണിയിലാണെങ്കിലും വേറെ എവിടെയാണെങ്കിലും ഞാന്‍ നിക്കാന്‍ നോക്കിയിട്ടുണ്ട് പരമാവധി. പല കാരണങ്ങള്‍ കൊണ്ട് അവിടുന്നൊക്കെ പോരേണ്ടി വന്നതാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് വരാന്‍ പറഞ്ഞപ്പോള്‍ കോളേജില്‍ പോയിട്ട് തിരിച്ചു വരികയാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ നിന്നൊക്കെ വ്യക്തമാണ് പോപ്പുലര്‍ ഫ്രണ്ടിനോ സരണിക്കോ ഒന്നും ഇതുമായി ഒരു ബന്ധവുമില്ല എന്നുള്ളത്. പിന്നെയും എന്നെ സഹായിച്ചു എന്നതിന്റെ മാത്രം പേരില്‍ ഇവരെ പഴിചാരുന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസിലാവാത്തത്. എന്റെ കൂടെ നിന്നു എന്നതിന്റെ പേരില്‍ ഇവര്‍ക്കിത്രയും പ്രശ്‌നങ്ങളുണ്ടായതില്‍ എനിക്ക് നല്ല സങ്കടമുണ്ട്.

ഇസ്ലാം മതത്തെ പറ്റി മനസ്സിലാക്കാന്‍ ഹാദിയയെ സഹായിച്ച സുഹൃത്തുക്കളും ഹാദിയക്ക് അനുകൂല നിലപാട് സ്വീകരിച്ചവരുമൊക്കെ നിരന്തരം ഭീഷണി നേരിടുകയുണ്ടായി....

എന്റെ കൂടെ നിന്നതിനു സുഹൃത്തുക്കളൊക്കെ സംഘടിതമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ അവരുടെ വീട്ടുകാരൊക്കെ ഒരു പരിധി വരെ ഒപ്പം നിന്നു. സമൂഹം എന്ന് പറയുന്നത് മുസ്ലിം സമൂഹം മാത്രമല്ലല്ലോ. പുറത്ത് വേറൊരു വലിയ പൊതുസമൂഹം ഉണ്ടല്ലോ. സത്യാവസ്ഥ അറിയാത്ത കുറെ പേര് ഞങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു സാഹചര്യം എന്തായാലും ഉണ്ടാകുമല്ലോ. മുസ്ലിം സംഘടനകള്‍ പോലും ഒഴിവാക്കിവിട്ട വിഷയമായിരുന്നല്ലോ. മുസ്ലിം സുഹൃത്തുക്കള്‍ തന്നെയാണ് കൂടുതല്‍ ബുദ്ധമുട്ടിയിട്ടുണ്ടാവുക.

ഹാദിയ ഇസ്ലാമിലേക്ക് കടന്നത് എങ്ങനെയായിരുന്നു? മതം പഠിച്ചതും വിശ്വാസത്തിലേക്ക് എത്തിയതും?

