ഞാന്‍ ആദ്യം പോയത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലാണ്- ഹാദിയയുടെ അഭിമുഖം മൂന്നാം ഭാ​ഗം

ഹാദിയ- ഷഫിൻ ജഹാൻ വിവാഹം അം​ഗീകരിച്ച് സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ ഡോ. ഹാദിയ നാരദ ന്യൂസിന് അനുവദിച്ച അഭിമുഖം- ഭാ​ഗം മൂന്ന്

ഞാന്‍ ആദ്യം പോയത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലാണ്- ഹാദിയയുടെ അഭിമുഖം മൂന്നാം ഭാ​ഗം

ഹാദിയ കേസില്‍ ഒരുപാട് ആരോപണം കേട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. അതുപോലെ സത്യസരണി എന്ന സ്ഥാപനവും. എന്താണ് ഇതിന്റെയൊക്കെ യാഥാര്‍ത്ഥ്യം?

എനിക്ക് സത്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചോ സത്യസരണിയെ കുറിച്ചോ പ്രത്യേക അറിവോ, ഇവയെക്കുറിച്ചു പണ്ടേ അറിയുന്ന ആളോ ഒന്നുമല്ല ഞാന്‍. ഞാന്‍ വളരെ സാധാരണക്കാരിയാണ്. പക്ഷെ ഇത്രയും നാളത്തെ അനുഭവങ്ങള്‍ എന്നെ പലതും പഠിപ്പിച്ചിട്ടുണ്ട്. അത്രേ ഉള്ളൂ. ഞാനാദ്യം പോയത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലാണ്. പിന്നീട് പോയത് തര്‍ബിയത്തിലാണ്. സത്യത്തില്‍ എല്ലാവര്‍ക്കും പേടിയാണ്. നൂറ് ശതമാനം ശരിയാണെന്ന് അറിഞ്ഞിട്ടും പേടിയായിരുന്നു എല്ലാവര്‍ക്കും. നടക്കുന്നതൊക്കെ നീതികേടാണ് എന്ന് മനസ്സിലായിട്ടും എല്ലാവര്‍ക്കും പ്രതികരിക്കാന്‍ ഭയമാണ്. നൂറു ശതമാനവും സത്യം നമ്മുടെ ഭാഗത്താണ് എന്ന ബോധ്യത്തോടെ ഒരു പേടിയുമില്ലാതെ പോപ്പുലര്‍ ഫ്രണ്ട് കൂടെ നിന്നു എന്ന് തന്നെയാണ് ഈ സമയത്ത് പറയാനുള്ളത്.

ഇതിലെനിക്ക് പറയാനുള്ളത്, ഈ പോയ വഴികളൊക്കെ പൂര്‍ണ്ണമായും ശരിയാണ്. എന്റെ ഫോണ്‍ ടവര്‍ വച്ചൊക്കെ ഇവര്‍ക്ക് ചെക്ക് ചെയ്യാവുന്നതാണ്. സരണിയിലാണെങ്കിലും വേറെ എവിടെയാണെങ്കിലും ഞാന്‍ നിക്കാന്‍ നോക്കിയിട്ടുണ്ട് പരമാവധി. പല കാരണങ്ങള്‍ കൊണ്ട് അവിടുന്നൊക്കെ പോരേണ്ടി വന്നതാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് വരാന്‍ പറഞ്ഞപ്പോള്‍ കോളേജില്‍ പോയിട്ട് തിരിച്ചു വരികയാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ നിന്നൊക്കെ വ്യക്തമാണ് പോപ്പുലര്‍ ഫ്രണ്ടിനോ സരണിക്കോ ഒന്നും ഇതുമായി ഒരു ബന്ധവുമില്ല എന്നുള്ളത്. പിന്നെയും എന്നെ സഹായിച്ചു എന്നതിന്റെ മാത്രം പേരില്‍ ഇവരെ പഴിചാരുന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസിലാവാത്തത്. എന്റെ കൂടെ നിന്നു എന്നതിന്റെ പേരില്‍ ഇവര്‍ക്കിത്രയും പ്രശ്‌നങ്ങളുണ്ടായതില്‍ എനിക്ക് നല്ല സങ്കടമുണ്ട്.

