ഹൈക്കോടതി എന്നെ പറ്റിച്ചു. എന്താണ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ അന്ന് ചെയ്തത്?- ഹാദിയയുടെ അഭിമുഖം അവസാന ഭാ​ഗം

ഹാദിയ- ഷഫിൻ ജഹാൻ വിവാഹം അം​ഗീകരിച്ച് സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ ഡോ. ഹാദിയ നാരദ ന്യൂസിന് അനുവദിച്ച അഭിമുഖം- അവസാന ഭാ​ഗം

ഹൈക്കോടതി എന്നെ പറ്റിച്ചു. എന്താണ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ അന്ന് ചെയ്തത്?- ഹാദിയയുടെ അഭിമുഖം അവസാന ഭാ​ഗം

ഇഷ്ടമുള്ള മതം സ്വീകരിച്ച യുവതി നീതിന്യായ വ്യവസ്ഥയിലൂടെ നേടിയ വിജയമായാണ് ഇപ്പോള്‍ ഈ കേസ് നോക്കിക്കാണുന്നത്. ഇത് ഫാഷിസ്റ്റുകള്‍ ഭരിക്കുന്ന ഇന്ത്യയിലെ നീതിപീഠത്തിന്റെ വിജയമാണോ?

ഒരു സാധാരണക്കാരിയായ ഞാന്‍ ഹൈക്കോടതിയില്‍ പോയി സുപ്രീംകോടതി വരെയെത്തി. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന ചെലവാണോ ഇത്. ഒരിക്കലും പറ്റുന്നതല്ല. ശരിക്കും എന്നെ പറ്റിച്ചു ഹൈക്കോടതി... നീതിതേടി വന്ന ഒരു സാധാരണക്കാരിയെ ശരിക്കും ചീറ്റ് ചെയ്യുകയാണ് ചെയ്തത്. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ എന്താണ് അന്ന് ചെയ്തത്? അദ്ദേഹത്തിന് അന്വേഷിക്കാമായിരുന്നു. ഒരു കോടതിയിലെ ജഡ്ജിക്ക് എത്ര വേണമെങ്കിലും അന്വേഷിക്കാമല്ലോ. അദ്ദേഹത്തിന്റെ ചില ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇങ്ങനെയൊക്കെ ചെയ്തത്. അദ്ദേഹത്തിന് എന്നെ ജയിലിലടക്കാമായിരുന്നു. ഹൈക്കോടതിയുടെ തടവില്‍ ഹോസ്റ്റലില്‍ ഇടാമായിരുന്നു. വേറെ ആര്‍ക്കൊക്കെയോ വേണ്ടി വിട്ടുകൊടുക്കുകയാണ് ചെയ്തത്. എന്തു സംരക്ഷണമാണ് എനിക്ക് വേണ്ടി അവിടെ നല്‍കാന്‍ പറ്റിയത്. ഒന്നും രണ്ടും ദിവസമല്ല ആറു മാസം. അതും കൊച്ചു കുട്ടിയല്ലല്ലോ. ഇത്രയും പ്രായമില്ലേ. അതെങ്കിലും പരിഗണിക്കാമായിരുന്നല്ലോ. ഒരിക്കലെങ്കിലും ചോദിക്കാമായിരുന്നല്ലോ. മാനസികമായോ മറ്റോ ഫിറ്റ് അല്ലെന്ന് തോന്നുന്നെങ്കില്‍ ഡോക്ടര്‍മാരുണ്ടല്ലോ. അവരെ വച്ച് തീരുമാനിക്കാമായിരുന്നല്ലോ. എന്നിട്ടല്ലേ നടപടി സ്വീകരിക്കേണ്ടത്.

ഹാദിയക്ക് മനോരോഗമാണെന്നും ഹാദിയയെ ബ്രെയ്ന്‍ വാഷ് ചെയ്തതാണെന്നുമൊക്കെ പറഞ്ഞത് കേട്ടിരുന്നോ?