എന്റെ സുഹൃത്തുക്കള്‍ വഴിയാണ് എനിക്കാദ്യം ഇസ്ലാം മതത്തോട് താത്പര്യം തോന്നിത്തുടങ്ങിയത്. എന്റെ വീട്ടില്‍ രണ്ട് അവസ്ഥകളുണ്ടായിരുന്നു. ഒന്ന് അമ്മയുടേത്, എക്‌സ്ട്രീം ആയിട്ടുള്ള ഹിന്ദു കണ്‍സപ്റ്റില്‍ വിശ്വസിക്കുക, അല്ലെങ്കില്‍ അച്ഛന്റെ ദൈവമില്ല എന്ന് വിശ്വസിക്കുക. അച്ഛനും അമ്മയും ആയിരിക്കുമല്ലോ എല്ലാ കുട്ടികളുടെയും ചെറുപ്പം മുതലുള്ള റോള്‍മോഡലുകള്‍? ചെറുപ്പം മുതല്‍ ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഏതാണ് ശരി എന്ന്. പിന്നീട് പ്ലസ്ടൂ കഴിഞ്ഞ് സേലത്തെത്തി. വൈക്കം ടിവിപുരത്താണ് ഞാന്‍ പഠിച്ചത്. അവിടെയൊന്നും മുസ്ലിംകളുണ്ടായിരുന്നില്ല. ഇസ്ലാം മതവിശ്വാസികളായ ആരോടും ഞാന്‍ അടുത്തിടപഴകിയിട്ടില്ല. സംസാരിച്ചിട്ടില്ല. ടിവിയിലും പത്രത്തിലും നിന്ന് കിട്ടുന്ന അറിവ് വച്ച് അവരൊക്കെ കടുത്ത വര്‍ഗ്ഗീയ വാദികളും തീവ്രവാദികളുമാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്. മറ്റുള്ളവര്‍ ചിന്തിക്കുന്നത് പോലെ തന്നെയാണ് ഞാനും ചിന്തിച്ചിരുന്നത്. പക്ഷേ സേലത്ത് വച്ച് പരിചയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നാണ് നല്ല രീതിയില്‍ ഇടപഴകാനും സത്യസന്ധമായി നിലനില്‍ക്കാനും സാധിക്കുന്നവരാണ് എന്നറിഞ്ഞത്. അവര്‍ പറയുന്ന പല കാര്യങ്ങളും അവരുടെ അച്ഛനും അമ്മയും പറഞ്ഞുകൊടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലല്ലായിരുന്നു. അവര്‍ സ്വന്തമായി എടുക്കുന്ന തീരുമാനത്തിലല്ല എന്ന് മനസ്സിലായത്. അവര്‍ക്ക് അടിസ്ഥാനമായി ഒരു ഗ്രന്ഥമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എല്ലാക്കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നത്. എന്താണ് അവരുടെ മതഗ്രന്ഥത്തിലുള്ളത് എന്നറിയാന്‍ വേണ്ടിയായിരുന്നു ആദ്യം ഖുര്‍ആന്‍ വായിച്ചത്. അതെടുത്തു നോക്കി, ഖുര്‍ആന്റെ മലയാളം പരിഭാഷ എടുത്തു വായിച്ചു. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. സിബിഎസ്ഇ ടെക്സ്റ്റ് വായിക്കുന്നത് പോലെ തോന്നി. അതുകൊണ്ട് ചരിത്രങ്ങള്‍ കണ്ടുപിടിച്ച് പോയി പഠിച്ചു. അങ്ങനെ ഒന്നുരണ്ട് വര്‍ഷം എടുത്തു അത് മനസ്സിലാക്കാന്‍.

സംശയങ്ങളൊക്കെ സുഹൃത്തുക്കളോട് തന്നെയാണ് ചോദിച്ചു മനസ്സിലാക്കിയത്. ഞങ്ങള്‍ മൊത്തം ആറുപേരുണ്ടായിരുന്നു. അതില്‍ എന്നെക്കൂടാതെ മൂന്ന് ഹിന്ദുക്കുട്ടികളുമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഓപ്പണ്‍ ആയിട്ട് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ആരുമില്ലാത്ത സമയത്താണ് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എനിക്കുണ്ടായിരുന്ന പല സംശയങ്ങള്‍ക്കും ശരിയായ ഉത്തരം ഇസ്ലാമിന് തരാനുണ്ട്, ഒന്നിലും ഡൗട്ടില്ല. എല്ലാം പെര്‍ഫക്റ്റ് ആയിട്ടുള്ള ഉത്തരങ്ങളാണ്. എന്താണിങ്ങനെ എന്ന് ചോദിക്കേണ്ട ഒരാവശ്യം ഇല്ല എന്നെനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ മുന്നോട്ടു പോയപ്പോള്‍ ഖുര്‍ആന്‍ സത്യമാണെന്ന് നൂറു ശതമാനം ഉറപ്പായ ഒരു അവസ്ഥയിലെത്തി. ആ ഒരു അവസ്ഥ വന്നപ്പോള്‍ പിന്നെ ചോദ്യം ചോദിക്കേണ്ടതായി വന്നില്ല. പിന്നെ അത് അംഗീകരിക്കുക എന്നതാണല്ലോ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണ് ഞാന്‍ വിശ്വാസത്തിലേക്ക് എത്തിയത്. മാറണം എന്ന് കരുതിയിരുന്നില്ല. എന്നാല്‍ പിന്നീട് അറിഞ്ഞിട്ട് മാറാതിരിക്കുന്നത് തെറ്റാണെന്ന് മനസ്സിലായി. എന്നാല്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ക്കും പരിധിയുണ്ടല്ലോ.

