മൂന്നാമത്തെ തവണ കാണാന്‍ വന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഫോട്ടോയെടുത്തത്- ഹാദിയയുടെ അഭിമുഖം രണ്ടാം ഭാ​ഗം

ഹാദിയ- ഷഫിൻ ജഹാൻ വിവാഹം അം​ഗീകരിച്ച് സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ ഡോ. ഹാദിയ നാരദ ന്യൂസിന് അനുവദിച്ച അഭിമുഖം. ഭാ​ഗം രണ്ട്

മൂന്നാമത്തെ തവണ കാണാന്‍ വന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഫോട്ടോയെടുത്തത്- ഹാദിയയുടെ അഭിമുഖം രണ്ടാം ഭാ​ഗം

രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശന ഉദ്ദേശ്യം വാസ്തവത്തില്‍ എന്തായിരുന്നു?

മൂന്നാമത്തെ തവണ കാണാന്‍ വന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ എന്റെ ഫോട്ടോ എടുത്തത്. ഒരു പ്രാവശ്യമെങ്കിലും അകത്തു കയറണമെന്നുണ്ടെങ്കില്‍ തന്നെ മാതാപിതാക്കളുടെ സൈഡില്‍ നിന്നുള്ള ആരുടെയെങ്കിലും പോസിറ്റീവ് ആയ ഒരു വക്കാലത്ത് ഇല്ലാതെ സാധിക്കില്ലായിരുന്നു എന്നുള്ളത് ഒന്നാമത്തെ കാര്യം. ആരുടെയെങ്കിലും അനുമതിയോടെ തന്നെയാണ് അദ്ദേഹം ഉള്ളില്‍ വന്നിട്ടുള്ളത്. പൊലീസും വീട്ടുകാരും നൂറു ശതമാനം അദ്ദേഹത്തിനു സപ്പോര്‍ട്ട് ആയിരുന്നു ഇതിന്റെ അകത്തെത്താന്‍. പൊലീസ് അറിഞ്ഞിട്ടില്ല എന്നൊന്നും പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ആദ്യ തവണ മുതല്‍ ഫോണടക്കം കയ്യില്‍ വച്ചു തന്നെയാണ് രാഹുല്‍ ഈശ്വര്‍ അകത്തു വന്നിട്ടുള്ളത്. അങ്ങിനെയൊരു റെസ്ട്രിക്ഷനൊന്നും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. എന്നെ പിന്തുണച്ചാണ് രാഹുല്‍ ഈശ്വര്‍ സംസാരിച്ചിരുന്നതെങ്കില്‍ ആദ്യത്തെ തവണയോടെ തന്നെ അദ്ദേഹത്തിന്റെ വരവ് നിര്‍ത്തിയിട്ടുണ്ടാവുമല്ലോ. മൂന്നു തവണ അദ്ദേഹം വന്നിട്ടുണ്ടെങ്കില്‍ എങ്ങിനെയായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

രാഹുല്‍ ഈശ്വര്‍ ഈശ്വര്‍ പുറത്തു പറഞ്ഞത് മറ്റൊരു കാര്യമാണ്. ഹാദിയയുടെ വിശ്വാസത്തോടൊപ്പമാണ്. അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നൊക്കെയാണ്.

ഇതിലിപ്പൊ ഞാന്‍ പറയുന്നതും വിശ്വസിക്കണ്ട, അവര്‍ പറയുന്നതും വിശ്വസിക്കണ്ട. പക്ഷേ, ടോട്ടല്‍ ഇപ്പൊ നിലനില്‍ക്കുന്ന ഒരവസ്ഥ നിങ്ങള്‍ നോക്കിയാല്‍ മതി. ഞാന്‍ നൂറുശതമാനം കള്ളിയാണ് എന്നു തന്നെയാണ് എന്‍ഐഎ എന്നോട് പറഞ്ഞത്. ഞാന്‍ പറയുന്നത് കള്ളം മാത്രാണെന്നാണ് എന്‍ഐഎ പറഞ്ഞത്. ഞാന്‍ അവരോടും പറഞ്ഞത്, ഞാന്‍ പറയുന്നത് അംഗീകരിക്കണ്ട, ഇപ്പൊ നിലനില്‍ക്കുന്ന സിറ്റുവേഷനും മറ്റും കണ്‍സിഡര്‍ ചെയ്തു മാത്രം വിശ്വസിച്ചാല്‍ മതി എന്നു തന്നെയാണ്. അതു തന്നെയാണ് ഞാന്‍ നിങ്ങളോടും പറയുന്നത്. രാഹുല്‍ ഈശ്വര്‍ മൂന്നുതവണ വന്നു, മൂന്നാമത്തെ തവണയും അദ്ദേഹത്തിനു വരാനായെങ്കില്‍ അത് ഏതു സ്റ്റാന്‍ഡില്‍ അദ്ദേഹം സംസാരിച്ചിട്ടായിരിക്കും? മൂന്നാമത്തെ തവണയും സിമ്പിളായി കയറാനായി, അതും വിത്ത് മൊബൈല്‍ ഫോണ്‍. വീഡിയോ വരെ എടുക്കാന്‍ പറ്റി.

