NARADA EXCLUSIVE പള്ളിക്കെട്ടിടം സീൽ ചെയ്തത് വീട്ടിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിനാൽ എന്ന വിചിത്ര വാദവുമായി ഹരിയാന പൊലീസ്; അഞ്ച് വർഷമായി നിസ്കാരം നടത്തുന്ന പള്ളിയെന്ന് പ്രദേശവാസികൾ

സമീപത്തെ പലരോടും നാരദാ ന്യുസ് സംഘം സംസാരിച്ചെങ്കിലും പലരും സംസാരിക്കാൻ തന്നെ ഭയപ്പെടുകയാണ്.

NARADA EXCLUSIVE പള്ളിക്കെട്ടിടം സീൽ ചെയ്തത് വീട്ടിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിനാൽ എന്ന വിചിത്ര വാദവുമായി ഹരിയാന പൊലീസ്; അഞ്ച് വർഷമായി നിസ്കാരം നടത്തുന്ന പള്ളിയെന്ന് പ്രദേശവാസികൾ

ഹരിയാനയിലെ ഗുർഗാവോൺ ശീതള മാതാ കോളനിയിലെ എയർ ഫോഴ്‌സ് യൂണിറ്റിന് സമീപം മുസ്ലിം പള്ളി അടച്ചു പൂട്ടിയ സംഭവത്തിൽ പുതിയ വിശദീകരണവുമായി പൊലീസ്. എയർ ഫോഴ്‌സ് യൂണിറ്റിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയമാണ് എന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ദിവസം അധികൃതർ പള്ളി സീൽ ചെയ്തത്. എന്നാൽ വീട്ടിൽ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് ആളുകളെ വിളിച്ചു ചേർത്തതിനാലാണ് കെട്ടിടം സീൽ ചെയ്തതെന്നും ഇത് ആരാധാനാലയം അല്ല, വീട് മാത്രമാണെന്നുമുള്ള മറുപടിയാണ് പൊലീസ് നൽകുന്നത്. പ്രദേശത്ത് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നുവെന്ന കാരണം പറഞ്ഞ് മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ പള്ളി സ്ഥിതി ചെയ്യുന്ന തെരുവിലേക്ക് പൊലീസ് കടത്തിവിടുന്നില്ല. കെട്ടിടത്തിന്റെ ചിത്രങ്ങൾ പകർത്താനോ നാരദാ ന്യുസ് സംഘത്തെയും പൊലീസ് അനുവദിച്ചില്ല.

എന്നാൽ കോളനിയിലെ രണ്ടു ശതമാനത്തിൽ താഴെ വരുന്ന മുസ്ലിം മതവിശ്വാസികൾ കഴിഞ്ഞ അഞ്ച് വർഷമായി നിസ്കാരത്തിനു ഉപയോഗിച്ചുവരുന്ന സ്ഥാപനമാണ് ഇതെന്ന് ശീതള മാതാ ക്ഷേത്രത്തിനു സമീപം ആക്രിസാധനങ്ങളുടെ കച്ചവടം നടത്തുന്ന അബ്ദുൾ നിസാർ നാരദാ ന്യുസിനോട് പറഞ്ഞു. ഇത് വീടാണെന്ന വാദം തെറ്റാണ്. ഇവിടെ പള്ളി ഇമാം മാത്രമാണ് താമസിക്കുന്നത്. മദ്രസയോ മറ്റു സ്ഥാപനങ്ങളോ ഇവിടെ പ്രവർത്തിക്കുന്നില്ല. കോളനിയിലെ മുസ്ലിങ്ങൾ അഞ്ച് നേരം നിസ്കരിക്കാൻ വേണ്ടി മാത്രമാണ് ഇവിടം ഉപയോഗിക്കുന്നതെന്നും നിസാർ വ്യക്തമാക്കുന്നു.കെട്ടിടം സീൽ ചെയ്തതിനെത്തുടർന്ന് നിസ്കാരം മുടങ്ങിയെന്നും ഇന്ന് പുലർച്ചെ പള്ളിക്കു മുന്നിലെ റോഡിലാണ് നിസ്കാരം നിർവഹിച്ചതെന്നും നിസാർ ദുഖത്തോടെ വിശദീകരിക്കുന്നു.

