സാമ്പത്തിക സംവരണം: അഞ്ചു ശതമാനത്തിലുറച്ച് ഗുജ്ജറുകൾ; രാജസ്ഥാനിൽ സമരം ശക്തം

രാജസ്ഥാനിലെ സവായ് മധോപൂരിൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിൽ പ്രതിഷേധിക്കുന്നതിനെ തുടർന്ന് അഞ്ച് ട്രെയിനുകൾ റദ്ദാക്കുകയും 15ഓളം ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക സംവരണം: അഞ്ചു ശതമാനത്തിലുറച്ച് ഗുജ്ജറുകൾ; രാജസ്ഥാനിൽ സമരം ശക്തം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംരവണ സമരം ശക്തമാക്കി രാജസ്ഥാനിലെ ഗുജ്ജർ വിഭാഗക്കാർ. സംസ്ഥാന സർക്കാരിന്റെ അഞ്ച് ശതമാനം സംവരണം എന്ന വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയാണ് ഗുജ്ജർ സമുദായക്കാർ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്.

രാജസ്ഥാനിലെ സവായ് മധോപൂരിൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിൽ പ്രതിഷേധിക്കുന്നതിനെ തുടർന്ന് അഞ്ച് ട്രെയിനുകൾ റദ്ദാക്കുകയും 15ഓളം ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടർന്ന് രാജസ്ഥാനിലെ ഏഴോളം ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അക്രമാസക്തമാകുമെന്ന് കരുതുന്നില്ല. എങ്കിലും സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ഡിജിപി കപിൽ ഗാഡ് അറിയിച്ചു.

ഗുജ്ജാർ സംവരണ സമര നേതാവ് കിറോറി സിംഗ് ബെൻസാലയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. 10 ശതമാനം സാമ്പത്തിക സംവരണം നൽകാമെങ്കിൽ എന്തുകൊണ്ടാണ് ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം നൽകാൻ മടിക്കുന്നതെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം. വിദ്യാഭ്യാസത്തിലും, തൊഴിലിനും ഞങ്ങൾക്ക് 5 ശതമാനം സംവരണം വേണം, ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ‌ തയാറാകുന്നില്ല, ഇതോടെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് കിറോറി സിംഗ് വ്യക്തമാക്കി. അതേസമയം ഗുജ്ജർ സമര നേതാക്കളുമായി സംസാരിക്കാൻ സർക്കാർ മൂന്നംഗ മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

ഗുജ്ജറുകളുടെ പ്രതിഷേധത്തെ തുടർന്ന് 2017ലാണ് രാജസ്ഥാൻ സർക്കാർ അഞ്ച് ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്നത്. മറ്റ് പിന്നോക്ക വിഭാഗക്കാർക്കുള്ള സംവരണം 21 ൽനിന്ന് 26 ശതമാനമായി ഉയർത്തുകയും ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ആകെ സംവരണം 50ന് മുകളിലായതോടെ രാജസ്ഥാൻ ഹൈക്കോടതി ഈ നീക്കം തടയുകയായിരുന്നു. 2007ൽ സംവരണം ആവശ്യപ്പെട്ട് ഗുജ്ജറുകൾ നടത്തിയ പ്രക്ഷോഭത്തിൽ 70ഓളം പേർ കൊല്ലപ്പെട്ടിരുന്നു.