ഘർവാപ്പസിക്കു വേണ്ടി ആളുകൾ ഹാദിയയെ സന്ദര്‍ശിച്ചിരുന്നോ?

തീര്‍ച്ചയായും. അഞ്ചും ആറും പേരു വീതമാണ് വന്നുകൊണ്ടിരുന്നത്.

അവരുടെ ആവശ്യമെന്തായിരുന്നു? തിരിച്ച് മതം മാറണം എന്നായിരുന്നോ?

തീര്‍ച്ചയായും. അല്ലാതെ സൗഹാര്‍ദ്ദ സന്ദര്‍ശനത്തിനല്ലല്ലോ അവരവിടെ ഉദ്ദേശിച്ചത്.

അവര്‍ പീഡിപ്പിച്ചിട്ടുണ്ടോ ഹാദിയയെ?

മാനസികമായി അവര്‍ പീഡിപ്പിച്ചിട്ടുണ്ട്, തീര്‍ച്ചയായും. ശാരീരികമായി അല്ലെങ്കിലും, മാനസികമായി നമുക്ക് തീരെ യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. ഇറങ്ങിപ്പോവണമെന്ന് പറയേണ്ട സാഹചര്യം വന്നിട്ട് ഇറങ്ങിപ്പോവാതിരിക്കുന്നത് നമുക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണല്ലോ?

ഇനി ഹാദിയ കോളേജില്‍ നിന്ന് എങ്ങോട്ടായിരിക്കും പോകുന്നത്? ഷെഫിന്റെ ഒപ്പമായിരിക്കുമോ?

തീരുമാനിച്ചിട്ടില്ല. എന്നാലും എത്രയും പെട്ടെന്ന് ഷെഫിനെ കാണാം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. സന്തോഷം പങ്കുവയ്ക്കണം.

ഒരു വനിതാ ദിനത്തിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. എന്താണ് പറയാനുള്ളത്?

അതെ. വലിയ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണത്. സ്ത്രീകള്‍ക്ക് ഇപ്പോഴും എന്തെങ്കിലുമൊക്കെ വിലയുണ്ട് എന്നു തോന്നിപ്പോകുന്ന ഒരു നിമിഷമാണ്. എനിക്ക് തോന്നിയിട്ടുണ്ട്, ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും വലിയ ബുദ്ധിമുട്ട് എന്തായാലും അനുഭവിക്കേണ്ടി വരുമായിരുന്നില്ല, ഒരു മതം സ്വീകരിച്ചതിന്റെ പേരില്‍. അതിനൊരു മാറ്റം ഈ ദിനത്തില്‍ തന്നെ വന്നത് പോസിറ്റീവായ കാര്യമാണ്. എല്ലാവരും സന്തോഷമായി ഇരിക്കുകയാണ്. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നൊരു വിധിയല്ലേ. ഭരണഘടനയില്‍ ഒരു പൗരന് പ്രതീക്ഷ നല്‍കുന്നൊരു വിധിയാണ് എന്നെനിക്ക് തോന്നുന്നു. ഒരുപാടുപേരുടെ സഹായത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. എങ്ങനെ നന്ദി പറയണം എന്നറിയില്ല എനിക്ക്.

അച്ഛന്‍ അശോകന്‍ പറയുന്നത്, താന്‍ യുക്തിവാദിയാണ്, മകള്‍ ഏതു മതം സ്വീകരിക്കുന്നതിലും എതിര്‍പ്പില്ല എന്നൊക്കെയാണ്. ഇക്കാര്യം സത്യവാങ്മൂലത്തിലും പറയുന്നുണ്ട്. അച്ഛന്റെ സമീപനം എന്തായിരുന്നു?

എന്നെ സുപ്രീം കോടതില്‍ ഹാജരാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പു വരെ രാത്രിയില്‍ പൂജാകര്‍മങ്ങള്‍ വരെ നടത്തുമായിരുന്നു. മൂന്നുമണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന പൂജകള്‍. അത് എന്തിനാണെന്നൊന്നും എനിക്കറിയില്ല. എന്നെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ബാത് റൂമില്‍ പോവണമെന്നു പറഞ്ഞിട്ടുപോലും വിടാത്ത ഒരു സാഹചര്യത്തില്‍, അത്രത്തോളം അടച്ചിട്ട് നിര്‍ത്തിയിട്ടുണ്ട്. എന്റെ റൂമിന്റെ മുന്നിലായിട്ടായിരുന്നു പൂജകളൊക്കെ നടത്തിയിരുന്നത്. എന്തായാലും അച്ഛനും കൂടി സമ്മതിക്കാതെ ആ പൂജകളൊന്നും നടക്കില്ല എന്തായാലും. അച്ഛന്‍ അമ്പല ദര്‍ശനം നടത്തിയിരുന്നു. ഞാന്‍ ഹിന്ദുവാണ് എന്ന് അച്ഛന്‍ തന്നെ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പൊ യുക്തിവാദിയാണ് എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ല എന്നാണ് എനിക്ക് മനസിലാവുന്നത്.