എപ്പോഴാണ് ഹാദിയ ഇത് വീട്ടില്‍ പറഞ്ഞത്?

എന്റെ വസ്ത്രധാരണത്തില്‍ വന്ന മാറ്റം അച്ഛനുമമ്മയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാം ഫുള്‍സ്ലീവായിട്ടുള്ളതാക്കി ഞാന്‍ മാറ്റിയിരുന്നു. ഷോര്‍ട്ട് സ്ലീവ് വസ്ത്രങ്ങള്‍ മുഴുവനായും ഒഴിവാക്കിയിരുന്നു. ഇസ്ലാം സ്വീകരിച്ച 2013 മുതല്‍ തന്നെ ഞാന്‍ നോമ്പെടുക്കാന്‍ തുടങ്ങി. സാധിക്കുന്ന എല്ലാ നോമ്പുകളും എടുത്തിട്ടുണ്ട്. വളരെ കൃത്യമായി ഞാനത് എടുത്തിരുന്നു. എന്റെ അമ്മ അതെല്ലാം കണ്ടിട്ടുണ്ട്. അതുപോലെ ഞാന്‍ നമസ്‌കരിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഞാന്‍ നമസ്‌കരിക്കുന്നത് അച്ഛന്‍ കണ്ടിരുന്നു.

അച്ഛന്‍ മര്‍ദ്ദിച്ചിട്ടുണ്ടോ?

അത് വെളിപ്പെടുത്താന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം എന്തൊക്കെയായാലും അവര്‍ എന്റെ അച്ഛനുമമ്മയുമാണ്. എന്റെ അച്ഛനോട് ചോദിച്ചു നോക്കൂ... ഞാനെന്തെങ്കിലും എതിര്‍ത്ത് പറഞ്ഞിട്ടുണ്ടോ എന്ന്? ഞാനിപ്പോഴും എന്റെ അച്ഛനെ സ്‌നേഹിക്കുന്നുണ്ട്. അവരെനിക്കെപ്പോഴും പ്രിയപ്പെട്ടതാണ്. അതില്‍ യാതൊരു സംശയവുമില്ല.

നിങ്ങളുടേത് മാത്രമായിരുന്ന ഒരു സ്വകാര്യപ്രശ്‌നത്തില്‍ എപ്പോഴാണ് പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിത്തുടങ്ങിയത്?

ഞാന്‍ കോളേജില്‍ നിന്ന് പഠനം നിര്‍ത്തി പോയ വിവരം ചില സുഹൃത്തുക്കള്‍ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. അപ്പോള്‍ അമ്മ വീട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു അച്ഛന് ആക്‌സിഡന്റായി എന്ന്. അത് കള്ളമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ മാറി നിന്നു. ആ സാഹചര്യത്തിലാണ് അച്ഛന്‍ ഹേബിയസ് കൊടുക്കുന്നത്. ഇത് കൊടുക്കുന്ന സമയത്ത് ആര്‍എസ്എസിന്റെ അഡ്വക്കേറ്റാണ് അച്ഛനൊപ്പം ഉണ്ടായിരുന്നത്. അഡ്വ. കെ പി മോഹനന്‍ ആര്‍എസ്എസ് അഭിഭാഷകനാണ്. അപ്പോള്‍പ്പിന്നെ മനസ്സിലായി പുറത്തു നിന്ന് ആരൊക്കെയോ ഇടപെടുന്നുണ്ട് എന്ന്. ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ അച്ഛനൊപ്പം ആര്‍എസ്എസുകാരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

എങ്ങനെയാണ് ഷഫിന്‍ ജഹാനെ വിവാഹം ചെയ്തത്?

അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലൗജിഹാദാണോ അല്ലയോ എന്ന്. എന്റെ ഫോണ്‍കോള്‍ ഡീറ്റെയില്‍സ് എടുത്തിട്ടുണ്ട്. ലൗ ജിഹാദാണെങ്കില്‍ അതില്‍ നിന്ന് എല്ലാം വ്യക്തമാകും. അതില്ല. ഷഫീന്‍ കൊല്ലത്താണ്. ഞാന്‍ കോട്ടയവും. എനിക്കാ സ്ഥലം പോലും കൃത്യമായി അറിയില്ല. അതുകൊണ്ട് അങ്ങനെയൊരു കോണ്ടാക്റ്റ് വരാന്‍ ഒട്ടും സാധ്യതയില്ല. അതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമല്ലേ? എന്നെക്കുറിച്ച് സംസാരിക്കുന്നതെല്ലാം ഞാന്‍ അറിയുന്നുണ്ട്.

ഇഷ്ടമുള്ള മതം സ്വീകരിച്ച യുവതി നീതിന്യായ വ്യവസ്ഥയിലൂടെ നേടിയ വിജയമായാണ് ഇപ്പോള്‍ ഈ കേസ് നോക്കിക്കാണുന്നത്. ഇത് ഫാഷിസ്റ്റുകള്‍ ഭരിക്കുന്ന ഇന്ത്യയിലെ നീതിപീഠത്തിന്റെ വിജയമാണോ?

ഒരു സാധാരണക്കാരിയായ ഞാന്‍ ഹൈക്കോടതിയില്‍ പോയി സുപ്രീംകോടതി വരെയെത്തി. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന ചെലവാണോ ഇത്. ഒരിക്കലും പറ്റുന്നതല്ല. ശരിക്കും എന്നെ പറ്റിച്ചു ഹൈക്കോടതി... നീതിതേടി വന്ന ഒരു സാധാരണക്കാരിയെ ശരിക്കും ചീറ്റ് ചെയ്യുകയാണ് ചെയ്തത്. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ എന്താണ് അന്ന് ചെയ്തത്? അദ്ദേഹത്തിന് അന്വേഷിക്കാമായിരുന്നു. ഒരു കോടതിയിലെ ജഡ്ജിക്ക് എത്ര വേണമെങ്കിലും അന്വേഷിക്കാമല്ലോ. അദ്ദേഹത്തിന്റെ ചില ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇങ്ങനെയൊക്കെ ചെയ്തത്. അദ്ദേഹത്തിന് എന്നെ ജയിലിലടക്കാമായിരുന്നു. ഹൈക്കോടതിയുടെ തടവില്‍ ഹോസ്റ്റലില്‍ ഇടാമായിരുന്നു. വേറെ ആര്‍ക്കൊക്കെയോ വേണ്ടി വിട്ടുകൊടുക്കുകയാണ് ചെയ്തത്. എന്തു സംരക്ഷണമാണ് എനിക്ക് വേണ്ടി അവിടെ നല്‍കാന്‍ പറ്റിയത്. ഒന്നും രണ്ടും ദിവസമല്ല ആറു മാസം. അതും കൊച്ചു കുട്ടിയല്ലല്ലോ. ഇത്രയും പ്രായമില്ലേ. അതെങ്കിലും പരിഗണിക്കാമായിരുന്നല്ലോ. ഒരിക്കലെങ്കിലും ചോദിക്കാമായിരുന്നല്ലോ. മാനസികമായോ മറ്റോ ഫിറ്റ് അല്ലെന്ന് തോന്നുന്നെങ്കില്‍ ഡോക്ടര്‍മാരുണ്ടല്ലോ. അവരെ വച്ച് തീരുമാനിക്കാമായിരുന്നല്ലോ. എന്നിട്ടല്ലേ നടപടി സ്വീകരിക്കേണ്ടത്.

ഹാദിയക്ക് മനോരോഗമാണെന്നും ഹാദിയയെ ബ്രെയ്ന്‍ വാഷ് ചെയ്തതാണെന്നുമൊക്കെ പറഞ്ഞത് കേട്ടിരുന്നോ?

ബ്രേയിന്‍ വാഷ് എന്നത് എന്താണെന്നത് എനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ എന്നെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് ഞാന്‍ വീട്ടിലിരുന്ന സമയങ്ങളിലാണ്. ഒരു കൂട്ടം ആള്‍ക്കാര്‍. എനിക്ക് പേര് പോലും അറിയാത്ത, പറയാനാഗ്രഹിക്കാത്ത സൈക്യാട്രി ഡോക്ടര്‍ വന്ന് സനാതന ധര്‍മ്മത്തെക്കുറിച്ച് എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്.