ഇസ്ലാം മതത്തെ പറ്റി മനസ്സിലാക്കാന്‍ ഹാദിയയെ സഹായിച്ച സുഹൃത്തുക്കളും ഹാദിയക്ക് അനുകൂല നിലപാട് സ്വീകരിച്ചവരുമൊക്കെ നിരന്തരം ഭീഷണി നേരിടുകയുണ്ടായി....

എന്റെ കൂടെ നിന്നതിനു സുഹൃത്തുക്കളൊക്കെ സംഘടിതമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ അവരുടെ വീട്ടുകാരൊക്കെ ഒരു പരിധി വരെ ഒപ്പം നിന്നു. സമൂഹം എന്ന് പറയുന്നത് മുസ്ലിം സമൂഹം മാത്രമല്ലല്ലോ. പുറത്ത് വേറൊരു വലിയ പൊതുസമൂഹം ഉണ്ടല്ലോ. സത്യാവസ്ഥ അറിയാത്ത കുറെ പേര് ഞങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു സാഹചര്യം എന്തായാലും ഉണ്ടാകുമല്ലോ. മുസ്ലിം സംഘടനകള്‍ പോലും ഒഴിവാക്കിവിട്ട വിഷയമായിരുന്നല്ലോ. മുസ്ലിം സുഹൃത്തുക്കള്‍ തന്നെയാണ് കൂടുതല്‍ ബുദ്ധമുട്ടിയിട്ടുണ്ടാവുക.

ഹാദിയ ഇസ്ലാമിലേക്ക് കടന്നത് എങ്ങനെയായിരുന്നു? മതം പഠിച്ചതും വിശ്വാസത്തിലേക്ക് എത്തിയതും?

എന്റെ സുഹൃത്തുക്കള്‍ വഴിയാണ് എനിക്കാദ്യം ഇസ്ലാം മതത്തോട് താത്പര്യം തോന്നിത്തുടങ്ങിയത്. എന്റെ വീട്ടില്‍ രണ്ട് അവസ്ഥകളുണ്ടായിരുന്നു. ഒന്ന് അമ്മയുടേത്, എക്‌സ്ട്രീം ആയിട്ടുള്ള ഹിന്ദു കണ്‍സപ്റ്റില്‍ വിശ്വസിക്കുക, അല്ലെങ്കില്‍ അച്ഛന്റെ ദൈവമില്ല എന്ന് വിശ്വസിക്കുക. അച്ഛനും അമ്മയും ആയിരിക്കുമല്ലോ എല്ലാ കുട്ടികളുടെയും ചെറുപ്പം മുതലുള്ള റോള്‍മോഡലുകള്‍? ചെറുപ്പം മുതല്‍ ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഏതാണ് ശരി എന്ന്. പിന്നീട് പ്ലസ്ടൂ കഴിഞ്ഞ് സേലത്തെത്തി. വൈക്കം ടിവിപുരത്താണ് ഞാന്‍ പഠിച്ചത്. അവിടെയൊന്നും മുസ്ലിംകളുണ്ടായിരുന്നില്ല. ഇസ്ലാം മതവിശ്വാസികളായ ആരോടും ഞാന്‍ അടുത്തിടപഴകിയിട്ടില്ല. സംസാരിച്ചിട്ടില്ല. ടിവിയിലും പത്രത്തിലും നിന്ന് കിട്ടുന്ന അറിവ് വച്ച് അവരൊക്കെ കടുത്ത വര്‍ഗ്ഗീയ വാദികളും തീവ്രവാദികളുമാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്. മറ്റുള്ളവര്‍ ചിന്തിക്കുന്നത് പോലെ തന്നെയാണ് ഞാനും ചിന്തിച്ചിരുന്നത്. പക്ഷേ സേലത്ത് വച്ച് പരിചയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നാണ് നല്ല രീതിയില്‍ ഇടപഴകാനും സത്യസന്ധമായി നിലനില്‍ക്കാനും സാധിക്കുന്നവരാണ് എന്നറിഞ്ഞത്. അവര്‍ പറയുന്ന പല കാര്യങ്ങളും അവരുടെ അച്ഛനും അമ്മയും പറഞ്ഞുകൊടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലല്ലായിരുന്നു. അവര്‍ സ്വന്തമായി എടുക്കുന്ന തീരുമാനത്തിലല്ല എന്ന് മനസ്സിലായത്. അവര്‍ക്ക് അടിസ്ഥാനമായി ഒരു ഗ്രന്ഥമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എല്ലാക്കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നത്. എന്താണ് അവരുടെ മതഗ്രന്ഥത്തിലുള്ളത് എന്നറിയാന്‍ വേണ്ടിയായിരുന്നു ആദ്യം ഖുര്‍ആന്‍ വായിച്ചത്. അതെടുത്തു നോക്കി, ഖുര്‍ആന്റെ മലയാളം പരിഭാഷ എടുത്തു വായിച്ചു. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. സിബിഎസ്ഇ ടെക്സ്റ്റ് വായിക്കുന്നത് പോലെ തോന്നി. അതുകൊണ്ട് ചരിത്രങ്ങള്‍ കണ്ടുപിടിച്ച് പോയി പഠിച്ചു. അങ്ങനെ ഒന്നുരണ്ട് വര്‍ഷം എടുത്തു അത് മനസ്സിലാക്കാന്‍.