ഈ സംഭവത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ ഇടപെടല്‍ ഉണ്ടായിരുന്നോ?

ആര്‍എസ്എസിന്റെ ഇടപെടലിനെ കുറിച്ച് എനിക്ക് വ്യക്തമായൊന്നും അറിയില്ല. അതൊക്കെ ഞാന്‍ പറയേണ്ട കാര്യമുണ്ടോ എന്നും അറിയില്ല. കുമ്മനം രാജശേഖരനെയൊക്കെ വീടിന്റെ തൊട്ടപ്പുറത്ത് കണ്ടിട്ടുണ്ട്. എന്നെ നേരിട്ട് കണ്ടിട്ടില്ല ഏതായാലും.

വീട്ടിലായിരുന്നപ്പോൾ പുറത്ത് ഹാദിയയുടെ പേരിലുണ്ടായ സംഭവവികാസങ്ങൾ അറിയുന്നുണ്ടായിരുന്നോ?

പുറത്ത് എനിക്ക് വേണ്ടി നടക്കുന്നതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ വന്നപ്പോഴൊക്കെ ഞാന്‍ വിചാരിക്കുന്നത് ജനം ടിവി മാത്രമായിരിക്കും വന്നിട്ടുള്ളത് എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ഉറക്കെ വിളിച്ചു ചോദിച്ചത് ഇതേതു ചാനലാണ് എന്ന്. വേറെ ഏതെങ്കിലും ചാനല്‍ ഉണ്ടെങ്കിലല്ലേ ഞാന്‍ പറഞ്ഞിട്ട് കാര്യമുള്ളൂ. അല്ലാതെ ഞാന്‍ അവിടെ ഒച്ച വച്ചിട്ട് എന്ത് പ്രയോജനമാണുള്ളത്!

ഹാദിയയുടെ മതം മാറ്റം ഒരു ചരിത്ര സംഭവമായി. അന്താരാഷ്ട്രതലത്തിലൊക്കെ ഇത് വാര്‍ത്തയായി. ഈ വിഷയത്തില്‍ സംഘപരിവാരം എങ്ങനെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കിയത്. അവര്‍ ഹാദിയയെ ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.

അത് നൂറ് ശതമാനം ഉറപ്പല്ലേ? ഇവിടുത്തെ സംഘപരിവാര്‍ ശക്തികള്‍ എന്നെ മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷപ്രചാരണം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പല്ലേ. അവരുടെ ഇരകളല്ലേ ഇവിടത്തെ മുഴുവന്‍ മുസ്ലിം സമൂഹവും. എന്നും അവരുടെ കാല്‍ചുവട്ടിലായിരിക്കണം മുസ്ലിങ്ങള്‍ എന്നല്ലേ അവര്‍ വിചാരിക്കുന്നത് പോലും. ഇന്ന് കുറച്ചെങ്കിലും ഉയര്‍ന്നു വരാന്‍ പറ്റിയിട്ടുണ്ട് മുസ്ലിങ്ങള്‍ക്ക്. അതെന്നും അങ്ങനെ വേണം എന്നാണ് എന്റെ ആഗ്രഹവും.

ഏതെങ്കിലും മുസ്ലിം സംഘടനാ നേതാക്കള്‍ വിളിച്ചിരുന്നോ? വീട്ടിലായിരുന്നപ്പോഴും ശേഷവും?

വീട്ടിലായിരുന്നപ്പോള്‍ ആര്‍ക്കും ബന്ധപ്പെടാന്‍ പറ്റിയില്ല. ഞാന്‍ പൊതുവെ നമ്പറൊന്നും ആര്‍ക്കും ഷെയര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് പലര്‍ക്കും വിളിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഷഫിനെതിരെ എന്‍ഐഎ അന്വേഷണം തുടരുകയാണ്. കേസ് ഇതുവരെ ഒഴിവാക്കിയിട്ടില്ല. ഭാവിയില്‍ ഈ കേസ് നിങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സമുണ്ടാക്കില്ലേ?

എനിക്ക് എന്‍ഐഎയുടെ ഒരു നടപടിയിലും ഭയമില്ല. നിയമപരമായി അവര്‍ എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഷഫിനോ ഞാനോ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അതുകൊണ്ട് അവര്‍ അന്വേഷിക്കട്ടെ. എന്തായാലും ഒരു കള്ളത്തരം ഉണ്ടാക്കാത്തിടത്തോളം കാലം അവര്‍ക്ക് ഒന്നും തെളിയിക്കാനാവില്ലെന്ന് ഉറപ്പാണ്. തെറ്റായ ഒരു രീതിയിലും ഒന്നും ചെയ്തിട്ടില്ലാന്ന് ഉറപ്പാണ്.

തുടരും...

ഹാദിയയുമായുള്ള അഭിമുഖം ആദ്യ ഭാ​ഗം ഇവിടെ വായിക്കാം: ഹാദിയയുടെ ആദ്യ അഭിമുഖം നാരദയ്ക്ക്; പടച്ചവന് നന്ദി- ഭാ​ഗം ഒന്ന്


Read More >>