ആരാണ് വന്നത്? എന്താണ് പറഞ്ഞത്?

ആരാണ് എന്ന് എനിക്ക് അറിയില്ല. എന്നും വരുമായിരുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച്, ആറു മണി വരെ നില്‍ക്കലുണ്ട്. ശിവശക്തി യോഗാ സെന്ററില്‍ നിന്നുള്ള ആള്‍ക്കാര്. നമുക്ക് താല്‍പ്പര്യമില്ലാത്ത വിഷയത്തക്കുറിച്ച് തന്നെ കേള്‍ക്കേണ്ടി വരുന്ന, അല്ലെങ്കില്‍ നമ്മള്‍ ശരിയെന്ന് പൂര്‍ണമായി വിശ്വസിക്കുന്നതിനെക്കുറിച്ച് ഏറ്റവും മോശമായി സ്ഥിരമായി ദിവസവും രാവിലെ മുതല്‍ കേള്‍ക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എനിക്ക് പറഞ്ഞറിയിക്കാനാവില്ല. അപ്പോഴും ഞാന്‍ ഫ്രീ ആയിരുന്നുവെന്നും എനിക്കൊരു കുഴപ്പവുമില്ലെന്നും പൊലീസ് റിപോര്‍ട്ട് കൊടുത്തിട്ടുണ്ട്. അപ്പോള്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമൊക്കെ എവിടെയായിരുന്നു. ഇതിനൊന്നും ഒരു മുന്‍ഗണനയുമില്ലെന്ന് മനസ്സിലായത് വീട്ടില്‍ പുറംലോകം കാണാതെ കിടന്നപ്പോഴാണ്.

അമ്മയോട് പിന്നീട് സംസാരിച്ചിരുന്നോ?

ഇവിടെ വന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയോട് സംസാരിച്ചിരുന്നു. ദിവസം കൃത്യമായിട്ട് ഓര്‍ക്കുന്നില്ല. അമ്മയുമായി 'ഭക്ഷണം കഴിച്ചോ' അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളാണ് സംസാരിച്ചത്.

സുപ്രീംകോടതിയില്‍ ഹാദിയയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കി. എന്തായിരുന്നു ആ പരാമര്‍ശം?

അദ്ദേഹം എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട് എന്നതാണല്ലോ. അതല്ലേ വേണ്ടാന്ന് വച്ച് കോടതിയില്‍ തന്നെ നിര്‍ത്തിയത്.

ഹാദിയ സിറിയയിലേക്ക് പോവും എന്ന തരത്തില്‍ ഒരു വോയസ് ക്ലിപ്പ് വെച്ച് പ്രചാരണം ഉണ്ടായിരുന്നു. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

ഞാന്‍ പറയുന്ന ആ വോയ്‌സ് ക്ലിപ് പൂര്‍ണമായും കേള്‍ക്കുക. അതിന്റെ കുറച്ച് കട്ട് ചെയ്ത ഭാഗം മാത്രം കേള്‍ക്കാതിരിക്കുക. ഞാന്‍ സിറിയയെക്കുറിച്ച് കേള്‍ക്കുന്നത് ഈ കേസ് തുടങ്ങിയതിന് ശേഷമാണ്. അല്ലാതെ സിറിയയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല. പിന്നെ അച്ഛന്‍ ഫോണ്‍ വിളിക്കുമ്പോള്‍ എപ്പോഴും പറയും സിറിയയില്‍ പോവുകയല്ലേ എന്ന്. ലാസ്റ്റ് എന്താണ് എവിടെയാണ് ഈ സിറിയ എന്ന് ചോദിച്ചതിന്റെ ഇടയിലാണ്, സമാധാനിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. അതാണ് ഞാന്‍ പറയുന്നത് ആ വോയ്‌സ് ക്ലിപ് കേള്‍ക്കുക. ഹൈക്കോടതി അതുകൊണ്ടാണ് അത് തള്ളക്കളഞ്ഞത്.

വീട്ടിലായിരുന്നപ്പോള്‍ പൊലീസ് ഏജന്‍സിയുടെ ഭാഗത്തു നിന്ന് അനുകൂല സമീപനങ്ങള്‍ ഉണ്ടായിരുന്നോ?