സംശയങ്ങളൊക്കെ സുഹൃത്തുക്കളോട് തന്നെയാണ് ചോദിച്ചു മനസ്സിലാക്കിയത്. ഞങ്ങള്‍ മൊത്തം ആറുപേരുണ്ടായിരുന്നു. അതില്‍ എന്നെക്കൂടാതെ മൂന്ന് ഹിന്ദുക്കുട്ടികളുമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഓപ്പണ്‍ ആയിട്ട് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ആരുമില്ലാത്ത സമയത്താണ് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എനിക്കുണ്ടായിരുന്ന പല സംശയങ്ങള്‍ക്കും ശരിയായ ഉത്തരം ഇസ്ലാമിന് തരാനുണ്ട്, ഒന്നിലും ഡൗട്ടില്ല. എല്ലാം പെര്‍ഫക്റ്റ് ആയിട്ടുള്ള ഉത്തരങ്ങളാണ്. എന്താണിങ്ങനെ എന്ന് ചോദിക്കേണ്ട ഒരാവശ്യം ഇല്ല എന്നെനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ മുന്നോട്ടു പോയപ്പോള്‍ ഖുര്‍ആന്‍ സത്യമാണെന്ന് നൂറു ശതമാനം ഉറപ്പായ ഒരു അവസ്ഥയിലെത്തി. ആ ഒരു അവസ്ഥ വന്നപ്പോള്‍ പിന്നെ ചോദ്യം ചോദിക്കേണ്ടതായി വന്നില്ല. പിന്നെ അത് അംഗീകരിക്കുക എന്നതാണല്ലോ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണ് ഞാന്‍ വിശ്വാസത്തിലേക്ക് എത്തിയത്. മാറണം എന്ന് കരുതിയിരുന്നില്ല. എന്നാല്‍ പിന്നീട് അറിഞ്ഞിട്ട് മാറാതിരിക്കുന്നത് തെറ്റാണെന്ന് മനസ്സിലായി. എന്നാല്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ക്കും പരിധിയുണ്ടല്ലോ.

എപ്പോഴാണ് ഹാദിയ ഇത് വീട്ടില്‍ പറഞ്ഞത്?

എന്റെ വസ്ത്രധാരണത്തില്‍ വന്ന മാറ്റം അച്ഛനുമമ്മയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാം ഫുള്‍സ്ലീവായിട്ടുള്ളതാക്കി ഞാന്‍ മാറ്റിയിരുന്നു. ഷോര്‍ട്ട് സ്ലീവ് വസ്ത്രങ്ങള്‍ മുഴുവനായും ഒഴിവാക്കിയിരുന്നു. ഇസ്ലാം സ്വീകരിച്ച 2013 മുതല്‍ തന്നെ ഞാന്‍ നോമ്പെടുക്കാന്‍ തുടങ്ങി. സാധിക്കുന്ന എല്ലാ നോമ്പുകളും എടുത്തിട്ടുണ്ട്. വളരെ കൃത്യമായി ഞാനത് എടുത്തിരുന്നു. എന്റെ അമ്മ അതെല്ലാം കണ്ടിട്ടുണ്ട്. അതുപോലെ ഞാന്‍ നമസ്‌കരിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഞാന്‍ നമസ്‌കരിക്കുന്നത് അച്ഛന്‍ കണ്ടിരുന്നു.