രണ്ടു വർഷം മുൻപ് കെട്ടിടത്തിന്റെ പലഭാഗങ്ങളും പുതുക്കിപ്പണിഞ്ഞിരുന്നു. എന്നാൽ രണ്ടു മാസത്തോളമായി ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. വളരെ താഴ്ന്ന ശബ്ദത്തിൽ പ്രവർത്തിക്കുന്ന ഉച്ചഭാഷിണിയാണിത്. ഹിന്ദുക്കളും മുസ്ലീങ്ങളും തലമുറകളായി സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന പ്രദേശത്ത് ഉച്ചഭാഷിണി ശബ്ദം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നും നിസാർ വ്യക്തമാക്കുന്നു. പ്രശ്നമുണ്ടാക്കിയത് പുറത്തുനിന്നു എത്തിയവരാണ്. ബാങ്ക് വിളിക്കെതിരെ പ്രശ്നമുണ്ടാക്കിയത് മുസഫർപുരിൽ നിന്നും എത്തിയ ആളുടെ നേതൃത്വത്തിലാണെന്നും നിസാർ വിശദീകരിക്കുന്നു.

സമീപത്തെ പലരോടും നാരദാ ന്യുസ് സംഘം സംസാരിച്ചെങ്കിലും പലരും സംസാരിക്കാൻ തന്നെ ഭയപ്പെടുകയാണ്. നേരത്തെ സാമുദായിക സംഘര്ഷങ്ങളൊന്നും തന്നെ നടന്നിട്ടില്ലാത്ത കോളനിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. സാമുദായിക സംഘർഷത്തിനോ അതിലേക്ക് നയിക്കുന്ന കാര്യങ്ങളിലോ കോളനിവാസികളായ ഹിന്ദുക്കൾക്കും താത്പര്യമില്ല. രണ്ട് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവൽ നിൽക്കുന്നത്. ഹരിയാന പൊലീസിന്റെ ദ്രുതകർമ സേനാ വാഹനവും ജലപീരങ്കിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ശീതള മാതാ കോളനിക്ക് ആ പേര് വരാൻ തന്നെ കാരണമായ പ്രശസ്തമായ ശീതള മാതാ ക്ഷേത്രം ഉൾപ്പെടെ ഇരുപതോളം ക്ഷേത്രങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. എയർഫോഴ്സ് യൂണിറ്റിന്റെ പ്രധാന ഗെയ്റ്റിനോട് ചേർന്ന് കോംബൗണ്ടിൽ തന്നെ ഒരു ക്ഷേത്രമുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും പ്രതിദിനം ഉച്ചഭാഷിണി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

അനധികൃത കെട്ടിടങ്ങൾ സീൽ ചെയ്യുന്ന കൂട്ടത്തിലാണ് പള്ളിക്കെതിരെയും നടപടി സ്വീകരിച്ചതെന്ന അധികൃതരുടെ വാദവും പൊളിയുകയാണ്. എയർഫോഴ്സ് യുണിറ്റ് മുതൽ ശീതൾ മാതാ ക്ഷേത്രം വരെയുള്ള റോഡിൽ ഇരുവശവുമായി പത്ത് മീറ്ററോളം പിഡബ്ല്യൂഡി സ്ഥലം കയറി വലുതും ചറുതുമായ നിരവധി കച്ചവട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ശല്യമുണ്ടാവുന്ന ഈ നിർമാണങ്ങൾ നീക്കം ചെയ്യാൻ താത്പര്യം കാട്ടാത്ത അധികൃതരാണ്, അനധികൃത നിര്മാണമെന്ന പേര് പറഞ്ഞ് പള്ളി സീൽ ചെയ്തിരിക്കുന്നത്.

Story by