കേരള പൊലീസ് അനുകൂലമാണെന്ന് എനിക്ക് എന്തായാലും തോന്നിയിട്ടില്ല. ക്രൈംബ്രാഞ്ച് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് ഇറിറ്റേറ്റ് ചെയ്തിട്ടുണ്ട്. കുറേ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങള്‍. പക്ഷേ അവര്‍ സത്യത്തിന്റെ ഭാഗത്താണ് നിന്നതെന്ന് ഫീല്‍ ചെയ്തു. പക്ഷേ ഒരംശം പോലും സത്യമില്ലാത്ത നുണയുടെ പുതിയൊരു ലോകം നിര്‍മിച്ചെടുത്തത് എന്‍ഐഎ ആയിരുന്നു. ഒരു കാര്യവുമാല്ലാത്ത കാര്യങ്ങളായിരുന്നു അവര്‍ ചോദിച്ചത്. കോളേജില്‍ പോയപ്പോള്‍ ഫ്രണ്ട്‌സിന് ചോക്ലേറ്റ് കൊടുത്തോ. അന്ന് എക്‌സ്ട്രീം ഹാപ്പി ആയിരുന്നോ.. ഇതിനൊക്കെ എന്താ റിപ്ലേ കൊടുക്കേണ്ടതെന്ന് എനിക്ക് അറിയില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രേഖാ ശര്‍മ വന്ന് കണ്ടിരുന്നുവല്ലോ? എന്താണ് സംസാരിച്ചത്?

അച്ഛനെയും അമ്മയെയും പുറത്തിറക്കി നിര്‍ത്തിയിട്ടാണ് എന്നെ കാണാന്‍ വന്നതാണ്. കുഴപ്പമൊന്നുമില്ല പേടിക്കണ്ട എന്ന രീതിയിലാണ് അവരൊക്കെ സംസാരിച്ചത്. വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ പറഞ്ഞു, അച്ഛനവിടെയുണ്ടായിരുന്നു, ഞാന്‍ പറഞ്ഞു ഷഫിന്‍ ജഹാന്‍ എന്റെ ഹസ്ബന്‍ഡാണ് ഞാന്‍ അതില്‍ നിന്ന് മാറില്ല എന്ന്. ആ ഒരു രീതിയിലാണ് പറഞ്ഞത്.

ഹാദിയ വിഷയത്തോട് ചേര്‍ത്ത് വച്ച ഒന്നായിരുന്നു ലൗ ജിഹാദ് ആരോപണം. അല്ലെങ്കില്‍ ലൗ ജിഹാദിന്റെ ഉദാഹരണമാണ് ഹാദിയ എന്നായിരുന്നു പ്രചാരണം. ഇപ്പോഴും ദേശീയതലത്തില്‍ വാര്‍ത്ത വരുന്നത് കേരള ലൗജിഹാദ് എന്ന പേരിലാണ്. ഇത് എത്രത്തോളം ശരിയാണ്?

ഇതില്‍ ഒരംശമെങ്കിലും ശരിയാണോ? പണ്ടും ഞാനാലോചിക്കാറുണ്ട് ഇങ്ങനെ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എനിക്കങ്ങനെ തോന്നുന്നില്ല. ഇസ്ലാമില്‍ വിശ്വസിച്ച് നേരായ രീതിയില്‍ കല്യാണം കഴിച്ച എന്നെ എന്തിനാണ് ലൗജിഹാദ് എന്ന് വിളിക്കുന്നത്? അങ്ങനെയെങ്കില്‍ അവര്‍ എല്ലാവരെയും അങ്ങനെയായിരിക്കുമോ വിളിക്കുന്നത്? അതില്‍ ഒരു കഴമ്പുമില്ല എന്ന കാര്യം ഉറപ്പാണ്. എന്റെ അനുഭവം കൊണ്ട് എനിക്കത് പറയാന്‍ സാധിക്കും.

എന്താണ് ഇപ്പോഴത്തെ അവസ്ഥ? പഠനം പൂര്‍ത്തിയാവാറായോ?

ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്. ജോയിന്‍ ചെയ്തിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ. ജനുവരി 29നാണ് ജോയിന്‍ ചെയ്യുന്നത്.

അടുത്ത പേജില്‍ തുടരുന്നു....

Read More >>