അച്ഛന്‍ മര്‍ദ്ദിച്ചിട്ടുണ്ടോ?

അത് വെളിപ്പെടുത്താന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം എന്തൊക്കെയായാലും അവര്‍ എന്റെ അച്ഛനുമമ്മയുമാണ്. എന്റെ അച്ഛനോട് ചോദിച്ചു നോക്കൂ... ഞാനെന്തെങ്കിലും എതിര്‍ത്ത് പറഞ്ഞിട്ടുണ്ടോ എന്ന്? ഞാനിപ്പോഴും എന്റെ അച്ഛനെ സ്‌നേഹിക്കുന്നുണ്ട്. അവരെനിക്കെപ്പോഴും പ്രിയപ്പെ്ട്ടതാണ്. അതില്‍ യാതൊരു സംശയവുമില്ല.

നിങ്ങളുടേത് മാത്രമായിരുന്ന ഒരു സ്വകാര്യപ്രശ്‌നത്തില്‍ എപ്പോഴാണ് പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിത്തുടങ്ങിയത്?

ഞാന്‍ കോളേജില്‍ നിന്ന് പഠനം നിര്‍ത്തി പോയ വിവരം ചില സുഹൃത്തുക്കള്‍ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. അപ്പോള്‍ അമ്മ വീട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു അച്ഛന് ആക്‌സിഡന്റായി എന്ന്്. അത് കള്ളമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ മാറി നിന്നു. ആ സാഹചര്യത്തിലാണ് അച്ഛന്‍ ഹേബിയസ് കൊടുക്കുന്നത്. ഇത് കൊടുക്കുന്ന സമയത്ത് ആര്‍എസ്എസിന്റെ അഡ്വക്കേറ്റാണ് അച്ഛനൊപ്പം ഉണ്ടായിരുന്നത്. അഡ്വ. കെ പി മോഹനന്‍ ആര്‍എസ്എസ് അഭിഭാഷകനാണ്. അപ്പോള്‍പ്പിന്നെ മനസ്സിലായി പുറത്തു നിന്ന് ആരൊക്കെയോ ഇടപെടുന്നുണ്ട് എന്ന്. ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ അച്ഛനൊപ്പം ആര്‍എസ്എസുകാരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

എങ്ങനെയാണ് ഷഫിന്‍ ജഹാനെ വിവാഹം ചെയ്തത്?

അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലൗജിഹാദാണോ അല്ലയോ എന്ന്. എന്റെ ഫോണ്‍കോള്‍ ഡീറ്റെയില്‍സ് എടുത്തിട്ടുണ്ട്. ലൗ ജിഹാദാണെങ്കില്‍ അതില്‍ നിന്ന് എല്ലാം വ്യക്തമാകും. അതില്ല. ഷഫീന്‍ കൊല്ലത്താണ്. ഞാന്‍ കോട്ടയവും. എനിക്കാ സ്ഥലം പോലും കൃത്യമായി അറിയില്ല. അതുകൊണ്ട് അങ്ങനെയൊരു കോണ്ടാക്റ്റ് വരാന്‍ ഒട്ടും സാധ്യതയില്ല. അതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമല്ലേ? എന്നെക്കുറിച്ച് സംസാരിക്കുന്നതെല്ലാം ഞാന്‍ അറിയുന്നുണ്ട്.

തുടരും...

ഹാദിയയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം: മൂന്നാമത്തെ തവണ കാണാന്‍ വന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഫോട്ടോയെടുത്തത്- ഹാദിയയുടെ അഭിമുഖം രണ്ടാം ഭാ​ഗം

അഭിമുഖത്തിന്റെ ആദ്യ ഭാ​ഗം: ഹാദിയയുടെ ആദ്യ അഭിമുഖം നാരദയ്ക്ക്; പടച്ചവന് നന്ദി- ഭാ​ഗം ഒന്ന്


Read More >>