ബ്രേയിന്‍ വാഷ് എന്നത് എന്താണെന്നത് എനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ എന്നെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് ഞാന്‍ വീട്ടിലിരുന്ന സമയങ്ങളിലാണ്. ഒരു കൂട്ടം ആള്‍ക്കാര്‍. എനിക്ക് പേര് പോലും അറിയാത്ത, പറയാനാഗ്രഹിക്കാത്ത സൈക്യാട്രി ഡോക്ടര്‍ വന്ന് സനാതന ധര്‍മ്മത്തെക്കുറിച്ച് എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്.

ആരാണ് വന്നത്? എന്താണ് പറഞ്ഞത്?

ആരാണ് എന്ന് എനിക്ക് അറിയില്ല. എന്നും വരുമായിരുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച്, ആറു മണി വരെ നില്‍ക്കലുണ്ട്. ശിവശക്തി യോഗാ സെന്ററില്‍ നിന്നുള്ള ആള്‍ക്കാര്. നമുക്ക് താല്‍പ്പര്യമില്ലാത്ത വിഷയത്തക്കുറിച്ച് തന്നെ കേള്‍ക്കേണ്ടി വരുന്ന, അല്ലെങ്കില്‍ നമ്മള്‍ ശരിയെന്ന് പൂര്‍ണമായി വിശ്വസിക്കുന്നതിനെക്കുറിച്ച് ഏറ്റവും മോശമായി സ്ഥിരമായി ദിവസവും രാവിലെ മുതല്‍ കേള്‍ക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എനിക്ക് പറഞ്ഞറിയിക്കാനാവില്ല. അപ്പോഴും ഞാന്‍ ഫ്രീ ആയിരുന്നുവെന്നും എനിക്കൊരു കുഴപ്പവുമില്ലെന്നും പൊലീസ് റിപോര്‍ട്ട് കൊടുത്തിട്ടുണ്ട്. അപ്പോള്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമൊക്കെ എവിടെയായിരുന്നു. ഇതിനൊന്നും ഒരു മുന്‍ഗണനയുമില്ലെന്ന് മനസ്സിലായത് വീട്ടില്‍ പുറംലോകം കാണാതെ കിടന്നപ്പോഴാണ്.

അമ്മയോട് പിന്നീട് സംസാരിച്ചിരുന്നോ?

ഇവിടെ വന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയോട് സംസാരിച്ചിരുന്നു. ദിവസം കൃത്യമായിട്ട് ഓര്‍ക്കുന്നില്ല. അമ്മയുമായി 'ഭക്ഷണം കഴിച്ചോ' അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളാണ് സംസാരിച്ചത്.

സുപ്രീംകോടതിയില്‍ ഹാദിയയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കി. എന്തായിരുന്നു ആ പരാമര്‍ശം?

അദ്ദേഹം എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട് എന്നതാണല്ലോ. അതല്ലേ വേണ്ടാന്ന് വച്ച് കോടതിയില്‍ തന്നെ നിര്‍ത്തിയത്.

ഹാദിയ സിറിയയിലേക്ക് പോവാനാണ് മതം മാറിയതെന്ന തരത്തില്‍ ഒരു വോയസ് ക്ലിപ്പ് വെച്ച് പ്രചാരണം ഉണ്ടായിരുന്നു. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

ഞാന്‍ പറയുന്ന ആ വോയ്‌സ് ക്ലിപ് പൂര്‍ണമായും കേള്‍ക്കുക. അതിന്റെ കുറച്ച് കട്ട് ചെയ്ത ഭാഗം മാത്രം കേള്‍ക്കാതിരിക്കുക. ഞാന്‍ സിറിയയെക്കുറിച്ച് കേള്‍ക്കുന്നത് ഈ കേസ് തുടങ്ങിയതിന് ശേഷമാണ്. അല്ലാതെ സിറിയയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല. പിന്നെ അച്ഛന്‍ ഫോണ്‍ വിളിക്കുമ്പോള്‍ എപ്പോഴും പറയും സിറിയയില്‍ പോവുകയല്ലേ എന്ന്. ലാസ്റ്റ് എന്താണ് എവിടെയാണ് ഈ സിറിയ എന്ന് ചോദിച്ചതിന്റെ ഇടയിലാണ്, സമാധാനിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. അതാണ് ഞാന്‍ പറയുന്നത് ആ വോയ്‌സ് ക്ലിപ് കേള്‍ക്കുക. ഹൈക്കോടതി അതുകൊണ്ടാണ് അത് തള്ളക്കളഞ്ഞത്.

വീട്ടിലായിരുന്നപ്പോള്‍ പൊലീസ് ഏജന്‍സിയുടെ ഭാഗത്തു നിന്ന് അനുകൂല സമീപനങ്ങള്‍ ഉണ്ടായിരുന്നോ?

കേരള പൊലീസ് അനുകൂലമാണെന്ന് എനിക്ക് എന്തായാലും തോന്നിയിട്ടില്ല. ക്രൈംബ്രാഞ്ച് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് ഇറിറ്റേറ്റ് ചെയ്തിട്ടുണ്ട്. കുറേ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങള്‍. പക്ഷേ അവര്‍ സത്യത്തിന്റെ ഭാഗത്താണ് നിന്നതെന്ന് ഫീല്‍ ചെയ്തു. പക്ഷേ ഒരംശം പോലും സത്യമില്ലാത്ത നുണയുടെ പുതിയൊരു ലോകം നിര്‍മിച്ചെടുത്തത് എന്‍ഐഎ ആയിരുന്നു. ഒരു കാര്യവുമാല്ലാത്ത കാര്യങ്ങളായിരുന്നു അവര്‍ ചോദിച്ചത്. കോളേജില്‍ പോയപ്പോള്‍ ഫ്രണ്ട്‌സിന് ചോക്ലേറ്റ് കൊടുത്തോ. അന്ന് എക്‌സ്ട്രീം ഹാപ്പി ആയിരുന്നോ.. ഇതിനൊക്കെ എന്താ റിപ്ലേ കൊടുക്കേണ്ടതെന്ന് എനിക്ക് അറിയില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രേഖാ ശര്‍മ വന്ന് കണ്ടിരുന്നുവല്ലോ? എന്താണ് സംസാരിച്ചത്?

അച്ഛനെയും അമ്മയെയും പുറത്തിറക്കി നിര്‍ത്തിയിട്ടാണ് എന്നെ കാണാന്‍ വന്നതാണ്. കുഴപ്പമൊന്നുമില്ല പേടിക്കണ്ട എന്ന രീതിയിലാണ് അവരൊക്കെ സംസാരിച്ചത്. വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ പറഞ്ഞു, അച്ഛനവിടെയുണ്ടായിരുന്നു, ഞാന്‍ പറഞ്ഞു ഷഫിന്‍ ജഹാന്‍ എന്റെ ഹസ്ബന്‍ഡാണ് ഞാന്‍ അതില്‍ നിന്ന് മാറില്ല എന്ന്. ആ ഒരു രീതിയിലാണ് പറഞ്ഞത്.

ഹാദിയ വിഷയത്തോട് ചേര്‍ത്ത് വച്ച ഒന്നായിരുന്നു ലൗ ജിഹാദ് ആരോപണം. അല്ലെങ്കില്‍ ലൗ ജിഹാദിന്റെ ഉദാഹരണമാണ് ഹാദിയ എന്നായിരുന്നു പ്രചാരണം. ഇപ്പോഴും ദേശീയതലത്തില്‍ വാര്‍ത്ത വരുന്നത് കേരള ലൗജിഹാദ് എന്ന പേരിലാണ്. ഇത് എത്രത്തോളം ശരിയാണ്?

ഇതില്‍ ഒരംശമെങ്കിലും ശരിയാണോ? പണ്ടും ഞാനാലോചിക്കാറുണ്ട് ഇങ്ങനെ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എനിക്കങ്ങനെ തോന്നുന്നില്ല. ഇസ്ലാമില്‍ വിശ്വസിച്ച് നേരായ രീതിയില്‍ കല്യാണം കഴിച്ച എന്നെ എന്തിനാണ് ലൗജിഹാദ് എന്ന് വിളിക്കുന്നത്? അങ്ങനെയെങ്കില്‍ അവര്‍ എല്ലാവരെയും അങ്ങനെയായിരിക്കുമോ വിളിക്കുന്നത്? അതില്‍ ഒരു കഴമ്പുമില്ല എന്ന കാര്യം ഉറപ്പാണ്. എന്റെ അനുഭവം കൊണ്ട് എനിക്കത് പറയാന്‍ സാധിക്കും.

എന്താണ് ഇപ്പോഴത്തെ അവസ്ഥ? പഠനം പൂര്‍ത്തിയാവാറായോ?

ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്. ജോയിന്‍ ചെയ്തിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ. ജനുവരി 29നാണ് ജോയിന്‍ ചെയ്യുന്നത്.

പൊലീസ് കൂടെ ഇല്ലേ? പതിവുചര്യകള്‍ക്ക് അത് ഒരു തടസ്സമാവുന്നുണ്ടോ?

ഇവിടെ ബുദ്ധിമുട്ടൊന്നുമില്ല. കേരള പൊലിസിനെ പോലെ ഹാര്‍ഡ് ഒന്നുമല്ല. തമിഴ്‌നാട് പൊലീസ് സോഫ്റ്റാണ്. യൂണിഫോമിലൊന്നുമല്ല. ഒരുപാട് സഹായങ്ങളൊക്കെയുണ്ട്. അവര്‍ വളരെ ഫ്രണ്ട്‌ലിയാണ്.

ഹാദിയയുടെ ജീവന് ഭീഷണിയുണ്ടോ? എന്ത് തോന്നുന്നു?

ഞാന്‍ എന്താ പറയുക. എനിക്ക് അറിയില്ല അതിനെപ്പറ്റി.

ഹാദിയയുടെ മതംമാറ്റം ചരിത്രസംഭവമാണെന്ന് അടയാളപ്പെടുത്തപ്പെടുന്നു. പലരും ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കൊക്കെ ഹാദിയയുടെ പേര് ഇടുന്നു.....

ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഉമ്മമാര്‍ കുട്ടികള്‍ക്ക് അങ്ങനെ പേരൊന്നും വെക്കേണ്ട. ഞാന്‍ അത്രയ്ക്കു വലിയ ആളൊന്നുമല്ല. ചരിത്രം നോക്കിയാല്‍ ഞാന്‍ അത്രയൊന്നും ബുദ്ധിയമുട്ടിയിട്ടില്ല. അതാണ് സത്യം. പടച്ചവന്‍ സഹായിച്ച് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണെന്നാന്നും പറയാന്‍ പറ്റില്ല. പടച്ചവന്‍ എന്നെ കഷ്ടപ്പെടുത്തിയെെന്നാന്നും പറയാന്‍ എനിക്ക് ഇഷ്ടമല്ല. ഞാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞത് ഞാന്‍ വിശ്വാസത്തിന്റെ സൈഡില്‍ നിന്നു പറഞ്ഞതാണ്. ഇസ്ലാമിക ചരിത്ര പ്രകാരം പണ്ട് ധാരാളം പേര്‍ കഷ്ടപ്പെട്ടിട്ടില്ലെ. പക്ഷേ, ഞാന്‍ അത്രത്തോളം കഷ്ടപ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഞാന്‍ കഷ്ടപ്പെട്ടത് ആ ഒരു കാലവുമായി താരതമ്യം ചെയ്ത് എനിക്ക് പറയാന്‍ പറ്റില്ല.


Read More >>